ആദ്യ ദിവസം ജയം നേടി ജര്‍മ്മനി, അയര്‍ലണ്ട്, ഓസ്ട്രേലിയ

- Advertisement -

വനിത ഹോക്കി ലോകകപ്പിലെ ഉദ്ഘാടന ദിവസം ജയം സ്വന്തമാക്കി ജര്‍മ്മനി, അയര്‍ലണ്ട്, ഓസ്ട്രേലിയ ടീമുകള്‍. ഉദ്ഘാടന മത്സരത്തില്‍ പൂള്‍ സിയില്‍ ജര്‍മ്മനി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. പൂള്‍ ബിയില്‍ അമേരിക്കയെ അയര്‍ലണ്ടും പൂള്‍ ഡി മത്സരത്തില്‍ ജപ്പാന്റെ ചെറുത്ത്നില്പിനെ ഓസ്ട്രേലിയയും മറികടന്നു.

ഇന്നലെ ആരംഭിച്ച ടൂര്‍ണ്ണമെന്റില്‍ ആദ്യ മത്സരത്തില്‍ ജര്‍മ്മനി 3-1 എന്ന സ്കോറിനു ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയായിരുന്നു. ജര്‍മ്മനിയ്ക്ക് വേണ്ടി വിക്ടോറിയ ഹൂസ് രണ്ടും ചാര്‍ലോട്ട് സ്റ്റാപ്പെന്‍ഹോസ്റ്റ് ഒരു ഗോളും നേടി. ലിസ-മാരിയാണ് ദക്ഷിണാഫ്രിക്കയുടെ ഗോള്‍ സ്കോറര്‍.

3-1 എന്ന മാര്‍ജിനിലാണ് അയര്‍ലണ്ടും യുണൈറ്റഡ് സ്റ്റേറ്റ്സിനെ പരാജയപ്പെടുത്തിയത്. അയര്‍ലണ്ടിനു വേണ്ടി ഡെയര്‍ഡ്രേ ഡ്യൂക്ക് രണ്ടും ഷര്‍ലി മക്കേ ഒരു ഗോളും നേടിയപ്പോള്‍ അമേരിക്കയുടെ ആശ്വാസ ഗോള്‍ മാര്‍ഗൗക്സ് പൗളിനോ നേടി.

ദിവസത്തെ അവസാനത്തെയും ആവേശകരവുമായ മത്സരത്തില്‍ ജപ്പാനെതിരെ 3-2 എന്ന സ്കോറിനാണ് ഓസ്ട്രേലിയന്‍ ജയം. മത്സരത്തിന്റെ അവസാന നിമിഷം ഗോള്‍ മടക്കി ജപ്പാന്‍ ക്യാമ്പില്‍ സമനില പ്രതീക്ഷകളുണര്‍ന്നെങ്കിലും ജപ്പാന്‍ സമ്മര്‍ദ്ദത്തെ ഓസ്ട്രേലിയ അതിജീവിക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി അംബ്രോസിയ മലോണേ, എമിലി ഹര്‍ട്സ്, ജോഡി കെന്നി എന്നിവര്‍ ഗോള്‍ സ്വന്തമാക്കിയപ്പോള്‍ മോട്ടോമി കവമുര കാട്ടോ അകിക്കോ എന്നിവരാണ് ജപ്പാനു വേണ്ടി ഗോള്‍ മടക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement