രാഹുല്‍ അല്ല സഞ്ജുവായിരുന്നു ഇന്ത്യന്‍ ടീമിൽ വേണ്ടത് – ഡാനിഷ് കനേരിയ

ഇന്ത്യയുടെ ഏഷ്യ കപ്പ് സ്ക്വാഡിൽ കെഎൽ രാഹുലിന് അല്ല പകരം സഞ്ജു സാംസണിനായിരുന്നു ഇടം ലഭിയ്ക്കേണ്ടിയിരുന്നത് എന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം ഡാനിഷ് കനേരിയ.

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം രാഹുലിനെ ഇന്ത്യ നേരെ ഏഷ്യ കപ്പ് ടീമിൽ ഉള്‍പ്പെടുത്തുകയായിരുന്നു. സിംബാബ്‍വേ ഏകദിന പരമ്പരയിൽ ഇന്ത്യന്‍ ടീമിനെ രാഹുല്‍ നയിച്ചുവെങ്കിലും കാര്യമായ സംഭാവന താരത്തിൽ നിന്നുണ്ടായില്ല.

2022 ഐപിഎലിന് ശേഷം പരിക്കിന്റെ പിടിയിലായ താരം പിന്നീട് കോവിഡ് ബാധിതനും ആയിരുന്നു. മികച്ച ഫോമിൽ കളിച്ച സഞ്ജുവിനായിരുന്നു ഏഷ്യ കപ്പിൽ ഇന്ത്യ അവസരം നൽകേണ്ടിയിരുന്നതെന്നും സഞ്ജുവിന് മുമ്പ് ഇന്ത്യന്‍ ടീമിൽ അധികം അവസരം ലഭിയ്ക്കില്ലായിരുന്നുവെങ്കിലും ഇപ്പോള്‍ സഞ്ജുവിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് രാഹുല്‍ ദ്രാവിഡ് അദ്ദേഹത്തിന് അവസരം നൽകുന്നുണ്ടെന്നും കനേരിയ പ്രതികരിച്ചു.

രാഹുലിന് ലോകകപ്പ് സമയത്തേക്ക് ഫോം വീണ്ടെടുത്ത് വരുവാനുള്ള സമയം ആയിരുന്നു ഇന്ത്യ നൽകേണ്ടിയിരുന്നതെന്നും കനേരിയ കൂട്ടിചേര്‍ത്തു.