FeaturedCricket

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും ആംബറിനും വിജയം

Img 20260907 Wa0057

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി സഫയർ. എമറാൾഡിനെ 54 റൺസിനാണ് സഫയർ കീഴടക്കിയത്. മറ്റൊരു മത്സരത്തിൽ ആംബർ റൂബീസിനെ നാല് വിക്കറ്റുകൾക്ക് തോൽപ്പിച്ചു.

എമറാൾഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത സഫയർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുത്തു. 35 റൺസെടുത്ത അൻസു സുനിലും 30 റൺസെടുത്ത മാളവിക സാബുവും മാത്രമാണ് സഫയറിന്റെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡ് 15.1 ഓവറിൽ വെറും 57 റൺസിന് ഓൾ ഔട്ടായി. 20 റൺസെടുത്ത ക്യാപ്റ്റൻ നജ്ലയാണ് ടീമിന്റെ ടോപ് സ്കോറർ. സഫയറിന് വേണ്ടി വിനയ സുരേന്ദ്രനും ഇഷിത ഷാനിയും മൂന്ന് വിക്കറ്റ് വീതവും വി ജെ ശീതൾ രണ്ട് വിക്കറ്റും വീഴ്ത്തി. വിനയ സുരേന്ദ്രനാണ് പ്ലെയർ ഓഫ് ദി മാച്ച്.

രണ്ടാം മത്സരത്തിൽ ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത റൂബീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്തു. 41 റൺസുമായി പുറത്താകാതെ നിന്ന ദിവ്യ ഗണേഷിന്റെ ഇന്നിങ്സാണ് റൂബീസിന്റെ സ്കോർ 100 കടത്തിയത്. ആംബറിന് വേണ്ടി നിയതി ആർ മഹേഷ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബർ 16.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 28 റൺസെടുത്ത അഭിരാമി പി ബിനുവും 23 റൺസെടുത്ത സായൂജ്യയുമാണ് ആംബറിന്റെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. റൂബീസിന് വേണ്ടി ആശ ശോഭന മൂന്നും നിത്യ ലൂർദ്ദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. അഭിരാമി പി ബിനുവാണ് പ്ലെയർ ഓഫ് ദി മാച്ച്.