ബെംഗളൂരു ഫൈനലില്‍, ഫൈനലിലേക്ക് യോഗ്യതയ്ക്കായി ഗുജറാത്തും യുപിയും രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചിയില്‍ നടന്ന പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് ജയിച്ച് കയറി പ്രൊകബഡി ലീഗ് സീസണ്‍ ആറിന്റെ ഫൈനലിനു യോഗ്യത നേടി ബെംഗളൂരു ബുള്‍സ്. ഫൈനലിലേക്ക് യോഗ്യതയ്ക്കായി രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തും യുപിയും ഏറ്റുമുട്ടും. ലീഗ് ഘട്ടം കടന്ന് ആറ് ടീമുകളാണ് പ്ലേ ഓഫുകള്‍ക്കായി യോഗ്യത നേടിയത്. യു മുംബ, ബെംഗളൂരു ബുള്‍സ്, യുപി യോദ്ധ, ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്, ദബാംഗ് ഡല്‍ഹി, ബംഗാള്‍ വാരിയേഴ്സ് എന്നീ ടീമുകളായിരുന്നു യോഗ്യത നേടിയത്.

ഫൈനലിലേക്ക് യോഗ്യതയുള്ള ആദ്യ ക്വാളിഫയറില്‍ ബെംഗളൂരു ബുള്‍സും ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സുമാണ് ഏറ്റുമുട്ടിയത്. 41-29 എന്ന സ്കോറിനു മേധാവിത്വത്തോടെ മത്സരം ബെംഗളൂരു വിജയിക്കുകയായിരുന്നു. പവന്‍ ഷെഹ്റാവത്ത്(13), രോഹിത് കുമാര്‍(11) എന്നിവര്‍ക്കൊപ്പം 6 പോയിന്റ് നേടി മഹേന്ദര്‍ സിംഗും ബെംഗളൂരു നിരയില്‍ തിളങ്ങുകയായിരുന്നു. വിജയത്തോടെ ബെംഗളൂരു നേരിട്ട് ഫൈനലിലേക്ക് കടന്നപ്പോള്‍ ഗുജറാത്ത് രണ്ടാം ക്വാളിഫയറില്‍ എതിരാളിലേക്ക് പോയി. സച്ചിന്‍ പത്ത് പോയിന്റുമായി ഗുജറാത്ത് നിരയില്‍ തിളങ്ങിയെങ്കിലും മറ്റു താരങ്ങള്‍ക്ക് വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാനാകാതിരുന്നത് ടീമിനു തിരിച്ചടിയായി.

നേരത്തെ ഒന്നാം എലിമിനേറ്ററില്‍ യുപി യോദ്ധയും യുമുംബയും ഏറ്റമുട്ടിയപ്പോള്‍ 5 പോയിന്റ് മാര്‍ജിനില്‍ യുപി വിജയം കൊയ്യുകയായിരുന്നു. ജയത്തോടെ യുപി മൂന്നാം എലിമിനേറ്ററിലേക്ക് യോഗ്യത നേടി. 34-29 എന്ന സ്കോറിനായിരുന്നു യുപിയുടെ വിജയം. റെയിഡിംഗില്‍ മുംബൈ 18-12നു ലീഡ് ചെയ്തപ്പോള്‍ 18-11നു പ്രതിരോധത്തില്‍ യുപിയായിരുന്നു മുന്നില്‍. രണ്ട് ഓള്‍ഔട്ട് പോയിന്റുകളും രണ്ട് അധിക പോയിന്റുകളും നേടി യുപി മത്സരം സ്വന്തം പക്ഷത്തേക്കാക്കുകയായിരുന്നു. യുപിയ്ക്കായി നിതേഷ് കുമാറും(8), ശ്രീകാന്ത് ജാഥവും(5) തിളങ്ങി. സിദ്ധാര്‍ത്ഥ് ദേശായി(7), രോഹിത് ബലിയന്‍(5) എന്നിവരായിരുന്നു മുംബൈയുടെ സാരഥികള്‍.

രണ്ടാം എലിമിനേറ്ററില്‍ ദബാംഗ് ഡല്‍ഹിയും ബംഗാള്‍ വാരിയേഴ്സും ഏറ്റമുട്ടിയപ്പോള്‍ ദബാംഗ് മികച്ച വിജയം നേടി മൂന്നാം എലിമിനേറ്ററിലേക്ക് യോഗ്യത നേടി. 39-28 എന്ന സ്കോറിനു ഡല്‍ഹിയുടെ വിജയത്തില്‍ തിളങ്ങിയത് 11 പോയിന്റ് നേടിയ നവീന്‍ കുമാറും 8 പോയിന്റ് നേടിയ ചന്ദ്രന്‍ രഞ്ജിത്തുമാണ്. ബംഗാളിനായി മനീന്ദര്‍ സംഗ് ആണ് എട്ട് പോയിന്റുമായി തിളങ്ങിയത്. ജയത്തോടെ യുപിയെ നേരിടുവാന്‍ ഡല്‍ഹിയ്ക്ക് യോഗ്യത ലഭിയ്ക്കുകയായിരുന്നു.

മൂന്നാം എലിമിനേറ്ററില്‍ യുപിയും ഡല്‍ഹിയും ഏറ്റുമുട്ടിയപ്പോള്‍ യുപിയ്ക്കായിരുന്നു വിജയം. ജയത്തോടെ രണ്ടാം ക്വാളിഫയറിലേക്ക് കടന്ന യുപി ഫൈനല്‍ യോഗ്യതയ്ക്കായി ഗുജറാത്തിനെ നേരിടും. 45-33 എന്ന സ്കോറിനായിരുന്നു യുപിയുടെ തകര്‍പ്പന്‍ ജയം. പ്രശാന്ത് കുമാര്‍ റായ് 13 പോയിന്റും ഋഷാംഗ് ദേവഡിഗ 8 പോയിന്റും നേടി യുപിയ്ക്കായി തിളങ്ങി. 10 പോയിന്റ് നേടിയ നവീന്‍ കുമാറും 7 പോയിന്റ് നേടിയ ചന്ദ്രന്‍ രഞ്ജിത്തുമാണ് ഡല്‍ഹിയുടെ താരകങ്ങള്‍.