മൂന്നും തോറ്റ് ശ്രീലങ്ക, ടെയിലറിനും നിക്കോളസിനും ശതകം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ശ്രീലങ്കയെ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്ത് ന്യൂസിലാണ്ട്. ഇന്ന് സാക്സ്റ്റണ്‍ ഓവലില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 364/4 എന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്. റോസ് ടെയിലറും ഹെന്‍റി നിക്കോളസും ശതകം നേടിയാണ് ടീമിനെ പടുകൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 41.4 ഓവറില്‍ 249 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 115 റണ്‍സിന്റെ തോല്‍വിയാണ് സന്ദര്‍ശകര്‍ ഏറ്റു വാങ്ങിയത്.

മത്സരത്തില്‍ ടോസ് നേടി ലങ്ക ന്യൂസിലാണ്ടിനെ ബാറ്റിംഗിനയയ്ച്ചു. ലസിത് മലിംഗ് കോളിന്‍ മണ്‍റോയെയും(21) മാര്‍ട്ടിന്‍ ഗുപ്ടിലിനെയും തുടക്കത്തില്‍ പുറത്താക്കിയെങ്കിലും പിന്നീട് മത്സരത്തില്‍ ന്യൂസിലാണ്ട് പിടിമുറുക്കുനന് കാഴ്ചയാണ് കണ്ടത്. കെയിന്‍ വില്യംസണ്‍ അര്‍ദ്ധ ശതകം നേടി പുറത്താകുമ്പോള്‍ മൂന്നാം വിക്കറ്റില്‍ റോസ് ടെയിലറുമായി ചേര്‍ന്ന് 115 റണ്‍സാണ് ടീം നേടിയത്. 55 റണ്‍സായിരുന്നു വില്യംസണ്‍ നേടിയത്. ലക്ഷന്‍ സണ്ടകനാണ് വിക്കറ്റ് ലഭിച്ചത്.

പിന്നീട് നാലാം വിക്കറ്റില്‍ 154 റണ്‍സാണ് ടെയിലര്‍-നിക്കോളസ് കൂട്ടുകെട്ട് പുറത്തെടുത്തത്. മലിംഗയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 137 റണ്‍സാണ് റോസ് ടെയിലര്‍ നേടിയത്. ഹെന്‍റി നിക്കോളസ് 124 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ ടോപ് ഓര്‍ഡറിനു തുടക്കം ലഭിച്ചുവെങ്കിലും ആ തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ ടീമിനു സാധിച്ചില്ല. കുശല്‍ പെരേര(43), നിരോഷന്‍ ഡിക്ക്വെല്ല(46), ധനന്‍ജയ ഡി സില്‍വ(36) എന്നിവര്‍ പുറത്തായ ശേഷം തിസാര പെരേരയുടെ 80 റണ്‍സിന്റെ ബലത്തില്‍ ശ്രീലങ്ക പൊരുതിയെങ്കിലും ലക്ഷ്യം ഏറെ വലുതായിരുന്നു. ധനുഷ്ക ഗുണതിലക 31 റണ്‍സ് നേടി.

ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍ നാലും ഇഷ് സോധി മൂന്നും വിക്കറ്റ് നേടി ശ്രീലങ്കയ്ക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു.