കോഴിക്കോടിനെ ആവേശത്തിലാഴ്ത്താൻ കെസിഎൽ ഫാൻ ലീഗ്; രാമനാട്ടുകരയിൽ പോരാട്ടം 11, 12 തീയതികളിൽ

കോഴിക്കോട്: കേരള ക്രിക്കറ്റ് ലീഗിന് (KCA) മുന്നോടിയായി ആരാധകർക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കെസിഎൽ ഫാൻ ലീഗ്’ ടൂർണമെന്റിന് രാമനാട്ടുകര വേദിയാകുന്നു. 11, 12 തീയതികളിൽ രാമനാട്ടുകര ഇസഡ് ഇലവൻ സോക്കർ അക്കാദമിയിൽ (Z Eleven Soccer Academy) വച്ചാണ് മിന്നുന്ന പോരാട്ടങ്ങൾ അരങ്ങേറുക. കോഴിക്കോട് ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 32 ടീമുകളാണ് സോഫ്റ്റ് ടെന്നീസ് ബോൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക. കോഴിക്കോട്ടെ ജില്ലാ ചാമ്പ്യന്മാർ തൃശൂർ, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിജയികളുമായി സംസ്ഥാനതലത്തിൽ ഏറ്റുമുട്ടും. സംസ്ഥാനതല ഫൈനലിൽ കിരീടമണിയുന്ന ടീമിന് 30,000 രൂപയും കെസിഎൽ ഫാൻ ലീഗ് ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കാം. പങ്കെടുക്കുന്ന മുഴുവൻ കായികതാരങ്ങൾക്കും കേരള ക്രിക്കറ്റ് അസോസിയേഷന്റെ സർട്ടിഫിക്കറ്റുകളും നൽകും.
സൗജന്യമായ രജിസ്ട്രേഷനിലൂടെ 11 അംഗങ്ങളുള്ള സ്ക്വാഡാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത് . ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ തങ്ങളുടെ ടീമിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം. വീഡിയോയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ അടിസ്ഥാനത്തിലായിരിക്കും ടീമുകളുടെ തെരഞ്ഞെടുപ്പ്. വീഡിയോ പങ്കുവെക്കുമ്പോൾ @KeralaCricketAssociation, @kcl_t20 എന്നീ ഔദ്യോഗിക പേജുകൾ നിർബന്ധമായും ടാഗ് ചെയ്യേണ്ടതാണ്. തുടർന്ന്, പങ്കുവെച്ച പോസ്റ്റിന്റെ ലിങ്ക് 7356 935935 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാകും. കളിക്കാർക്ക് പുറമെ കാണികൾക്കായി ‘വോയിസ് ഓഫ് കെസിഎൽ’ കമന്ററി മത്സരം, ഫാസ്റ്റ് ബൗളിംഗ് ചലഞ്ച്, മുതിർന്നവർക്കും കുട്ടികൾക്കും ആസ്വദിക്കാവുന്ന ഗെയിം സോണുകൾ എന്നിവയും മൈതാനത്ത് ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ വൻ വിജയത്തിന് ശേഷമാണ് കെസിഎൽ ഫാൻ ലീഗ് കോഴിക്കോട്ടേക്ക് എത്തുന്നത്.