ഗാംഗുലിയ്ക്ക് ശേഷം രോഹിത്, ഒരു ലോകകപ്പില്‍ തന്നെ മൂന്ന് ശതകങ്ങള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയാ ശ്രമകരമായ ചേസിനിടെ തന്റെ ശതകം നേടിയ രോഹിത് ശര്‍മ്മയ്ക്ക് ഒരു റെക്കോര്‍ഡ് കൂടി. 2003ല്‍ സൗരവ് ഗാംഗുലി നേടിയ മൂന്ന് ശതകങ്ങളുടെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് രോഹിത് ഇന്നത്തെ തന്റെ ഇന്നിംഗ്സിലൂടെ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 122 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയ്ക്കെതിരെ രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.

പിന്നീട് പാക്കിസ്ഥാനെതിരെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഇന്ത്യന്‍ ഉപ നായകന്‍ പുറത്തെടുത്തത്. 140 റണ്‍സാണ് അന്ന് താരം നേടിയത്. ഇന്ന് ഇംഗ്ലണ്ടിനോടു കൂടി ശതകം നേടിയതോടെ ഇന്ത്യന്‍ ഓപ്പണര്‍ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം എത്തുകയായിരുന്നു. ഇന്ന് രോഹിത് 102 റണ്‍സ് നേടിയാണ് പുറത്തായത്.