2019ലും കൗണ്ടി കളിക്കാന്‍ ഒരുങ്ങി പാക് താരം

2018 കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ മികച്ച അരങ്ങേറ്റത്തിനു ശേഷം രണ്ടാം സീസണിലും കൗണ്ടിയിലേക്ക് മടങ്ങാന്‍ പാക് ബൗളിംഗ് താരം മുഹമ്മദ് അബ്ബാസ്. ആദ്യ സീസണില്‍ ഡിവിഷന്‍ രണ്ടില്‍ നിന്ന് 50 വിക്കറ്റുകളാണ് ലെസ്റ്റര്‍ഷയറിനു വേണ്ടി മുഹമ്മദ് അബ്ബാസ് നേടിയത്. 2019 റോയല്‍ ലണ്ടന്‍ കപ്പില്‍ താരത്തിന്റെ സേവനം ലഭിക്കുമെന്നും ലെസ്റ്റര്‍ഷയര്‍ അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബറില്‍ കൗണ്ടി അരങ്ങേറ്റം നടത്തിയ അബ്ബാസ് 10 ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലും 9 ടി20 ബ്ലാസ്റ്റ് മത്സരത്തിലും കളിക്കുകയുണ്ടായി. ഇതില്‍ ടി20യില്‍ നിന്ന് ഏഴ് വിക്കറ്റാണ് താരം നേടിയത്. ഡിവിഷന്‍ രണ്ടില്‍ ആറാം സ്ഥാനക്കാരായാണ് ലെസ്റ്റര്‍ഷയര്‍ സീസണ്‍ അവസാനിപ്പിച്ചത്. 2010നു ശേഷം അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്.