കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരത്തെ പ്രീസീസൺ ടൂറിൽ ഉൾപ്പെടുത്താത്തതുമായി സംബന്ധിച്ച വിവാദങ്ങളിൽ താരത്തിന്റെ പ്രതികരണം എത്തി. ഇന്നലെ യു എ ഇയിലേക്ക് പുറപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ജിതിന് അവസരം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെ ജിതിൻ ഇട്ട ഇൻസ്റ്റാഗ്രാം സ്റ്റോറി ഏറ്റുപിടിച്ച ആരാധകരിൽ ചിലർ കേരള ബ്ലാസ്റ്റേഴ്സിനെതിരെ രംഗത്ത് എത്തിയിരുന്നു.
കേരളത്തിന്റെ ഏറ്റവും മികച്ച ടാലന്റുകളിൽ ഒന്നായ ജിതിനെ അവഗണിക്കുന്നത് ശരിയല്ല എന്നായിരുന്നു വിമർശനങ്ങൾ. എന്നാൽ തന്നെ ഉപയോഗിച്ച് ആരും തന്റെ ക്ലബിനെ കരി വാരി തേക്കേണ്ടതില്ല എന്ന് ജിതിൻ എം എസ് പറഞ്ഞു. തന്റെ ഫേസ് ബുക്കിലൂടെ ആണ് സംഭവത്തിൽ ജിതിൻ പ്രതികരിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകർക്ക് എല്ലാത്തിലും കൃത്യമായ പ്ലാനുകൾ ഉണ്ട്. താൻ കളിക്കേണ്ട സമയമായാൽ തനിക്ക് സ്വാഭാവികമായും ടീമിൽ അവസരം കിട്ടുമെന്ന് ജിതിൻ പറഞ്ഞു.
ഇൻസ്റ്റാഗ്രാം സ്റ്റോറിക്കും തന്റെ ടീമിലെ സ്ഥാനത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ല. ആൾക്കാർ ഇത് വെച്ച് തെറ്റിദ്ധാരണ പരത്തുക ആണെന്നും താൻ സ്നേഹിക്കുന്ന ക്ലബിനെ മോശമായി ചിത്രീകരിക്കരുത് എന്നും ജിതിൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന് സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ജിതിൻ.