ഇവരോ ഫേവറൈറ്റ്സ്?, ഇന്ത്യയോട് വീണ്ടും പരാജയമേറ്റു വാങ്ങി പാക്കിസ്ഥാന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് ഏവരും പറഞ്ഞത് പാക്കിസ്ഥാനാണ് ഈ ഏഷ്യ കപ്പിലെ ഫേവറൈറ്റ്സ് എന്നാണ്. അതിനു നിരത്തിയ കാരണങ്ങള്‍ സര്‍ഫ്രാസ് അഹമ്മദിനു കീഴില്‍ അടുത്തിടെ ടീം പരിമിത ഓവര്‍ ക്രിക്കറ്റില്‍ പുറത്തെടുക്കുന്ന പ്രകടനം, ഫകര്‍ സമന്റെ ഫോം, യുഎഇ അവരുടെ ഹോം ഗ്രൗണ്ട്, ഇന്ത്യയ്ക്ക് വിരാട് കോഹ്‍ലിയുടെ അഭാവം എന്നിവയായിരുന്നു. മുന്‍ താരങ്ങളും കമന്റേറ്റര്‍മാരും എല്ലാം പാക്കിസ്ഥാനു ആനുകൂല്യം പ്രഖ്യാപിച്ചപ്പോള്‍ ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ ഇന്ത്യയോട് അടിയറവ് പറയുന്നത്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ശതകം നേടിയ മത്സരത്തില്‍ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 39.3 ഓവറില്‍ നിന്ന് വിജയം കുറിയ്ക്കുകയായിരുന്നു.

ഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോല്‍വിയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനോട് പൊരുതി ജയം നേടിയ ആത്മവിശ്വാസത്തിലെത്തിയ പാക്കിസ്ഥാനു എന്നാല്‍ വീണ്ടും പിഴയ്ക്കുകയായിരുന്നു. ഷൊയ്ബും(78) സര്‍ഫ്രാസും(44) വീണ്ടും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 237 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ ബാറ്റിംഗിനെ യാതൊരു തരത്തിലും തടയിടുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ടീം അനായാസം കീഴടങ്ങി.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും നല്‍കിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ അടിത്തറയില്‍ ഇന്ത്യ ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ നാലാം വിജയം സ്വന്തമാക്കി. പാക് ഫീല്‍ഡര്‍മാര്‍ കൈവിട്ട അവസരങ്ങള്‍ മുതലാക്കി രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനൊപ്പം ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ ഒന്നാം വിക്കറ്റില്‍ കൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പാണ് നേടിയത്. ഷഹീന്‍ അഫ്രീദിയെ ബൗണ്ടറി പായിച്ച് തന്റെ 15ാം ഏകദിന ശതകം സ്വന്തമാക്കിയ ശിഖര്‍ ധവാനാണ് കൂട്ടത്തില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചതെങ്കിലും രോഹിത്തും ഒട്ടും പിന്നിലല്ലായിരുന്നു.

210 റണ്‍സില്‍ ശിഖര്‍ ധവാന്‍ റണ്ണൗട്ടാവുമ്പോള്‍ 100 പന്തില്‍ നിന്ന് 16 ബൗണ്ടറിയും 2 സിക്സും സഹിതമാണ് ശിഖര്‍ തന്റെ 114 റണ്‍സ് നേടിയത്. ഇന്ത്യ വിജയത്തിനു 28 റണ്‍സ് അകലെ നില്‍ക്കുമ്പോളാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഏതാനും ഓവറുകള്‍ക്ക് ശേഷം ഷൊയ്ബ് മാലിക്കിന്റെ ഓവറില്‍ ഡബിള്‍ ഓടി രോഹിത് ശര്‍മ്മ തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.രോഹിത്തിന്റെ 19ാം ഏകദിന ശതകമാണ് ഇന്ന് പാക്കിസ്ഥാനെതിരെ നേടിയത്. വിജയ സമയത്ത് 111 റണ്‍സ് നേടിയ രോഹിത്ത് ശര്‍മ്മയ്ക്കൊപ്പം 12 റണ്‍സുമായി അമ്പാട്ടി റായിഡും ക്രീസിലുണ്ടായിരുന്നു.