ഓണ്‍ ഗോള്‍, പെരിസിച്ച് പവര്‍, വാര്‍, സംഭവബഹുലമായ ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്നില്‍

- Advertisement -

ആവേശകരമായ ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ക്രൊയേഷ്യയ്ക്കെതിരെ ഫ്രാന്‍സ് മുന്നില്‍. മത്സരത്തില്‍ ഫ്രാന്‍സിനെക്കാള്‍ ആധിപത്യം ക്രൊയേഷ്യയാണ് പുലര്‍ത്തിയതെങ്കിലും ഓണ്‍ ഗോളിന്റെയും വാറിന്റെയും സഹായത്തോടെ ഫ്രാന്‍സ് മുന്നിലെത്തുകയായിരുന്നു. ഓണ്‍ ഗോളില്‍ മുന്നിലെത്തിയ ഫ്രാന്‍സിനു ലീഡ് അധിക നേരം നിലനിര്‍ത്താനായില്ല. ക്രൊയേഷ്യയെ തകര്‍പ്പന്‍ മറുപടി ഗോളുമായി പെരിസിച്ച് ഒപ്പമെത്തിച്ചുവെങ്കിലും മിനുട്ടുകള്‍ക്കകം വാര്‍ ഇടപെടലിലൂടെ ലഭിച്ച പെനാള്‍ട്ടി ഗോളാക്കി മാറ്റി ഗ്രീസ്മാന്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ആദ്യ പകുതി അവസാനിക്കുമ്പോള്‍ മത്സരത്തില്‍ മുന്നില്‍.

മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടത് ക്രൊയേഷ്യയാണെങ്കിലും മത്സര ഗതിയ്ക്കെതിരെ ആദ്യ ഗോള്‍ നേടിയത് ഫ്രാന്‍സായിരുന്നു. മത്സരത്തിന്റെ 18ാം മിനുട്ടില്‍ ആന്റോണിയോ ഗ്രീസ്മാന്‍ എടുത്ത ഫ്രീകിക്ക് ഓണ്‍ഗോളായി മാറിയപ്പോള്‍ ക്രൊയേഷ്യന്‍ ഹൃദയങ്ങള്‍ തകരുകയായിരുന്നു.

മാന്‍സുകിച്ചിന്റെ തലയില്‍ തട്ടിയ പന്ത് ചാടിയയുര്‍ന്ന ഗോളി ഡാനിയൽ സുബാസിച്ചിന്റെ കൈകളെ മറികടന്ന് ക്രൊയേഷ്യന്‍ ഗോള്‍വലയിലേക്ക് കയറി. ടൂര്‍ണ്ണമെന്റില്‍ പിറന്ന 12ാം ഓണ്‍ ഗോളായിരുന്നു ഇത്. മത്സരത്തിന്റെ 28ാം മിനുട്ടില്‍ തകര്‍പ്പനൊരു സ്ട്രൈക്കിലൂടെ ഇവാന്‍ പെരിസിച്ച് വീണ്ടും ക്രൊയേഷ്യയെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.

35ാം മിനുട്ടില്‍ വാര്‍ സഹായത്തോടെ ലഭിച്ച പെനാള്‍ട്ടി ഗോളാക്കി മാറ്റി ആന്റോയിന്‍ ഗ്രീസ്മാന്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ക്രൊയേഷ്യയുടെ സമനില ഗോള്‍ കണ്ടെത്തിയ പെരിസിച്ച് ആയിരുന്നു പെനാള്‍ട്ടിയ്ക്ക് കാരണക്കാരനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement