അപരാജിത കുതിപ്പ് തുടരാൻ നോർത്ത് ഈസ്റ്റും ജംഷദ്പൂരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ല് അഞ്ചാം സീസണിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത രണ്ടു ടീമുകൾ ഇന്ന് നേർക്കുനേർ വരുന്നു. നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് ഹൈലാൻഡേഴ്സിനെ നേരിടാൻ എത്തുന്നത് ജംഷദ്പൂരാണ്. അവസാന മത്സരത്തിൽ ചെന്നൈയിനെ ഒരുഗ്രൻ തിരിച്ചുവരവിലൂടെ തോൽപ്പിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവരുടെ എക്കാലത്തെയും മികച്ച ഫോമിലാണെന്ന് പറയാം.

മൂന്ന് മത്സരങ്ങളിൽ നിന്നായി ഏഴു പോയന്റ് ഇതുവരെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങൾക്ക് ഒക്കെ പ്രായശ്ചിത്തം ചെയ്യാൻ ഒരുങ്ങിയ ഒരു പുതിയ നോർത്ത് ഈസ്റ്റിനെയാണ് ഈ സീസണിൽ കാണാൻ കഴിയുന്നത്. ഒഗ്ബെചെ എന്ന സ്ട്രൈക്കറുടെ തകർപ്പൻ ഫോമും ബോർത്ത് ഈസ്റ്റിന് കരുത്തേകുന്നു. ഇന്ന് വിജയിക്കുകയാണെങ്കിൽ നോർത്ത് ഈസ്റ്റ് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തും.

മറുവശത്ത് ജംഷദ്പൂരും ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. രണ്ട് സമനിലകളും ഒരു ജയവുമാണ് ജംഷദ്പൂരിന്റെ സമ്പാദ്യം. പുതിയ പരിശീലകൻ ഫെറാണ്ടോയുടെ കീഴിൽ മികച്ച ഫുട്ബോൾ ആണ് ജംഷദ്പൂർ കളിക്കുന്നത്‌. കഴിഞ്ഞ സീസണിൽ ഇരുവരും രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ നോർത്ത് ഈസ്റ്റിന് ഒരു ഗോൾ വരെ നേടാൻ കഴിഞ്ഞിരുന്നില്ല.