FeaturedFootball

തിരിച്ചുവരവ് ലക്ഷ്യമിട്ട് മലപ്പുറം എഫ്‌സി- എതിരാളികൾ ഫോർസ കൊച്ചി

Resizedimage 2026 11 05 23 05 28 6440[1]

മലപ്പുറം: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിൽ കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് മറുപടി നൽകി വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെ മലപ്പുറം എഫ്‌സി ഇന്ന് ഫോർസ കൊച്ചി എഫ്‌സിയെ നേരിടും. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റ് എഫ്‌സിക്കെതിരെ 6-2ന്റെ തോൽവി വഴങ്ങിയ മലപ്പുറത്തിന് വരാനിരിക്കുന്ന മത്സരം നിർണായകമാണ്. സ്വന്തം ആരാധകർക്ക് മുന്നിൽ മികച്ച പ്രകടനം പുറത്തെടുത്ത് പോയിന്റ് പട്ടികയിൽ മുന്നേറാനാണ് ടീമിന്റെ ശ്രമം. ആദ്യപാദത്തിൽ ഫോർസ കൊച്ചി എഫ്‌സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട മലപ്പുറത്തിന് സ്വന്തം തട്ടകത്തിൽ കണക്കുതീർക്കാനുള്ള അവസരം കൂടിയാണിത്.

പ്രതിരോധനിരയിലെ പ്രധാന താരങ്ങളായ ബിബിൻ അജയൻ, മഷൂർ ഷെരീഫും മുന്നേറ്റനിരയിലെ പ്രധാന താരമായ സ്ട്രൈക്കർ അമാദു സൊക്കൂന്ന എന്നിവർ പരിക്കേറ്റ് സീസണിൽ നിന്ന് പുറത്തായത് മലപ്പുറം എഫ്‌സിക്ക് വലിയ തിരിച്ചടിയാണ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ സസ്‌പെൻഷൻ കാരണം കളിക്കാതിരുന്ന സാലിം തിരിച്ചെത്തുന്നത് ടീമിന് ആശ്വാസമാകും. മൊറോക്കൻ പരിശീലകൻ കരീം ബെഞ്ചറിഫയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന മലപ്പുറം നിലവിലെ പ്രതിസന്ധികളെ മറികടന്ന് മികച്ച പ്രകടനത്തോടെ വിജയവഴിയിലേക്ക് മടങ്ങാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 6 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്താണ്.

മറുഭാഗത്ത് മികച്ച പ്രകടനം തുടരുന്ന ഫോർസ കൊച്ചി എഫ്‌സി പോയിന്റ് പട്ടികയിൽ മുന്നിലുള്ള ടീമുകളിലൊന്നാണ്. 6 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി കൊച്ചി രണ്ടാം സ്ഥാനത്താണുള്ളത്. കൊച്ചിക്ക് വേണ്ടി രാഹുൽ രാജു,അലൻ സജി, സലാഹ് തുടങ്ങിയവർ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യപാദത്തിൽ മലപ്പുറത്തിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് കൊച്ചി ഇറങ്ങുന്നത്. പോയിന്റ് പട്ടികയിൽ മുന്നേറ്റം തുടരാൻ കൊച്ചിയും തോൽവിയിൽ നിന്ന് തിരിച്ചെത്താൻ മലപ്പുറവും ശ്രമിക്കുമ്പോൾ പയ്യനാട് സ്റ്റേഡിയത്തിൽ ആവേശകരമായ പോരാട്ടം പ്രതീക്ഷിക്കാം. സ്വന്തം ആരാധകരുടെ പിന്തുണയിൽ വിജയത്തോടെ തിരിച്ചുവരാനും ആദ്യപാദത്തിലെ തോൽവിക്ക് മറുപടി നൽകാനുമാണ് മലപ്പുറം എഫ്‌സിയുടെ ലക്ഷ്യം.