യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടം; ആയാക്സിന് ബ്രൈറ്റണിന്റെയും മാഴ്സെയുടെയും വെല്ലുവിളി

യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിന്റെ ചിത്രം തെളിഞ്ഞപ്പോൾ ഗ്ലാമർ പോരാട്ടങ്ങൾ ഒരുക്കി ഗ്രൂപ്പ് ബി. തങ്ങളുടെ ആദ്യ യുറോപ്യൻ പോരാട്ടത്തിന് എത്തുന്ന ബ്രൈറ്റണിന്, മുൻ യുറോപ്യൻ ചാമ്പ്യന്മാരായ അയാക്സ്, ഒളിമ്പിക് മാഴ്സെ എന്നിവരെ കൂടാതെ എഈകെ ആഥെൻസിനും ഒപ്പമാണ് സ്ഥാനം ലഭിച്ചിരിക്കുന്നത്. വമ്പൻ പോരാട്ടങ്ങൾക്ക് കെൽപ്പുള്ളതാണ് ഈ ഗ്രൂപ്പ് എന്നതിൽ സംശയമില്ല. കോൺഫറൻസ് ലീഗ്‌ ചാമ്പ്യന്മാരായ വെസ്റ്റ്ഹമിനൊപ്പം ഗ്രൂപ്പ് എയിൽ ഒളിമ്പിയാകോസ്, ഫ്രീബർഗ് എന്നിവരുണ്ട്. ലിവർപൂളിന് താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പ് ആണ്.

ലെവർകൂസൻ, റോമ എന്നിവർക്കും ഗ്രൂപ്പ് ഘട്ടത്തിൽ വെല്ലുവിളി ഉയരാൻ സാധ്യതയില്ല. മുൻ ചാംപ്യന്മാരായ വിയ്യാറയലിന് റെന്നെ, മക്കബി ഹൈഫ, പനതിനയ്കോസ് എന്നിവരെ നേരിടണം. ഗ്രൂപ്പ് ഡിയിൽ അറ്റലാന്റക്കൊപ്പം സ്പോർട്ടിങ്ങും ഉൾപ്പെട്ടു. ഗ്രൂപ്പ് സിയിൽ റേഞ്ചേഴ്‌സ്, റയൽ ബെറ്റിസ് എന്നിവർ മുഖാ മുഖം വരും.

യൂറോപ്പ ലീഗ് ഗ്രൂപ്പ്;

ഗ്രൂപ്പ് എ: വെസ്റ്റ്ഹാം, ഒളിമ്പിയാകോസ്, ഫ്രീബർഗ്, ബക്കാ ടോപ്പോലാ
ഗ്രൂപ്പ് ബി: അയാക്സ്, ഒളിമ്പിക് മാഴ്‌സെ, ബ്രൈറ്റൺ, എഈകെ ആഥെൻസ്
ഗ്രൂപ്പ് സി: റേഞ്ചേഴ്‌സ്, റയൽ ബെറ്റിസ്, സ്പർടാ പ്രാഗ്, അരിസ് ലിമാസോൾ
ഗ്രൂപ്പ് ഡി: അറ്റലാന്റ, സ്പോർട്ടിങ്, സ്റ്റം ഗ്രാസ്, റോക്കോ ചെസ്ടോകൊവ
ഗ്രൂപ്പ് ഈ: ലിവർപൂൾ, ലിൻസർ അത്ലറ്റിക്, യൂണിയൻ എസ്ജി, ടോളൂസെ,
ഗ്രൂപ്പ് എഫ്: വിയ്യാറയൽ, റെന്നെ, മക്കബി ഹൈഫ, പനതിനായ്കോസ്
ഗ്രൂപ്പ് ജി: എഎസ് റോമാ, സ്ലാവിയ പ്രാഗ്, ഷെരീഫ് റ്റിരാസ്പോൾ, സെർവെറ്റ്
ഗ്രൂപ്പ് എച്: ബയേർ ലെവർകൂസൻ, ക്വാരാബാഗ്, മോൽദെ, ഹാഖൻ

റഫറിക്ക് എതിരായ പരാമർശം, ജോസെ മൗറീന്യോക്ക് 4 മത്സരങ്ങളിൽ വിലക്ക്

യൂറോപ്പ ലീഗ് ഫൈനലിന് ഇടയിലും ശേഷവും റഫറി ആന്റണി ടെയ്ലറിന് എതിരായ പരാമർശത്തിൽ റോമ പരിശീലകൻ ജോസെ മൗറീന്യോക്ക് 4 യൂറോപ്യൻ മത്സരങ്ങളിൽ വിലക്ക്. റഫറിക്ക് എതിരെ മോശമായ ഭാഷ മൗറീന്യോ ഉപയോഗിച്ചിരുന്നു.

സെവിയ്യക്ക് എതിരെ തോറ്റ മത്സര ശേഷവും മൗറീന്യോ റഫറിയെ കാത്ത് നിന്നു ചോദ്യം ചെയ്തിരുന്നു. തുടർന്ന് റോമ ആരാധകർ എയർപോർട്ടിൽ ഇംഗ്ലീഷ് റഫറി ആന്റണി ടെയ്ലറിനും കുടുംബത്തിനും എതിരെ കയ്യേറ്റശ്രമം നടത്തിയതും വിവാദം ആയിരുന്നു.

ഏത് ജോസെ വന്നാലും യൂറോപ്പ ലീഗ് സെവിയ്യക്ക് തന്നെ!! ഏഴാം കിരീടം

ജോസെ അല്ല ആരു വന്നാലും യൂറോപ്പ ലീഗ് സെവിയ്യയുടേതാണ് എന്ന് പറയാം. ഏഴാം യൂറോപ്പ ലീഗ് കിരീടമാണ് ബുഡാപെസ്റ്റിൽ സെവിയ്യ ഉയർത്തിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ റോമയെ അവർ പരാജയപ്പെടുത്തി. റോമ പരിശീലകൻ ജോസെ മൗറീനോയുടെ യൂറോപ്യൻ ഫൈനലിലെ ആദ്യ തോൽവി കൂടെ ഇതിലൂടെ സംഭവിച്ചു.

ഇന്ന് ബുഡാപെസ്റ്റിലെ പുസ്കസ് അരീനയിൽ കൃത്യമായ പ്ലാനുകളുമായാണ് ജോസെ മൗറീനോ ഇറങ്ങിയത്. എല്ലാവരെയും സർപ്രൈസ് ചെയ്ത് ഡിബാലയെ റോമ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. ഡിഫൻസിൽ ഊന്നി കളിച്ച റോമ സെവിയ്യക്ക് താളം നൽകാതിരിക്കാൻ ആണ് ശ്രമിച്ചത്. മത്സരത്തിന്റെ 34 ആം മിനുട്ടിൽ ഡിബാലയിലൂടെ തന്നെ റോമ ലീഡ് എടുത്തു. മധ്യനിരയിൽ നിന്ന് മാഞ്ചിനി നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഡിബാല മൊറോക്കൻ ഗോൾകീപ്പർ ബോണോയെ മറികടന്ന് പന്ത് ലക്ഷ്യത്തിൽ എത്തി. 1-0

ഈ ലീഡ് റോമ ആദ്യ പകുതി അവസാനിക്കും വ്രെ നിലനിർത്തി. ഇടക്ക് റാകിറ്റിചിന്റെ ഒരു ഷോട്ട് പോസ്റ്റിൽ ഇടിച്ച് മടങ്ങിയതായിരുന്നു സെവിയ്യയുടെ മികച്ച അവസരം. രണ്ടാം പകുതിയിൽ സെവിയ്യ കളി മെച്ചപ്പെടുത്തി. 55ആം മിനുട്ടിൽ അവർ അവരുടെ നീക്കങ്ങളുടെ ഫലവും കണ്ടു. നെവസിന്റെ ഒരു ക്രോസ് മാഞ്ചിനിയിലൂടെ സെൽഫ് ഗോളായി. സ്കോർ 1-1.

പിന്നീട് 90 മിനുട്ട് വരെ ഗോൾ വന്നില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിലും വിജയ ഗോൾ വന്നില്ല. തുടർന്ന് ഷൂട്ടൗട്ടിലേക്ക് കളി എത്തി. അവിടെ സെവിയ്യ റോമയെ 4-1ന് വീഴ്ത്തി ഒരിക്കൽ കൂടെ യൂറോപ്പ കിരീടത്തിൽ മുത്തമിട്ടു. ലോകകപ്പിൽ മൊറോക്കോയുടെ ഹീറോ ആയ ബോണോ ആണ് ഫൈനലിൽ സെവിയ്യയുടെയും ഹീറോ ആയി മാറിയത്‌

സെവിയ്യ വീണ്ടും യൂറോപ്പ ലീഗ് ഫൈനലിൽ, യുവന്റസിനെ പുറത്താക്കി

യൂറോപ്പ ലീഗ് സെവിയ്യയുടെ സ്വന്തം ടൂർണമെന്റ് തന്നെ. അവർ ഒരിക്കൽ കൂടെ യൂറോപ്പ ലീഗ് ഫൈനലിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ 2-1ന് യുവന്റസിനെ തോൽപ്പിച്ചതോടെയാണ് സെവിയ്യ ഫൈനൽ ഉറപ്പിച്ചത്‌. ആദ്യ പാദം 1-1 എന്നായിരുന്നു അവസാനിച്ചത്. അഗ്രിഗേറ്റ് സ്കോർ 3-2ന് സെവിയ്യ വിജയിച്ചു‌. സെവിയ്യയുടെ ഏഴാം യൂറോപ്പ ലീഗ് ഫൈനൽ ആണിത്‌.

ഇന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ വ്ലാഹോവിചിന്റെ ഗോളിലൂടെ യുവന്റസ് ആയിരുന്നു ലീഡ് എടുത്തത്. 71ആം മിനുട്ടിൽ സുസോയിലൂടെ അവർ തിരിച്ചടിച്ചു. സ്കോർ 1-1. തുടർന്ന് കളി എക്സ്ട്രാ ടൈമിൽ എത്തി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ലമേലയിലൂടെ സെവിയ്യക്ക് ലീഡ് നൽകിയ ഗോൾ. ഈ ഗോൾ വിജയ ഗോളായും മാറി.

ലെവർകൂസനെ തോൽപ്പിച്ച് ഫൈനൽ ഉറപ്പിച്ച റോമയാകും സെവിയ്യയുടെ ഫൈനലിലെ എതിരാളികൾ.

യൂറോപ്പ ലീഗ്; ഫൈനൽ ഉറപ്പിക്കാൻ റോമ, സമനില കെട്ട് പൊട്ടിക്കാൻ സെവിയ്യയും യുവന്റസും

യൂറോപ്പ ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ റമോൻ സാഞ്ചസിൽ സെവിയ്യ യുവന്റസിനെ വരവേൽക്കുമ്പോൾ ലെവർകൂസന് സ്വന്തം തട്ടത്തിൽ മൗറിഞ്ഞോയുടെ റോമ എതിരാളികൾ. ആദ്യ പാദം കൃത്യമായ സൂചനകൾ ഒന്നും തന്നില്ലെങ്കിലും ഒരു ഗോൾ ലീഡുമായി എത്തുന്ന റോമക്ക് മാത്രമാണ് ഇതുവരെ ആശ്വസിക്കാൻ ഉള്ളത്. വെള്ളിയാഴ്‌ച പുലർച്ചെ 12.30ന് ആരംഭിക്കുന്ന മത്സരങ്ങൾ ബുഡാപെസ്റ്റിലെ പുഷ്‌കാസ് അറീനയിൽ വെച്ച് നടക്കുന്ന ഫൈനലിസ്റ്റുകളെ തീരുമാനിക്കും.

ചാമ്പ്യൻസ് ലീഗിൽ എന്ന പോലെ ഇറ്റാലിയൻ ടീമുകളുടെ മുന്നേറ്റം ആണ് യൂറോപ്പ ലീഗ് സെമിയിലും കണ്ടത്. എന്നാൽ യൂറോപ്പ ഫൈനലിൽ ഇറ്റാലിയൻ ടീം ഉണ്ടാവുമോ എന്നറിയാൻ ഇനിയും കാത്തിരിക്കണം. സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ലെവർകൂസനെ കീഴടക്കാൻ റോമക്ക് സാധിച്ചു. എഡ്വാർഡോ ബോവേ കുറിച്ച ഗോളിന്റെ ആനുകൂല്യത്തിൽ ആണ് റോമ ലെവർകൂസനെ നേരിടാൻ എത്തുന്നത്. രണ്ടാം പാദത്തിലും നിർണായകനാവാൻ പോകുന്നത് മൗറീഞ്ഞോയുടെ തന്ത്രങ്ങൾ തന്നെ ആവും. പരിക്കേറ്റിരുന്ന ഡൈബാല, ക്രിസ് സ്മാളിങ് എന്നിവർ കഴിഞ്ഞ ദിവസം ടീമിനോടൊപ്പം പരിശീലനം നടത്തിയിരുന്നു. അതേ സമയം സ്വന്തം തട്ടകത്തിൽ റോമയെ വീഴ്ത്താൻ സാധിക്കും എന്ന ആത്മവിശ്വാസത്തിൽ ആവും സാബി ആലോൻസോയും സംഘവും. അതേ സമയം ലീഗിൽ സ്റ്റുഗർട്ടിനോട് സമനിലയിൽ കുരുങ്ങിയ ശേഷമാണ് ലെവർകൂസൻ മത്സരത്തിന് എത്തുന്നത്. റോമയും ബൊളോഗ്നക്കെതിരെ ഗോൾ രഹിത സമനിലയിൽ കുരുങ്ങിയിരുന്നു. സെമിയിൽ ടാമി അബ്രഹാം അടക്കമുള്ള മുൻനിര ഫോമാവുന്നതിനാണ് റോമ ഉറ്റു നോക്കുന്നത്. ഡൈബാലക്ക് കളത്തിൽ ഇറങ്ങാൻ കഴിയുന്ന സമയവും നിർണായകമാവും.

യുവന്റസിന്റെ തട്ടകത്തിൽ ആദ്യം ലീഡ് എടുത്തു ഞെട്ടിച്ച സെവിയ്യക്ക് പക്ഷെ, കണക്ക് കൂട്ടലുകൾ എല്ലാം പിഴച്ചു കൊണ്ട് ഇഞ്ചുറി ടൈമിൽ യുവന്റസ് സമനില ഗോൾ നേടുന്നതിനും സാക്ഷികൾ ആവേണ്ടി വന്നു. സ്വന്തം തട്ടകത്തിൽ മുൻതൂക്കം തങ്ങൾക്ക് തന്നെ എന്ന വിശ്വാസത്തിൽ ആവും സെവിയ്യ. യൂറോപ്പ പോരാട്ടങ്ങൾ വിജയിക്കാനുള്ള തന്ത്രങ്ങൾ ടീമിന് സ്വായത്തമാണ് താനും. ലീഗിൽ അവസാന മത്സരത്തിൽ വല്ലഡോളിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തി തങ്ങളുടെ ഫോം അവർ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. യുവന്റസും ലീഗിൽ ക്രിമോനീസിനെ വീഴ്ത്തിയ ശേഷമാണ് സ്പെയിനിലേക്ക് എത്തുന്നത്. സീസണിലെ ഏക കിരീടം നേടാൻ അല്ലെഗ്രിയും സംഘവും കച്ചകെട്ടി ഇറങ്ങുമ്പോൾ മികച്ചൊരു പോരാട്ടമാണ് പോരാട്ടമാണ് ഫുട്ബോൾ ആരാധകരും കാത്തിരിക്കുന്നത്. ആദ്യ പാദം കളിച്ച താരങ്ങളിൽ നിന്നും ഇരു ടീമിലും വലിയ മാറ്റങ്ങൾ ഉണ്ടാവില്ല.

അവസാന നിമിഷ സമനിലയിൽ യുവന്റസ് രക്ഷപ്പെട്ടു

യൂറോപ്പ ലീഗിൽ ഒരു നല്ല പ്രകടനം കൂടെ നടത്തി സ്പാനിഷ് ക്ലബ് സെവിയ്യ. ഇന്ന് ടൂറിനിൽ നടന്ന യൂറോപ്പ സെമിഫൈനൽ ആദ്യ പാദത്തിൽ യുവന്റസിനെ ഞെട്ടിക്കാനും സമനിലയിൽ തളക്കാനും സെവിയ്യക്ക് ആയി. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ ചെന്ന് 1-0ന്റെ വിജയം വിയ്യറയൽ ഇന്ന് സ്വന്തമാക്കുമായിരുന്നു. എന്നാൽ അവസാന നിമിഷത്തെ സമനില ഗോൾ അവരെ വിജയത്തിൽ നിന്ന് തടഞ്ഞു.

ഇന്ന് മത്സരം ആരംഭിച്ച് 26ആം മിനുട്ടിൽ സെവിയ്യ ഗോൾ നേടി. ഒകാമ്പസിന്റെ അസിസ്റ്റിൽ നിന്ന് അൽ നസീരി ആണ് സെവിയ്യയുടെ ഗോൾ നേടിയത്. 90 മിനുട്ട് പൊരുതിയിട്ടും ഈ ഗോളിന് മറുപടി നൽകാൻ യുവന്റസിന് ആയില്ല. 97ആം മിനുട്ടിൽ പോൾ പോഗ്ബയുടെ അസിസ്റ്റിൽ നിന്ന് ഫെഡെറികോ ഗെറ്റി ആണ് സമനില ഗോൾ നേടിയത്. ഇനി അടുത്ത ആഴ്ച സ്പെയിനിൽ വെച്ച് രണ്ടാം പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടും.

യൂറോപ്പ സെമി, ആദ്യ പാദം ജയിച്ച് ജോസെ മൗറീഞ്ഞോയുടെ റോമ

യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ റോമക്ക് വിജയം. ഇന്ന് റോമിൽ വെച്ച് നടന്ന ആദ്യ പാദത്തിൽ ബയെർ ലെവർകൂസനെ നേരിട്ട ജോസെ മൗറീനോയുടെ ടീം മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. അധികം അവസരങ്ങൾ പിറക്കാതിരുന്ന മത്സരത്തിൽ 20കാരനായ എഡ്വാർഡോ ബോവെ ആണ് വിജയ ഗോൾ നേടിയത്.

പരിക്ക് കാരണം ഇന്ന് ഡിബാല റോമയുടെ ബെഞ്ചിൽ ആയിരുന്നു. അതുകൊണ്ട് തന്നെ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ജോസെയുടെ ടീമിനായില്ല. 63ആം മിനുട്ടിൽ ടാമി അബ്രഹാമിന്റെ ഒരു ഷോട്ട് ലെവർകൂസൺ ഗോൾ കീപ്പർ ഹാർദെക്കി തടഞ്ഞു എങ്കിലും റീബൗണ്ടിലൂടെ ബോവെ ലീഡ് നൽകി. ഈ ഗോൾ വിജയ ഗോളായി മാറുകയും ചെയ്തു.

അടുത്ത വ്യാഴാഴ്ച ജർമ്മനിയിൽ വെച്ച് രണ്ടാം പാദ സെമി ഫൈനൽ നടക്കും. കഴിഞ്ഞ സീസണിൽ കോൺഫെറൻസ് ലീഗ് കിരീടം നേടിയ ജോസെ, റോമക്ക് യൂറോപ്പ ലീഗ് കൂടെ നേടിക്കൊടുക്കാം എന്ന പ്രതീക്ഷയിലാണ്‌.

യൂറോപ്പ സെമി ഫൈനലിൽ വമ്പൻ പോരാട്ടങ്ങൾ; റോമക്ക് എതിരാളികൾ ലെവർകൂസൻ, യുവന്റസിന് സെവിയ്യ

യൂറോപ്പ ലീഗ് സെമി ഫൈനൽ മത്സരങ്ങൾക്ക് ആരംഭമാവുമ്പോൾ അരങ്ങൊരുങ്ങുന്നത് വമ്പൻ പോരാട്ടങ്ങൾക്ക്. വെള്ളിയാഴ്ച്ച പുലർച്ചെ നടക്കുന്ന മത്സരങ്ങളിൽ എഎസ് റോമ സ്വന്തം തട്ടകത്തിൽ ബയേർ ലവർകൂസനെ നേരിടുമ്പോൾ യുവന്റസ് അല്ലിയൻ സ്റ്റേഡിയത്തിൽ സേവിയ്യയെ വരവേൽക്കും നേരിടാൻ ഉള്ളത്. വമ്പൻ ടീമുകൾ നേർക്കുനേർ വരുമ്പോൾ ആവേശകരമായ മത്സരങ്ങൾക്കാണ് ആരാധകരും കാത്തിരിക്കുന്നത്.

2019_10_03 Sevilla-Apoel

ഇടർച്ചയോടെ തുടങ്ങിയ ശേഷം സീസണിൽ അതിശക്തമായ തിരിച്ചു വരവിന്റെ പാതയിൽ ആണ് സെവിയ്യ. ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ആവേശകരമായ മത്സരത്തിൽ കീഴടക്കി പതിവ് പോലെ യൂറോപ്പ കിരീടത്തിന് വേണ്ടിയുള്ള താരങ്ങളുടെ മോഹങ്ങൾ തിരിച്ചു പിടിച്ചിട്ടുണ്ട് അവർ. എങ്കിലും ലീഗിൽ പതിനൊന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമിന് അടുത്ത സീസണിൽ യുറോപ്യൻ പോരാട്ടങ്ങൾക്ക് പേര് ചേർക്കാൻ ഇത്തവണ യൂറോപ്പ കിരീടം നേടിയെ തീരൂ. സെമി കടന്ന എല്ലാ തവണയും കിരീടം നേടിയിട്ടുണ്ട് എന്ന പെരുമ ഉണ്ടെങ്കിലും ഇത്തവണ മുന്നോട്ടുള്ള വഴി കഠിനം അവർക്ക് തന്നെയെന്നതിൽ സംശയമില്ല. സീസണിൽ മറ്റ് കിരീട സാധ്യതകൾ ഇല്ലാത്ത യുവന്റസിനും യൂറോപ്പ അഭിമാന പോരാട്ടമാണ്. അല്ലേഗ്രിക്കും അടുത്ത സീസണിൽ ടീമിൽ തുടരാൻ വിജയം അനിവാര്യമാണ്. ലീഗിൽ തുടർ വിജയങ്ങളോടെ ആണ് അവർ എത്തുന്നത്. അവസാന മത്സരത്തിൽ അറ്റലാന്റയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി. വമ്പൻ താരങ്ങൾ ഉണ്ടെങ്കിലും പെരുമക്കോത്ത പ്രകടനം സീസണിൽ പുറത്തെടുക്കാൻ ടീമിനായിട്ടില്ല. പിടിച്ചു വെച്ച പതിനഞ്ച് പോയിന്റ് തിരിച്ചു കിട്ടി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയ ആവേശത്തിലാണ് ടീം യൂറോപ്പിലേക്ക് എത്തുന്നത്.

പരിശീലകരുടെ പോരാട്ടം കൂടിയാണ് ലെവർകൂസൻ – റോമ മത്സരം. സാക്ഷാൽ ജോസ് മൗറീഞ്ഞോക്കെതിരെ ജർമൻ ടീമിനെ ഒരുക്കുന്നത് ഓത്തുന്നത് സീസണിൽ പുതു തന്ത്രങ്ങളുമായി എത്തിയ സാബി ആലോൻസോയാണ്. തുടർച്ചയായ 14 മത്സരങ്ങളിൽ ടീമിനെ തോൽവി അറിയാതെ നയിച്ച മുൻതാരം തന്റെ മുൻ പരിശീലകനെതിരെ എന്ത് തന്ത്രമാണ് കാത്തുവെച്ചിരിക്കുന്നത് എന്നത് കൗതുകമുണർത്തും. മൗറീഞ്ഞോ ആവട്ടെ റോമക്ക് ഒപ്പം മറ്റൊരു കിരീടം നേടാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ടീമിന്റെ കിരീട വരൾച്ചക്ക് അറുതി വരുത്തിയ പോർച്ചുഗീസുകാരൻ വീണ്ടുമൊരു യുറോപ്യൻ കിരീടം ടീമിന് സമ്മാനിക്കാൻ ആവുമെന്ന പ്രതീക്ഷയിലാണ്. അതേ സമയം അവസാന മത്സരത്തിൽ ഇന്ററിനോട് കീഴടങ്ങിയത്‌ അടക്കം നാല് മത്സരങ്ങളിൽ ജയം കാണാതെയാണ് റോമ യൂറോപ്പ സെമി മത്സരത്തിന് എത്തുന്നത്.

അവസാന മിനിറ്റിൽ രക്ഷകനായി ഡിബാല,തുടർന്ന് എക്സ്ട്രാ ടൈമിൽ ജയം,ജോസെയുടെ റോമ സെമിയിൽ

യുഫേഫ യൂറോപ്പ ലീഗ് സെമിഫൈനലിലേക്ക് മുന്നേറി ജോസെ മൗറീന്യോയുടെ എ.എസ് റോമ. കഴിഞ്ഞ വർഷത്തെ കോൺഫറൻസ് ലീഗ് ഫൈനലിന്റെ ആവർത്തനം ആയ മത്സരത്തിൽ ഡച്ച് ക്ലബ് ഫെയനർനൂദിനോട് ആദ്യ പാദത്തിൽ 1-0 ന്റെ പരാജയം ഏറ്റുവാങ്ങിയാണ് റോമ സ്വന്തം മൈതാനത്ത് രണ്ടാം പാദം കളിക്കാൻ ഇറങ്ങിയത്. മത്സരത്തിൽ റോമ ആക്രമണ ഫുട്ബോൾ ആണ് കളിച്ചത്. 33 ഷോട്ടുകൾ ഉതിർത്ത അവർ 2 തവണ ഷോട്ടുകൾ ബാറിലും അടിച്ചു. ആദ്യ പകുതിയിൽ എതിർ ടീമിലെ താരത്തിന്റെ ദേഹത്ത് കൈ വച്ച റോമയിലെ മൗറീന്യോയുടെ സഹപരിശീലകൻ ചുവപ്പ് കാർഡ് കണ്ടു പോവുന്നതും കാണാൻ ആയി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 60 മത്തെ മിനിറ്റിൽ റോമ അർഹിച്ച ഗോൾ ലിയനാർഡോ സ്പിനിസോല നേടി. എന്നാൽ എമ്പതാം മിനിറ്റിൽ സെബാസ്റ്റ്യൻ സിമാൻസ്കിയുടെ ക്രോസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ താരം ഇഗോർ പയിസാവോ ഗോൾ നേടിയതോടെ റോമ ആരാധകർ നിശബ്ദരായി. എന്നാൽ 89 മത്തെ മിനിറ്റിൽ പരിക്കിൽ നിന്നു മുക്തനായി പകരക്കാരനായി എത്തിയ പൗള ഡിബാല റോമയുടെ രക്ഷകൻ ആയി അവതരിച്ചു. ലോറൻസോ പെല്ലഗ്രിനിയുടെ ത്രൂ ബോളിൽ നിന്നു മികച്ച ഗോൾ ആണ് ഡിബാല നേടിയത്.

തുടർന്ന് മത്സരം എക്സ്ട്രാ സമയത്തേക്ക് നീണ്ടു. 101 മത്തെ മിനിറ്റിൽ പരിക്കിൽ മോചിതനായി വന്ന പകരക്കാരൻ ടാമി എബ്രഹാമിന്റെ പാസിൽ നിന്നു സ്റ്റീഫൻ എൽ-ഷരാവരി റോമയെ ആദ്യമായി ഇരു പാദങ്ങളിലും ആയി മുന്നിൽ എത്തിച്ചു. 109 മത്തെ മിനിറ്റിൽ ഡിബാലയുടെ ത്രൂ ബോൾ തടയാനുള്ള ഡച്ച് ടീമിന്റെ ശ്രമം പരാജയപ്പെട്ടപ്പോൾ ലക്ഷ്യം കണ്ട ക്യാപ്റ്റൻ പെല്ലഗ്രിനി റോമയുടെ സ്വപ്ന ജയം യാഥാർത്ഥ്യം ആക്കി. അവസാന നിമിഷം മാഞ്ചിനിക്ക് എതിരെ കടുത്ത ഫൗൾ ചെയ്ത മുന്നേറ്റനിര താരം സാന്റിയാഗോ ഹിമനസ് ചുവപ്പ് കാർഡ് കൂടി കണ്ടതോടെ ഡച്ച് ടീമിന്റെ പരാജയം പൂർണമായി. യൂറോപ്പ ലീഗ് സെമിയിൽ ജർമ്മൻ ക്ലബ് ബയേർ ലെവർകുസൻ ആണ് റോമയുടെ എതിരാളി. റോമക്ക് ഒപ്പം തുടർച്ചയായി കോൺഫറൻസ് ലീഗിന് ശേഷം യൂറോപ്പ ലീഗ് ജയിക്കുക എന്നത് ആണ് ജോസെ മൗറീന്യോയുടെ ലക്ഷ്യം.

രാജകീയമായി സാവി അലോൺസോയുടെ ലെവർകുസൻ യൂറോപ്പ ലീഗ് സെമിയിൽ

യുഫേഫ യൂറോപ്പ ലീഗിൽ സെമി ഫൈനലിലേക്ക് മുന്നേറി സാവി അലോൺസോയുടെ ബയേർ ലെവർകുസൻ. ആദ്യ പാദത്തിൽ ബെൽജിയം ക്ലബ് യൂണിയൻ എസ്.ജിയോട് സ്വന്തം മൈതാനത്ത് 1-1 നു സമനില വഴങ്ങിയ ജർമ്മൻ ക്ലബ് പക്ഷെ രണ്ടാം പാദത്തിൽ 4-1 ന്റെ ആധികാരിക ജയവും ആയി അവസാന നാലിലേക്ക് മുന്നേറുക ആയിരുന്നു. മത്സരം തുടങ്ങി 67 മത്തെ സെക്കന്റിൽ തന്നെ ഗോൾ നേടിയ മൂസ ദിയാബി ലെവർകുസനു സ്വപ്ന തുടക്കം ആണ് നൽകിയത്.

തുടർന്ന് 37 മത്തെ മിനിറ്റിൽ ആദം ഹൊസകിന്റെ പാസിൽ നിന്നു മിച്ചൽ ബക്കർ ജർമ്മൻ ക്ലബിന് രണ്ടാം ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ മിച്ചൽ ബക്കറിന്റെ പാസിൽ നിന്നു ജെറമി ഫിർപോങ് ഗോൾ നേടിയതോടെ ലെവർകുസൻ സെമി ഉറപ്പിച്ചു. എന്നാൽ നാലു മിനിറ്റിനുള്ളിൽ കാസ്പർ ട്രഹോ ഒരു ഗോൾ മടക്കിയത് ബെൽജിയം ക്ലബിന് പ്രതീക്ഷ നൽകി. എന്നാൽ 79 മത്തെ മിനിറ്റിൽ തന്റെ ഗോൾ നേടിയ ആദം ഹൊസക് ലെവർകുസൻ ജയം ഉറപ്പിക്കുക ആയിരുന്നു.

സ്പോർട്ടിങ് വീണു, യുവന്റസ് യൂറോപ്പ ലീഗ് സെമിയിൽ, സെമിയിൽ സെവിയ്യ എതിരാളി

യുഫേഫ യൂറോപ്പ ലീഗ് സെമി ഫൈനലിലേക്ക് മുന്നേറി യുവന്റസ്. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച അവർ രണ്ടാം പാദത്തിൽ പോർച്ചുഗലിൽ സ്പോർട്ടിങിനെ 1-1 നു സമനിലയിൽ തളക്കുക ആയിരുന്നു. സ്പോർട്ടിങ് ലിസ്ബണിന്റെ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ഇറ്റാലിയൻ ക്ലബ് ആണ് ആദ്യം മുന്നിൽ എത്തിയത്. ഒമ്പതാം മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ അലക്‌സ് സാൻഡ്രോയുടെ പാസിൽ നിന്നു റാബിയോറ്റ് യുവക്ക് ആയി ഗോൾ നേടി.

എന്നാൽ 20 മത്തെ മിനിറ്റിൽ റാബിയോറ്റ് പെനാൽട്ടി വഴങ്ങിയപ്പോൾ സ്പോർട്ടിങിന് മത്സരത്തിൽ തിരിച്ചു വരാൻ അവസരം ലഭിച്ചു. പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട മാർകസ്‌ എഡ്വാർഡ്സ് പോർച്ചുഗീസ് ക്ലബിന് പ്രതീക്ഷ നൽകി. തുടർന്ന് സമനില ഗോളിന് ആയി അവർ പരിശ്രമിച്ചു എങ്കിലും യുവന്റസ് പ്രതിരോധം കീഴടങ്ങിയില്ല. മത്സരത്തിൽ 13 ഷോട്ടുകൾ ആണ് അവർ ഉതിർത്തത്. ജയത്തോടെ യൂറോപ്പ ലീഗ് സെമി ഫൈനൽ ഉറപ്പിച്ച യുവന്റസ് സെമിയിൽ സ്പാനിഷ് ക്ലബ് സെവിയ്യയെ നേരിടും.

അബദ്ധങ്ങളുടെ പെരുന്നാൾ!! മാഞ്ചസ്റ്റർ യുണൈറ്റഡിനെ പുറത്താക്കി സെവിയ്യ സെമിയിൽ

യൂറോപ്പ ലീഗിൽ സെവിയ്യക്ക് മുകളിൽ ആരുമില്ല. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരിക്കൽ കൂടെ അവർ അത് മനസ്സിലാക്കി കൊടുത്തു. ഇന്ന് സ്പെയിനിൽ നടന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ 3-0ന്റെ വിജയം നേടിക്കൊണ്ട് സെവിയ്യ സെമി ഫൈനലിലേക്ക് മുന്നേറി. ആദ്യ പാദത്തിൽ മാഞ്ചസ്റ്ററിൽ ചെന്ന് മാഞ്ചസ്റ്ററിനെ 2-2ന് സമനിലയിൽ പിടിക്കാനും സെവിയ്യക്ക് ആയിരുന്നു.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ദയനീയ തുടക്കമാണ് ലഭിച്ചത്. എട്ടാം മിനുട്ടിൽ യുണൈറ്റഡ് താരങ്ങളായ ഡി ഹിയയും ഹാരി മഗ്വയറും ചേർന്ന് സെവിയ്യക്ക് ഒരു ഗോൾ സമ്മാനിച്ചു. മഗ്വയർ സമ്മാനമായി നൽകിയ പാസ് കൈക്കലാക്കി എൻ നസീരി അനായസം പന്ത് വലയിലേക്ക് എത്തിച്ചു. 1-0 അഗ്രിഗേറ്റിൽ 3-2ന് സെവിയ്യ മുന്നിൽ.

ഈ ഗോളിന് തിരിച്ചടി നൽകാനുള്ള ഒരു ഊർജ്ജവും യുണൈറ്റഡ് ആദ്യ പകുതിയിൽ കാണിച്ചില്ല. ടീമിൽ ബ്രൂണോയുടെ അഭാവവും വളരെ വ്യക്തമായിരുന്നു. 43ആം മിനുട്ടിൽ ഒകാമ്പസിലൂടെ സെവിയ്യ രണ്ടാം ഗോൾ നേടി എങ്കിലും ഓഫ്സൈഡ് മാഞ്ചസ്റ്ററിന്റെ രക്ഷക്ക് എത്തി.

റാഷ്ഫോർഡിനെയും ലൂക് ഷോയെയും കളത്തിൽ ഇറക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതി ആരംഭിച്ചത്. പക്ഷെ രണ്ടാം പകുതിയും നന്നായി തുടങ്ങിയത് സെവിയ്യ ആയിരുന്നു. 47ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ബാഡെ സെവിയ്യക്കായി രണ്ടാം ഗോൾ നേടി. സ്കോർ 2-0. അഗ്രിഗേറ്റിൽ 4-2.

ഈ ഗോളിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവസരങ്ങൾ സൃഷ്ടിക്കാൻ എങ്കിലും തുടങ്ങിയത്. പക്ഷെ കാര്യം ഒന്നും ഉണ്ടായില്ല. മത്സരത്തിന്റെ 81ആം മിനുട്ടിൽ ഡി ഹിയയുടെ വലിയ മണ്ടത്തരം വന്നു. ഡി ഹിയ സമ്മാനിച്ച പന്ത് എൻ നസീരി ഒഴിഞ്ഞ വലയിൽ എത്തിച്ച് സെവിയ്യയുടെ വിജയം ഉറപ്പിച്ചു.

Exit mobile version