യോ ഇന്ത്യ!!! ലോക ചാമ്പ്യന്മാര്‍

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 4 വിക്കറ്റ് വിജയവുമായി ഇന്ത്യ. 47.4 ഓവറിലാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. നിശാന്ത് സിന്ധു 50 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 5 പന്തിൽ 13 റൺസ് നേടി നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ച് ദിനേശ് ബാനയും വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു. ഇത് അഞ്ചാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് വിജയിക്കുന്നത്.

Nishantsindhu

190 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ അംഗ്കൃഷ് രഘുവംശിയെ നഷ്ടപ്പെടുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ ഒരു റൺസ് പോലും പിറന്നിരുന്നില്ല. പിന്നീട് വൈസ് ക്യാപ്റ്റന്‍ ഷൈഖ് റഷീദും ഹര്‍നൂര്‍ സിംഗും(21) ചേര്‍ന്ന് കരുതലോടെ രണ്ടാം വിക്കറ്റിൽ 49 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും ഹര്‍നൂര്‍ പുറത്തായി.

ഷൈഖും യഷ് ധുല്ലും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിനിടെ ഇന്ത്യയ്ക്ക് അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും നഷ്ടമായി. 95/2 എന്ന നിലയിൽ നിന്ന് 97/4 എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോള്‍ റഷീദ് 50 റൺസും യഷ് ധുൽ 17 റൺസുമാണ് നേടിയത്. ഇംഗ്ലണ്ട് ക്യാമ്പിൽ വിജയ പ്രതീക്ഷ വന്നുവെങ്കിലും അത് ഇല്ലാതാക്കി രാജ് ബാവ – നിഷാന്ത് സിന്ധു കൂട്ടുകെട്ട് നിര്‍ണ്ണായകമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ മുന്നോട്ട് നയിച്ചു.

Rajbawa

ഇരുവരും ചേര്‍ന്ന് ഇന്ത്യയെ അവസാന 8 ഓവറിൽ 30 റൺസ് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചു. എന്നാൽ 67 റൺസ് കൂട്ടുകെട്ടിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 35 റൺസ് നേടിയ ബാവയെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ടൂര്‍ണ്ണമെന്റിലെ തന്നെ മികച്ച ബൗളര്‍ ജോഷ്വ ബോയ്ഡന്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

നിശാന്ത് സിന്ധു ഒരു വശത്ത് റൺസ് കണ്ടെത്തുമ്പോള്‍ മറുവശത്ത് വിക്കറ്റുമായി ഇംഗ്ലണ്ട് സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ലക്ഷ്യം 14 റൺസ് അകലെ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി. 18 പന്തിൽ 12 റൺസ് വേണ്ടപ്പോള്‍ ഇന്ത്യയുടെ കൈയ്യിൽ 4 വിക്കറ്റായിരുന്നു ബാക്കി.

48ാം ഓവറിൽ നിഷാന്ത് സിന്ധു ഒരു ഫോറും ദിനേസ് ബാന ഒരു സിക്സും നേടിയപ്പോള്‍ ഇന്ത്യ വിജയത്തിന് ഒരു റൺസ് അകലെ എത്തി. സിക്സര്‍ പറത്തി ബാന ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.