പൊന്നും വില കൊടുത്ത് ക്രിസ് മോറിസിനെ സ്വന്തമാക്കി, കരുത്താര്‍ജ്ജിച്ചോ ആര്‍സിബിയുടെ ബൗളിംഗ് നിര?

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആര്‍സിബിയ്ക്ക് എന്നും തലവേദനയായിട്ടുള്ളത് അവരുടെ ബൗളിംഗ് നിര തന്നെയാണ്. പേര് കേട്ട ബാറ്റ്സ്മാന്മാരുണ്ടായിട്ടും ടീം പിന്നില്‍ പോയിട്ടുള്ളത് ബൗളിംഗ് കൈവിട്ടത് കൊണ്ട് മാത്രമാണ്. ടീം എത്ര വലിയ സ്കോര്‍ നേടിയാലും അത് സംരക്ഷിക്കുവാന്‍ കഴിയാതെ പോകുന്ന ബൗളര്‍മാരാണ് ടീമിന് എന്നും തലവേദനയായി മാറിയിട്ടുള്ളത്. ഇത്തവണ ലേലത്തില്‍ ആര്‍സിബി ബൗളിംഗ് നിര ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും ലേലത്തില്‍ അതിനായി ആര്‍സിബി ശ്രമിച്ചിട്ടുണ്ടോ എന്നത് സംശകരം തന്നെയാണ്.

എട്ട് താരങ്ങളെയാണ് ടീം ലേലത്തില്‍ സ്വന്തമാക്കിയത്. ലേലം അവസാനിച്ചപ്പോള്‍ കൈയ്യിലുള്ളത് 6.4 കോടി. ഏറ്റവും അധികം ചെലവാക്കിയത് ക്രിസ് മോറിസിനായി – 10 കോടി രൂപ. ടീമിലെ പല താരങ്ങളെയും റിലീസ് ചെയ്തതിനാല്‍ തന്നെ ലേലത്തില്‍ വിദേശ താരങ്ങളുടെ ലേലം വരുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് സജീവമായി തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ആരോണ്‍ ഫിഞ്ചിനെ നേടിയത് വഴി ടോപ് ഓര്‍ഡറില്‍ മൂല്യമുള്ള ഒരു താരത്തെ ടീം സ്വന്തമാക്കിയെങ്കിലും പേസ് ബൗളറെ സ്വന്തമാക്കുന്നതില്‍ ടീമിന് പിഴച്ചുവെന്ന് തന്നെ പറയണം.

പാറ്റ് കമ്മിന്‍സിനായി ലേലത്തില്‍ 14.75 കോടി രൂപ വരെ ഡല്‍ഹി ക്യാപിറ്റല്‍സുമായി പൊരുതി താരത്തെ സ്വന്തമാക്കുമെന്ന ഘട്ടത്തിലെത്തിയപ്പോളാണ് കൊല്‍ക്കത്ത വന്ന് ബാംഗ്ലൂരിന്റെ സ്വപ്നങ്ങളെ തകര്‍ത്തത്. ക്രിസ് മോറിസില്‍ ഒരു ഫിനിഷറെയും ഒരു ബൗളറെയും ബാംഗ്ലൂര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തന്റെ പഴയ പ്രതാപത്തിന്റെ അരികിലൊന്നുമല്ല ഈ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഫിഞ്ചിന് നല്‍കിയ അതേ തുകയ്ക്ക് ഓസ്ട്രേലിയന്‍ താരം കെയിന്‍ റിച്ചാര്‍ഡ്സണെയും കഴിഞ്ഞ തവണ ടീമിലെത്തിച്ച ഡെയില്‍ സ്റ്റെയിനിനെ 2 കോടിയ്ക്ക് നേടിയതും മാത്രമാണ് പേസ് ബൗളിംഗ് ഡിപ്പാര്‍ട്മെന്റ് ശക്തിപ്പെടുത്തുവാനുള്ള ടീമിന്റെ ശ്രമം. ഇന്ത്യന്‍ പേസര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് സിറാജും നവ്ദീപ് സൈനിയും ഇനി ഡെയില്‍ സ്റ്റെയിനിനും കെയിന്‍ റിച്ചാര്‍ഡ്സണും ഒപ്പമാവും ന്യൂബോള്‍ ചുമതല വഹിക്കേണ്ടി വരിക.

ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോഷ് ഫിലിപ്പിനെ 20 ലക്ഷത്തിന് സ്വന്തമാക്കിയതാണ് ലേലത്തില്‍ ആര്‍സിബിയുടെ എടുത്ത് പറയാവുന്ന ഒരു ശ്രമം. ബിഗ് ബാഷില്‍ 44 പന്തില്‍ നിന്ന് 81 റണ്‍സ് നേടി താരം സിഡ്നി സിക്സേഴ്സിന് വേണ്ടി കസറിയിരുന്നു. ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ഇസ്രു ഉഡാനയെയും ടീം സ്വന്തമാക്കിയിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവ സാന്നിദ്ധ്യമാണെങ്കിലും താരം ഐപിഎലില്‍ എത്തരത്തിലുള്ള പ്രകടനം പുറത്തെടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.