മൂന്നാം ഏകദിനം വിജയിച്ച് ശ്രീലങ്ക, പരമ്പരയിലെ ആശ്വാസ ജയം

- Advertisement -

ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ വിജയം കുറിച്ച് ശ്രീലങ്ക. ഇരു ടീമുകളിലെയും ക്യാപ്റ്റന്മാര്‍ ശതകങ്ങള്‍ നേടിയ മത്സരത്തില്‍ മിത്താലി രാജ്(125*), സ്മൃതി മന്ഥാന(51) എന്നിവര്‍ക്കൊപ്പം ദീപ്തി ശര്‍മ്മയും(38) ചേര്‍ന്ന് ഇന്ത്യയെ 253/5 എന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. 254 റണ്‍സ് വിജയ ലക്ഷ്യം ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് അവശേഷിക്കെയാണ് മറികടന്നത്. 156/1 എന്ന നിലയില്‍ നിന്ന് ശ്രീലങ്കന്‍ നിരയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ഇന്ത്യയ്ക്കായെങ്കിലും പരമ്പര തൂത്തുവാരുവാന്‍ ടീമിനായില്ല.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 6 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്ക ആദ്യ നാല് പന്തില്‍ നിന്ന് തന്നെ സ്കോര്‍ ഒപ്പമെത്തിക്കുകയും അഞ്ചാം പന്ത് ബൗണ്ടറി പായിച്ച് വിജയം നേടുകയുമായിരുന്നു. ശ്രീപാലി വീരകോഡി(14*), കവിഷ ദില്‍ഹാരി(12*) എന്നിവരാണ് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. എട്ടാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 16 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്.

നേരത്തെ ചാമരി അട്ടപ്പട്ടു ശ്രീലങ്കയ്ക്കായി ശതകം(115) നേടി അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇന്ത്യ തിരിച്ചടിയ്ക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഹസിനി പെരേരയും(45) ചാമരിയും 101 റണ്‍സാണ് നേടിയത്. അനായാസ ജയത്തിലേക്ക് കുതിയ്ക്കുകയായിരുന്ന ശ്രീലങ്കയെ 156/1 എന്ന നിലയില്‍ നിന്ന് 229/6 എന്ന നിലയിലേക്ക് ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും അവസാന ഓവറുകളില്‍ സമ്മര്‍ദ്ദം അതിജീവിച്ച് ലങ്ക വിജയം നേടി.

ഇന്ത്യയ്ക്കായി മാന്‍സി ജോഷിയും ജൂലന്‍ ഗോസ്വാമിയും രണ്ട് വിക്കറ്റും പൂനം യാദവ്, ദയലന്‍ ഹേമലത എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Advertisement