മിലാൻ ഡാർബിയിൽ ജിറൂഡാട്ടം!! ഇന്ററിനെ ഞെട്ടിച്ച് എ സി മിലാൻ തിരിച്ചുവരവ്

20220206 002838

സീരി എയിലെ കിരീട പോരാട്ടത്തിൽ ഒരു വലിയ ട്വിസ്റ്റ് ആണ് ഇന്ന് മിലാൻ ഡാർബിയിൽ നടന്നത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാനെ പരാജയപ്പെടുത്തി കൊണ്ട് എ സി മിലാൻ ഇന്ററിന് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി. ഫ്രഞ്ച് സ്ട്രൈക്കർ ജിറൂഡിന്റെ ഇരട്ട ഗോളുകൾ ആണ് എ സി മിലാന് വിജയം നൽകിയത്. ഇബ്രയും റെബിചും ഉൾപ്പെടെ പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങിയ എ സി മിലാൻ ഇന്ന് തുടക്കത്തിൽ പതറിയിരുന്നു.

ഇന്റർ മിലാൻ ആണ് നല്ല അവസരങ്ങൾ തുടക്കത്തിൽ സൃഷ്ടിക്കച്ചത്. മിലാൻ ഗോൾ കീപ്പർ മൈഗ്നിയന്റെ മികവ് പലപ്പോഴും എ സി മിലാനെ രക്ഷിച്ചു. പക്ഷെ 38ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് പെരിസിചിലൂടെ ഇന്റർ ലീഡ് എടുത്തു. കോർണർ കിക്കിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ പെനാൾട്ടി ബോക്സിൽ നിന്ന പെരിസിച് എളുപ്പത്തിൽ വല കണ്ടെത്തുക ആയിരുന്നു.

20220206 001720

രണ്ടാം പകുതിയിൽ ആണ് മിലാൻ ഊർജ്ജം സംഭരിച്ച് പോരാട്ടം തുടങ്ങിയത്. 75ആം മിനുട്ടിൽ ഒരു പ്രോപ്പർ 9ആം നമ്പർ സ്ട്രൈക്കറിന്റെ മികവിൽ ജിറൂദ് സമനില ഗോൾ കണ്ടെത്തി. ഇതോടെ കളി മിലാന്റെ വരുതിയിലായി. മൂന്ന് മിനുട്ടുകൾ കഴിഞ്ഞ് വീണ്ടും ജിറൂദ് വല കണ്ടു. ഇത്തവണ ഒരു മനോഹരമായ ടേണിന് ശേഷമായിരുന്നു ജിറൂദിന്റെ ഗോൾ. 2-1

പിന്നീട് സമർത്ഥമായി ഡിഫൻഡ് ചെയ്ത് എസി മിലാൻ വിജയം ഉറപ്പിച്ചു. കളിയുടെ 95 മിനുട്ടിൽ തിയോ ചുവപ്പ് കാർഡ് കണ്ടതോടെ മിലാൻ 10 പേരായി ചുരുങ്ങി എങ്കിലും ഡാർബി എസി മിലാൻ തന്നെ സ്വന്തമാക്കി. ഈ വിജയത്തോടെ എ സി മിലാൻ 52 പോയിന്റുമായി ഇന്ററിന് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി. 53 പോയിന്റുള്ള ഇന്റർ ഒരു മത്സരം കുറവാണ് കളിച്ചത്.