ബെൻ കറന് ശതകം!!! രണ്ടാം ഏകദിനത്തിലും ജയം നേടി സിംബാബ്‍വേ

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും വിജയം കരസ്ഥമാക്കി സിംബാബ്‍വേ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 247/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശിനെ 234 റൺസിന് ഓള്‍ഔട്ട് ആക്കി സിംബാബ്‍വേ 13 റൺസിന്റെ വിജയം നേടി.
സിംബാബ്‍വേയ്ക്ക് വേണ്ടി 111 റൺസുമായി പുറത്താകാതെ നിന്ന ബെന്‍ കറന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. സിക്കന്ദര്‍ റാസ 33 റൺസ് നേടിയപ്പോള്‍ ബ്രാഡ് ഇവാന്‍സ് പുറത്താകാതെ 38 പന്തിൽ നിന്ന് 58 റൺസ് നേടി. ഏഴാം വിക്കറ്റിൽ കറനും ഇവാന്‍സും ചേര്‍ന്ന് 99 റൺസാണ് നേടിയത്. ബംഗ്ലാദേശിന് വേണ്ടി ടാസ്കിന്‍ അഹമ്മദും മെഹ്ദി ഹസന്‍ മിറാസും രണ്ട് വീതം വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 48.1 ഓവറിൽ 234 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. തൗഹിദ് ഹൃദോയ് 60 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ തന്‍സിദ് ഹസന്‍ തമീം 57 റൺസും നൂറുൾ ഹസന്‍ 38 റൺസും നേടി. സിംബാബ്‍വേയ്ക്ക് വേണ്ടി റിച്ചാര്‍ഡ് എന്‍ഗാരാവ മൂന്നും ബ്ലെസ്സിംഗ് മുസറബാനിയും ബ്രാഡ് ഇവാന്‍സും രണ്ട് വീതം വിക്കറ്റും നേടി.
ചേസിംഗിനിടെ ഒരു ഘട്ടത്തിൽ 207/5 എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് 27 റൺസ് നേടുന്നതിനിടെ ഓള്‍ഔട്ട് ആകുകയായിരുന്നു.