കവാനിയും കെയിനും പിന്നാലെ മെസിയും, ഗോൾഡൻ ബൂട്ടിനായുള്ള മത്സരം കൊഴുക്കുന്നു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലെ ഗോൾവേട്ടക്കാരനായുള്ള ഗോൾഡൻ ബൂട്ട് അവാർഡിനായുള്ള മത്സരം കൊഴുക്കുന്നു. നിലവിൽ 21 ഗോളുകളും 42 പോയിന്റുമായി പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാം ഹോട്ട്സ്പര്സിന്റെ ഹാരി കെയിനും ലീഗ് വണ്ണിലെ പിഎസ്ജിയുടെ താരം എഡിസൺ കവാനിയുമാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇരുപത് ഗോളുകളും നാൽപ്പത് പോയിന്റുമായി ബാഴ്‌സയുടെ ലയണൽ മെസിയും ഇറ്റാലിയൻ ടീമായ ലാസിയോയുടെ താരം ഇമ്മൊബിലും ഒപ്പത്തിനൊപ്പമാണ്.

ഈ ഇഷ്ടതാരങ്ങളിൽ ആരെങ്കിലും ഗോൾഡൻ ബൂട്ട് ഉറപ്പിക്കുമെന്നു കരുതിയാൽ തെറ്റി. തൊട്ടുപിന്നാലെ തന്നെ തകർപ്പൻ പ്രകടനവുമായി വൻ താരനിരയുണ്ട്. 36 പോയിന്റുമായി ഇന്ററിന്റെ ഇക്കാർഡിയും ബെൻഫിക്കയുടെ ജോനാസും ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോസ്‌കിയും ലിവർപൂൾ താരം മുഹമ്മദ് സലായുമുണ്ട്. മറ്റു താരങ്ങൾ എല്ലാം 18 ഗോളുകൾ വീതം നേടിയപ്പോൾ ബെൻഫിക്കയുടെ 33 കാരനായ സ്ട്രൈക്കെർ ജോനാസ് 24 ഗോളുകൾ നേടിയെങ്കിലും പോർച്ചുഗീസ് പ്രിമിയേറ ലീഗയിലെ ഗോളുകൾക്ക് 1 .5 പോയന്റുകൾ മാത്രമുള്ളതിനാലാണ് അദ്ദേഹത്തിന് 36 പോയന്റുകൾ മാത്രമായത്. പിഎസ്ജിയുടെ ബ്രസീലിയൻ താരം, നെയ്മർ 17 ഗോളുകളും 34 പോയന്റുകളുമായി തൊട്ടു പിന്നാലെ തന്നെയുണ്ട്.

സമകാലിക ഫുട്ബോൾ താരങ്ങളിൽ ഗോൾഡൻ ബൂട്ട് ലയണൽ മെസിയും ക്രിസ്റ്റിയാനോ റൊണാൾഡോയും നാല് തവണ വീതം നേടിയിട്ടുണ്ട്. രണ്ടു വീതം തവണ സുവാരസും ഡിയാഗോ ഫോർലാനും ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ട്. ആദ്യമായി ഈ അവാർഡ് രണ്ടു തവണ നേടുന്നത് ബയേൺ ഇതിഹാസം ജറാഡ്‌ മുള്ളറും മൂന്നു തവണ നേടുന്നത് ലയണൽ മെസിയുമാണ്. അതോടൊപ്പം നൂറു പോയന്റ് നേടുന്ന ഏക താരവും ലയണൽ മെസിയുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial