ദക്ഷിണാഫ്രിക്കയുടെ മികച്ച തുടക്കത്തിന് ശേഷം കളി മുടക്കി മഴ

22 ഓവറില്‍ 108/1 എന്ന സ്കോര്‍ നേടി നില്‍ക്കവെ ദക്ഷിണാഫ്രിക്ക എയുടെ ബാറ്റിംഗിനെ തടസ്സപ്പെടുത്തി മഴ. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ പരമ്പരയിലെ ആശ്വാസ വിജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് റീസ ഹെന്‍ഡ്രിക്സിന്റെ അര്‍ദ്ധ ശതകമാണ് ഇന്ന് മികച്ച തുടക്കം നല്‍കിയത്. മാത്യൂ ബ്രിറ്റ്സ്കേയുമായി ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 10 ഓവറില്‍ നിന്ന് 58 റണ്‍സ് ദക്ഷിണാഫ്രിക്ക നേടിയെങ്കിലും 25 റണ്‍സ് നേടിയ മാത്യൂവിനെ രാഹുല്‍ ചഹാര്‍ പുറത്താക്കി.

പിന്നീട് രണ്ടാം വിക്കറ്റില്‍ 50 റണ്‍സ് കൂടി ദക്ഷിണാഫ്രിക്ക നേടിയെങ്കിലും അത്ര കനത്തതല്ലാത്ത മഴ ഇന്നിംഗ്സിന് തടസ്സം സൃഷ്ടിച്ചു. 28 റണ്‍സ് നേടിയ ടെംബ ബാവുമയാണ് 52 റണ്‍സ് നേടി നില്‍ക്കുന്ന റീസ ഹെന്‍ഡ്രിക്സിനൊപ്പം ക്രീസിലുള്ളത്.