സെമി ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാകുമോ? ഇന്ന് സ്പെയിനിൽ

യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സെമി ഫൈനൽ ഉറപ്പിക്കാൻ വേണ്ടി ഇറങ്ങും. സ്പെയിനിൽ യൂറോപ്പ ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇറങ്ങുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമല്ല. ആദ്യ പാദത്തിൽ 2-2 എന്ന സമനില വഴങ്ങിയത് യുണൈറ്റഡിന് നൽകിയൻ നിരാശ ചെറുതല്ല. അന്ന് 2-0ന്റെ ലീഡിൽ നിന്ന സ്ഥലത്തു നിന്നാണ് യുണൈറ്റഡ് 2-2 ന്റെ സമനിലയിൽ എത്തിയത്. അതും രണ്ട് സെൽഫ് ഗോളുകളോടെ.

സമനിലയേക്കാൾ അവർക്ക് അന്ന് പരിക്ക് കാരണം പ്രധാന സെന്റർ ബാക്കുകളായ വരാനെയെയും മഗ്വയറിനെയും നഷ്ടമായത് ആകും ആശങ്ക നൽകുന്നത്. ലിൻഡലോഫും മഗ്വയറും ആകും ഇന്ന് സെന്റർ ബാക്ക് കൂട്ടുകെട്ട്. സസ്പെൻഷൻ കാരണം ബ്രൂണോയും ഇന്ന് ഉണ്ടാകില്ല. ബ്രൂണോയുടെ അഭാവത്തിൽ ആര് അവസരങ്ങൾ സൃഷ്ടിക്കും എന്നതും ആശങ്കയാണ്. റാഷ്ഫോർഡ്, ലൂക് ഷോ_ മക്ടോമിനെ, സബിറ്റ്സർ, എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്.

മറുവശത്ത് പതിയെ ഫോമിലേക്ക് തിരികെയെത്തുന്ന സെവിയ്യ സെമിയിലേക്ക് കടക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി സ്പോർട്സിൽ കാണാം.

യൂറോപ്പ ലീഗ് മത്സരത്തിന് ഇടയിൽ നെഞ്ച് വേദന കാരണം കളം വിട്ടു യുവന്റസ് ഗോൾ കീപ്പർ

സ്പോർട്ടിങ് ലിസ്ബണിനു എതിരായ യൂറോപ്പ ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിന് ഇടയിൽ വേദന കാരണം കളം വിട്ടു യുവന്റസ് ഗോൾ കീപ്പർ വോസ്നിക് ചെസ്നി. ആദ്യ പകുതിയിൽ മികച്ച രക്ഷപ്പെടുത്തലുകൾ നടത്തിയ മുൻ ആഴ്‌സണൽ ഗോൾ കീപ്പർ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പാണ് കളം വിട്ടത്. നെഞ്ചു വേദന കാരണം നെഞ്ചിൽ കൈവച്ച് തടവിയ താരത്തെ സഹതാരങ്ങൾ സഹായിക്കാൻ എത്തി. തുടർന്ന് താരത്തെ അല്ലഗ്രിനി പിൻവലിക്കുക ആയിരുന്നു.

കണ്ണീരോടെയാണ് താരം കളം വിട്ടത്. മത്സര ശേഷം തനിക്ക് ആ സമയത്ത് ശ്വാസം എടുക്കാൻ പ്രയാസം നേരിട്ടത് ആയി പോളണ്ട് കീപ്പർ പിന്നീട് വ്യക്തമാക്കി. നിലവിൽ നടത്തിയ ശാരീരിക പരിശോധനകൾ എല്ലാം തനിക്ക് ബുദ്ധിമുട്ട് ഇല്ലെന്നു അറിയിച്ചത് ആയും താരം കൂട്ടിച്ചേർത്തു. തനിക്ക് ഇങ്ങനെ ഒന്നു ഇത് വരെ ഉണ്ടായിട്ടില്ല എന്നു പറഞ്ഞ പോളണ്ട് താരം തനിക്ക് ഇപ്പോൾ പ്രശ്‌നങ്ങൾ ഇല്ലെന്നും കൂട്ടിച്ചേർത്തു.

യൂറോപ്പ ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ ജയവുമായി യുവന്റസ്

യുഫേഫ യൂറോപ്പ ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ സ്വന്തം മൈതാനത്ത് സ്പോർട്ടിങ് ലിസ്ബണിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു യുവന്റസ്. രണ്ടാം പകുതിയിൽ പ്രതിരോധതാരം ഫെഡറികോ ഗട്ടിയുടെ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആണ് ഇറ്റാലിയൻ വമ്പന്മാർക്ക് ജയം നൽകിയത്. ആദ്യ പകുതിയിൽ ഇരു ഗോൾ കീപ്പർമാരുടെയും മികവ് ആണ് മത്സരത്തിൽ ഗോൾ പിറക്കുന്നത് തടഞ്ഞത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾക്ക് മുമ്പ് നെഞ്ചു വേദന കാരണം യുവന്റസ് ഗോൾ കീപ്പർ വോയ്‌സിനിക് ചെസ്നി കളം വിട്ടത് സങ്കട കാഴ്ചയായി.

മത്സരത്തിൽ ഇടക്ക് ഡി മരിയ സ്പോർട്ടിങ് പ്രതിരോധം പരീക്ഷിച്ചപ്പോൾ പോർച്ചുഗീസ് ടീം ആണ് കൂടുതൽ അപകടകാരികൾ ആയത്. 73 മത്തെ മിനിറ്റിൽ ഡി മരിയയും വ്ലാഹോവിചും ചേർന്നു ഒരുക്കിയ അവസരത്തിനു ഒടുവിൽ റീബോണ്ട് ഗോൾ ആക്കി മാറ്റിയ ഗട്ടി യുവന്റസിന് ജയം സമ്മാനിക്കുക ആയിരുന്നു. സമനിലക്ക് ആയുള്ള സ്പോർട്ടിങ് ശ്രമങ്ങൾ മികച്ച രക്ഷപ്പെടുത്തലുകൾ നടത്തിയ പകരക്കാരൻ ഗോൾ കീപ്പർ മാറ്റിയ പെരിൻ തടയുക ആയിരുന്നു. ആഴ്‌സണലിനെ വീഴ്ത്തി ക്വാർട്ടർ ഫൈനലിൽ എത്തിയ സ്പോർട്ടിങ് പോർച്ചുഗലിൽ വലിയ വെല്ലുവിളി ആവും യുവന്റസിന് നൽകുക എന്നുറപ്പാണ്.

രണ്ട് ഗോൾ ലീഡ് രണ്ട് സെൽഫ് ഗോൾ നൽകി കളഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്!!

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ വിജയം കൈവിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് ഓൾഡ്ട്രാഫോർഡിൽ വെച്ച് സെവിയ്യയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു ഗോളുകളുടെ ലീഡ് കളഞ്ഞ് 2-2ന്റെ സമനില വഴങ്ങി. ആദ്യ 21 മിനുട്ടുകൾക്ക് ഇടയിൽ തന്നെ ഇന്ന് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്താൻ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു. അവസാന നിമിഷങ്ങളിലെ അബദ്ധങ്ങളുൽ പരിക്കും ആണ് യുണൈറ്റഡിന് തിരിച്ചടിയായത്

മാർക്കസ് റാഷ്ഫോർഡ്, ലൂക് ഷോ എന്നിവർ ഇല്ലാതെ ആയിരുന്നു ഇന്ന് യുണൈറ്റഡ് ഇറങ്ങിയത്. മാർഷ്യൽ ആണ് റാഷ്ഫോർഡിന്റെ അഭാവത്തിൽ ഫോർവേഡായി ഇറങ്ങിയത്. 14ആം മിനുട്ടിൽ ആണ് യുണൈറ്റഡിന്റെ ആദ്യ ഗോൾ വന്നത്. മാർഷ്യൽ തുടങ്ങിയ അറ്റാക്ക് ബ്രൂണോയിൽ എത്തി. ബ്രൂണോയുടെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിനകത്തു നിന്ന് സബിറ്റ്സർ തൊടുത്ത ഷോട്ട് ബോണോയെ കീഴ്പ്പെടുത്തി വലയിൽ. സബിറ്റ്സറിന്റെ യുണൈറ്റഡ് കരിയറിലെ രണ്ടാം ഗോൾ. സ്കോർ 1-0.

അഞ്ചു മിനുട്ടുകൾ കഴിഞ്ഞ് വീണ്ടും സബിറ്റ്സർ പന്ത് വലയിൽ എത്തിച്ചു. ഇത്തവണ മാർഷ്യലിന്റെ പാസ് സ്വീകരിച്ചായിരുന്നു സബിറ്റ്സറിന്റെ ഫിനിഷ്. സ്കോർ 2-0. ആദ്യ പകുതിയിൽ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും മൂന്നാം ഗോൾ വന്നില്ല. രണ്ടാം പകുതിയിലും ഗോളിനായുള്ള യുണൈറ്റഡ് ശ്രമങ്ങൾ തുടർന്നു.

മൂന്നാം ഗോൾ നേടി ആദ്യ പാദത്തിൽ തന്നെ സെമി ഏതാണ്ട് ഉറപ്പിക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ പക്ഷെ ഫലം കണ്ടില്ല. മത്സരത്തിന്റെ 83ആം മിനുട്ടിൽ മലാസിയയുടെ ഒരു പിഴവ് സെവിയ്യക്ക് പ്രതീക്ഷയായി‌. മലാസിയയുടെ പിഴവ് മുതലെടുത്ത് ജീസസ് തൊടുത്ത് ക്രോസ് മലാസിയുടെ ദേഹത്ത് തട്ടി സ്വന്തം ഗോൾ പോസ്റ്റിലേക്ക് തന്നെ വീണു. സ്കോർ 2-1. ഈ ഗോളിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസ് പരിക്കേറ്റ് പുറത്താവുകയും കൂടെ ചെയ്തതോടെ യുണൈറ്റഡ് പ്രതിരോധത്തിൽ ആയി. അഞ്ച് സബ്ബുകൾ നടത്തിയതിനാൽ യുണൈറ്റഡ് 10 പേരുമായാണ് അവസാന 10 മിനുട്ടുകൾ കളിച്ചത്. സെവിയ്യയുടെ തുടർ ആക്രമണങ്ങൾക്ക് അവസാനം 92ആം മിനുട്ടിൽ സെവിയ്യ സമനില കണ്ടെത്തി.

എൽ നസീരിയുടെ ഹെഡർ ഹാരി മഗ്വയറിന്റെ തലയിൽ തട്ടിൽ രണ്ടാം സെൽഫ് ഗോൾ ആവുക ആയിരുന്നു.

റോമയെ ആദ്യ പാദത്തിൽ തോൽപ്പിച്ച് ഫെയനൂർഡ്

യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ഇറ്റാലിയൻ വമ്പൻമാരായ റോമയ്‌ക്കെതിരെ ഫെയ്‌നൂർദ് 1-0ന്റെ വിജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ എം. വൈഫറിന്റെ സ്ട്രൈക്കിൽ ആണ് ഡച്ച് ടീം വിജയിച്ചത്. ഒരു മനോഹരമായ വോളിയിലൂടെ ആയിരുന്നു വൈഫറിന്റെ ഗോൾ‌. താരത്തിന്റെ കരിയറിലെ ആദ്യ യൂറോപ്യൻ ഗോളാണിത്.

റോമയുടെ ആക്രമണ ഭീഷണികളെ സമർത്തമായി തടഞ്ഞുനിർത്താൻ ഫെയനൂർഡിന് ഇന്നായി. ഡിബാലയും ടാമി അബ്രഹാമും മത്സരത്തിനിടയിൽ പരിക്കേറ്റ് പുറത്തായത് റോമക്ക് തിരിച്ചടിയായി. സെമിഫൈനലിലേക്ക് മുന്നേറാൻ ആഗ്രഹിക്കുന്നുവെങ്കിൽ റോമയ്ക്ക് രണ്ടാം പാദത്തിൽ ഈ പരാജയം മറികടക്കേണ്ടതുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് യൂറോപ്പ ക്വാർട്ടറിൽ ഇറങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് യൂറോപ്പ ക്വാർട്ടർ ഫൈനലിൽ സെവിയ്യയെ നേരിടും. ഓൾഡ്ട്രാഫോർഡിൽ വെച്ച് ആണ് മത്സരം നടക്കുന്നത്. രാത്രി 12.30ന് നടക്കുന്ന കളി തത്സമയം സോണി സ്പോർട്സ് ചാനലിലും സോണി ലഒവ് ആപ്പിലും കാണാം. മാഞ്ചസ്റ്റർ യുണൈറ്റഡിന് സെവിയ്യ ഒരിക്കലും എളുപ്പമുള്ള എതിരാളികൾ ആയിരുന്നില്ല. ഇന്നും അതിനു വലിയ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. യൂറോപ്പയിൽ ക്വാർട്ടറിൽ എത്തി എങ്കിലും സെവിയ്യ ലാലിഗയിൽ അത്ര നല്ല ഫോമിൽ അല്ല.

അവർ ലാലിഗയിൽ 13ആം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. അവസാന നാലു മത്സരങ്ങളിൽ ഒരു മത്സരം മാത്രമേ അവർ വിജയിച്ചിട്ടുമുള്ളൂ. മറുവശത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് നല്ല വിജയങ്ങളുമായി ഫോമിൽ തിരികെയെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ നല്ല ഫോമിൽ ആണ്. എന്നാൽ ഇന്ന് യുണൈറ്റഡിനൊപ്പം അവരുടെ പ്രധാന സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡ് ഉണ്ടാകില്ല. ലൂക് ഷോയും പരിക്ക് കാരണം ഇന്ന് ടീമിൽ ഇല്ല.

മൈതാന മധ്യത്ത് നിന്ന് വന്ന ഗോളിൽ ആഴ്സണൽ വിറച്ചു, ഷൂട്ടൗട്ടിൽ അവർ വീഴുകയും ചെയ്തു

ആഴ്സണൽ യൂറോപ്പ ലീഗ പ്രീക്വാർട്ടറിൽ വീണു. ഇന്ന് നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് ആഴ്സണൽ പുറത്തായത്. നിശ്ചിത സമയത്ത് കളി 1-1 എന്നായിരുന്നു. അഗ്രിഗേറ്റിൽ 3-3 എന്നും. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ 5-3നാണ് സ്പോർടിങ് ജയിച്ചത്.

ഇന്ന് സാകയെയും തോമസ് പാർട്ടിയെയും ബെഞ്ചിൽ ഇരുത്തി ആണ് ആഴ്സണൽ മത്സരം ആരംഭിച്ചത്. ആദ്യ പകുതി അർട്ടേറ്റ പ്രതീക്ഷിച്ചത് പോലെ തന്നെ പോയി. 19ആം മിനുട്ടിൽ ജോർജീഞ്ഞോ നൽകിയ ഒരു പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിലേക്ക് കടന്ന മാർട്ടിനെല്ലി തൊടുത്ത ഷോട്ട് അന്റോണിയോ അദാൻ തടഞ്ഞു. പിറകെ എത്തിയ ജാക്ക ഒരു റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-0. അഗ്രിഗേറ്റ് സ്കോറിൽ ആഴ്സണൽ 3-2നു മുന്നിൽ.

ആദ്യ പകുതിയിലെ ആവേശം രണ്ടാം പകുതിയുടെ തുടക്കത്തിൽ ആഴ്സണൽ കാണിച്ചില്ല. 62ആം മിനുട്ടിൽ പെഡ്രോ ഗോൺസാല്വസിന്റെ ഒരു അത്ഭുത ഗോൾ സ്പോർടിംഗിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. മൈതാന മധ്യത്തു നിന്നു ഗോൺസാലസ് തൊടുത്ത ഷോട്ട് തടയാൻ റാംസ്ഡേലിനായില്ല. ഈ സീസൺ യൂറോപ്പ ലീഗ് കണ്ട ഏറ്റവും മികച്ച ഗോളായിരുന്നു‌ ഇത്‌. സ്കോർ 1-1. അഗ്രിഗേറ്റിൽ 3-3.

ഇതിനു ശേഷം ആഴ്സണൽ പാർട്ടിയെയും സാകയെയും കളത്തിൽ ഇറക്കി. ഇരു ടീമുകൾക്കും വിജയ ഗോൾ നേടാൻ ഉള്ള അവസരങ്ങൾ വന്നു എങ്കിലും മുതലെടുക്കാൻ ആയില്ല. നിശ്ചിത സമയത്ത് വിജയ ഗോൾ വരാതെ ആയതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

97ആം മിനുട്ടിൽ ഒരു സ്പോടിംഗ് അബദ്ധത്തിൽ നിന്ന് ഒരു സുവർണ്ണാവസരം ആഴ്സണലിനു ലഭിച്ചു. പക്ഷെ ട്രൊസാർഡിന്റെ ഷോട്ട് തടയാൻ അദാനായി‌. അവസാനം 120 മിനുട്ട് കഴിഞ്ഞപ്പോഴും ഒപ്പത്തിനൊപ്പം. പെനാൾട്ടി ഷൂട്ടൗട്ടിൽ സ്പോർടിങ് 5 കിക്കും ലക്ഷ്യത്തിൽ എത്തിച്ചു. മാർട്ടിനെല്ലിക്ക് ആണ് ആഴ്സണൽ കൂട്ടത്തിൽ പിഴച്ചത്‌. പിന്നാലെ പോർച്ചുഗീസ് ടീം വിജയം ഉറപ്പിച്ചു.

സ്പെയിനിലും വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ

സ്പെയിനിൽ ചെന്ന് രണ്ടാം പാദവും വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് റയൽ ബെറ്റിസിന് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. ആദ്യ പാദത്തിൽ യുണൈറ്റഡ് 4-1നും വിജയിച്ചിരുന്നു‌. ഇതോടെ അഗ്രിഗേറ്റ് സ്കോറിൽ 5-1ന്റെ വിജയം യുണൈറ്റഡ് സ്വന്തമാക്കി.

വലിയ വിജയം ആവശ്യമുള്ളതു കൊണ്ട് തന്നെ ആക്രമിച്ചു കളിക്കുന്ന റയൽ ബെറ്റിസിനെ ആണ് ഇന്ന് തുടക്കം മുതൽ കാണാൻ ആയത്. അവർ നല്ല കുറച്ച് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അറ്റാക്കിംഗ് താരങ്ങൾ മികവ് പുലർത്താത്തതും കൂടെ ഡി ഹിയയുടെ നല്ല സേവുകളും റിയൽ ബെറ്റിസിനെ ഗോളിൽ നിന്ന് അകറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡിനും നല്ല കുറച്ച് അവസരങ്ങൾ കിട്ടി. വെഗോർസ്റ്റിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തിലെ റാഷ്ഫോർഡിന്റെ ഒരു ഷോട്ട് ബെറ്റിസ് കീപ്പർ റുയിസ് സിൽവ സേവ് ചെയ്തു. തൊട്ടടുത്ത നിമിഷം എതിർ പോസ്റ്റിൽ ഡി ഹിയയുടെ സേവും കാണാൻ ആയി. മത്സരത്തിന്റെ 56ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡിന്റെ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഷോട്ട് ബെറ്റിസ് ഗോൾ കീപ്പറെ പരാജയപ്പെടുത്തി. സീസണിലെ റാഷ്ഫോർഡിന്റെ 27ആം ഗോളായിരുന്നു ഇത്. യുണൈറ്റഡ് 1-0 ബെറ്റിസ്. അഗ്രിഗേറ്റിൽ 5-1.

ഈ ഗോളിന് ശേഷം യുണൈറ്റഡ് റാഷ്ഫോർഡിനെയും ഫ്രെഡിനെയും പിൻവലിച്ച് സാഞ്ചോയെയും സബിറ്റ്സറെയും കളത്തിൽ ഇറക്കി. കളി പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് നിയന്ത്രിച്ചത്. നിരവധി മാറ്റങ്ങൾ അവർ വരുത്തി എങ്കിലും യുണൈറ്റഡിന് വിജയം ഉറപ്പിക്കാനും ക്വാർട്ടറിലേക്ക് മുന്നേറാനും ആയി.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറുപടി!! ഗോളടിച്ചു കൂട്ടി വിജയവഴിയിൽ തിരികെയെത്തി

ആൻഫീൽഡിലേറ്റ വലിയ പരാജയം മറന്നു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ റയൽ ബെറ്റിസിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഗംഭീര തുടക്കമാണ് ലഭിച്ചത്. മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ തന്നെ യുണൈറ്റഡ് ഇന്ന് ലീഡ് എടുത്തു. മാർക്കസ് റാഷ്ഫോർഡിന്റെ ഒരു പവർഫുൾ സ്ട്രൈക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയത്. റാഷ്ഫോർഡിന്റെ സീസണിൽ 26ആം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് ഉയർത്താൻ നിരവധി അവസരങ്ങൾ ലഭിച്ചു. വെഗോർസ്റ്റ് മാത്രം രണ്ട് സുവർണ്ണാവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് കാണാൻ ആയി.

മത്സരത്തിന്റെ 32ആം മിനുട്ടിൽ തങ്ങൾക്ക് കിട്ടിയ ആദ്യ അവസരങ്ങൾ റയൽ ബെറ്റിസ് തിരിച്ചടിച്ചു. അയോസി പെരസാണ് സമനില ഗോൾ നേടിയത്. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. 52ആം മിനുറ്റിൽ ആന്റണിയുടെ ഒരു ലോകോത്തര സ്ട്രൈക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി. ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിൽ നേടിയ ഏറ്റവും സുന്ദരമായ ഗോളായിരുന്നു ഇത്.

ഈ ഗോൾ പിറന്ന് ആറു മിനുട്ടുകൾക്ക് ശേഷം ബ്രൂണോ ഫെർണാണ്ടസിലൂടെ യുണൈറ്റഡ് ലീഡ് ഉയർത്തി. ലൂക് ഷോയുടെ കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ബ്രൂണൊയുടെ ഗോൾ. സ്കോർ 3-1. ഇതിനു ശേഷം ആന്റണിക്കും വെഗോസ്റ്റിനും ലീഡ് ഉയർത്താൻ നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും നാലാം ഗോൾ വരാൻ സമയമെടുത്തു.

82ആം മിനുട്ടിൽ സബ്ബായി എത്തിയ ഫകുണ്ടോ പെലിസ്ട്രിയുടെ ഒരു ഗംഭീര നീക്കം ബെറ്റിസ് ഡിഫൻസിനെ ഞെട്ടിച്ചു. ഈ നീക്കത്തിൽ നിന്ന് തന്നെ വെഗോർസ്റ്റിലൂടെ യുണൈറ്റഡ് നാലാം ഗോൾ നേടി.

അടുത്ത വ്യാഴാഴ്ച രണ്ടാം പാദ യൂറോപ്പ ലീഗ് മത്സരം നടക്കും.

റയൽ സോസിഡാഡിനെ ആദ്യ പാദത്തിൽ തോൽപ്പിച്ച് റോമ

വ്യാഴാഴ്ച യൂറോപ്പ ലീഗിലെ തങ്ങളുടെ റൗണ്ട് ഓഫ് 16 ടൈയുടെ ആദ്യ പാദത്തിൽ റയൽ സോസിഡാഡിനെതിരെ റോമ 2-0ന്റെ വിജയം ഉറപ്പിച്ചു. സ്റ്റീഫൻ എൽ ഷരാവിയുടെയും മറാഷ് കുമ്പുള്ളയുടെയും ഗോളുകൾ ആണ് ആദ്യ പാദത്തിൽ റോമയുടെ ജയത്തിന് ബലമായത്‌.

13-ാം മിനിറ്റിൽ എൽ ഷരാവിയിലൂടെ റോമ മുന്നിലെത്തി. ഇറ്റാലിയൻ ടീം പിന്നീടങ്ങോട്ട് കളി നിയന്ത്രിച്ചു. അവരുടെ ലീഡ് വർദ്ധിപ്പിക്കാൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. റയൽ സോസിഡാഡും ഇടക്ക് നല്ല അവസരങ്ങൾ സൃഷ്ടിക്കുകയുണ്ടായി. 87-ാം മിനിറ്റിൽ കുമ്പുള്ള റോമയുടെ രണ്ടാം ഗോൾ നേടി. ഇതോടെ വിജയം ഉറപ്പായി.ഈ ഫലം അടുത്ത ആഴ്ച്സ് നടക്കുന്ന രണ്ടാം പാദത്തിൽ റോമയുടെ സാധ്യതകൾ ശക്തമാക്കുന്നു.

പോർച്ചുഗലിൽ ആഴ്സണലിന് സമനില!

വ്യാഴാഴ്ച രാത്രി നടന്ന യൂറോപ്പ ലീഗ് റൗണ്ട് 16-ന്റെ ആദ്യ പാദത്തിൽ സ്‌പോർട്ടിംഗ് സിപിയും ആഴ്സണലും 2-2ന് സമനിലയിൽ പിരിഞ്ഞു. എസ്റ്റാഡിയോ ജോസ് അൽവലാഡിലാണ് മത്സരം നടന്നത്, 2-1ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ആഴ്സണൽ സ്‌കോർലൈൻ സമനിലയിലാക്കിയത്.

22-ാം മിനിറ്റിൽ വില്യം സാലിബ ആണ് ആഴ്സണലിനെ മുന്നിലെത്തിച്ചത്. ആ ലീഡ് 12 മിനിറ്റ് മാത്രമെ നീണ്ടുനിന്നുള്ളൂ. ഗോൺസാലോ ഇനാസിയോ ഹോം സൈഡിന് സമനില നൽകി. രണ്ടാം പകുതിയിലും ഇരു ടീമുകളും അറ്റാക്ക് തുടർന്നു, പൗളീഞ്ഞോ 55-ാം മിനിറ്റിൽ സ്‌പോർട്ടിംഗിന് ലീഡ് നൽകി.

62-ാം മിനിറ്റിൽ ഹാറൂട്ടോ മൊറിറ്റയുടെ ഷോട്ട് സെൽഫ് ഗോളായതോടെ ആഴ്‌സണൽ സമനിക തിരിച്ചുപിടിച്ചു. അടുത്ത ആഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം പാദത്തിൽ ആകും ആര് ക്വാർട്ടറിലേക്ക് മുന്നേറും എന്ന് തീരുമാനമാകുക.

ഇനിയും സംശയം വേണ്ട!! മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ് ബാക്ക്!! ബാഴ്സലോണയെ പുറത്താക്കി മുന്നോട്ട്!!

മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ വീര്യമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആയി മാറിയിരിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതാപത്തിലേക്ക് തിരിച്ചുവരികയാണെന്ന് അടിവരയിട്ടു കൊണ്ട് ഇന്ന് അവർ യൂറോപ്പ ലീഗിൽ നിന്ന് ബാഴ്സലോണയെ പുറത്താക്കിയിരിക്കുകയാണ്‌. ഓൾഡ്ട്രാഫോർഡിൽ വെച്ച് നടന്ന രണ്ടാം പാദത്തിൽ ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. അഗ്രിഗേറ്റ് സ്കോറിൽ 4-3 എന്ന സ്കോറിനും.

ഇന്ന് ഓൾഡ്ട്രാഫോർഡിൽ മൂന്നാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു സുവർണ്ണാവസരം ലഭിച്ചു. എന്നാൽ ബ്രൂണോ ഫെർണാണ്ടസിന് ആ അവസരം മുതലെടുക്കാൻ ആയില്ല. അതിനു ശേഷം ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് നല്ല അവസരം ഒന്നും വന്നില്ല. ബാഴ്സലോണക്ക് ആകട്ടെ 18ആം മിനുട്ടിൽ ഒരു സോഫ്റ്റ് പെനാൾട്ടി ലഭിച്ചത് തുണയായി. ബ്രൂണോ ഫെർണാണ്ടസ് ബാൾദെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ലെവൻഡോസ്കി ആണ് ലക്ഷ്യത്തിൽ എത്തിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ ഗോളിന് ശേഷം താളം കണ്ടെത്താൻ ആയില്ല. ബാഴ്സലോണ മധ്യനിരയിൽ കളി നിയന്ത്രിക്കുന്നതാണ് പിന്നെ ആദ്യ പകുതിയിൽ കണ്ടത്. ആദ്യ പകുതിയുടെ അവസാനം ഡി ഹിയയുടെ ഒരു പിഴവിൽ നിന്ന് ബാഴ്സലോണക്ക് രണ്ടാം ഗോൾ നേടാനുള്ള സുവർണ്ണവസരം ലഭിച്ചു എങ്കിലും അവർക്ക് അത് മുതലെടുക്കാൻ ആയില്ല.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വെഗോസ്റ്റിനെ മാറ്റി ആന്റണിയെ കളത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ നിമിഷങ്ങൾ കൊണ്ട് യുണൈറ്റഡ് സമനില ഗോൾ നേടി. 46ആം മിനുറ്റിൽ ബ്രൂണോയുടെ പാസ് സ്വീകരിച്ച് ഫ്രെഡ് ആണ് യുണൈറ്റഡിന് സമനില നൽകിയത്. സ്കോർ 1-1. അഗ്രിഗേറ്റ് സ്കോർ 3-3.

പിന്നീട് ഇരുടീമുകളുടെയും അറ്റാക്കുകൾ കാണാൻ ആയി. 64ആം മിനുട്ടിൽ കൗണ്ടെയുടെ ഒരു ഹെഡർ ഡി ഹിയ സേവ് ചെയ്തത് കളി 1-1ൽ നിർത്തി. രണ്ടാം ഗോൾ കണ്ടെത്താൻ ആകാത്തതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡാലോട്ടിനെയും ഗർനാചോയെയും കളത്തിൽ ഇറക്കി.

72ആം മിനുട്ടിൽ ആന്റണിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. ഗർനാചോയുടെയും ഫ്രെഡിന്റെയും ഷോട്ടുകൾ ബാഴ്സലോണ ഡിഫൻസ് ബ്ലോക്ക് ചെയ്തു എങ്കിലും പിന്നാലെ വന്ന ആന്റണിയുടെ ഷോട്ട് ടെർ സ്റ്റേഗനെ കീഴ്പ്പെടുത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1 ബാഴ്സലോണ. അഗ്രിഗേറ്റിൽ യുണൈറ്റഡ് 4-3 ബാഴ്സലോണ.

ബാഴ്സലോണ പിറകിൽ പോയതോടെ അൻസു ഫതിയെ കളത്തിൽ ഇറക്കി. അവർ സമനില ഗോളിനായി എല്ലാ വിധത്തിലും ശ്രമിച്ചു. പക്ഷെ യുണൈറ്റഡ് ഡിഫൻസ് എല്ലാം തടഞ്ഞു കൊണ്ട് വിജയം ഉറപ്പിച്ചു. ഇതിൽ വരാനെയുടെ ഒരു ഗോൾ ലൈൻ സേവും ഉണ്ടായിരുന്നു.

Exit mobile version