അഫ്ഗാന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് ആസിഫ് അലിയുടെ പവര്‍ ഹിറ്റിംഗ്

Pakistan

ടി20 ലോകകപ്പിൽ ഇന്നത്തെ ആവേശകരമായ ഏഷ്യന്‍ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് പാക്കിസ്ഥാന്‍. ന്യൂസിലാണ്ടിനെതിരെ വിജയം നേടിക്കൊടുത്ത ആസിഫ് അലിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

12 പന്തിൽ 24 റൺസ് വേണ്ടപ്പോള്‍ ആ ഓവറിൽ തന്നെ നാല് സിക്സുകള്‍ പറത്തിയാണ് ആസിഫ് അലി പാക്കിസ്ഥാന്റെ 5 വിക്കറ്റ് വിജയം സാധ്യമാക്കിയത്. 51 റൺസ് നേടിയ ബാബര്‍ അസം റഷീദ് ഖാന്റെ സ്പെല്ലിലെ അവസാന പന്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ പാക്കിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്‍ വിജയ സാധ്യത കണ്ടു. ഷൊയ്ബ് മാലിക്കിനെ(19) പുറത്താക്കി നവീന്‍ ഉള്‍ ഹക്ക് ആ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും 7 പന്തിൽ 25 റൺസ് നേടിയ ആസിഫ് അലി അഫ്ഗാന്‍ മോഹങ്ങള്‍ തകര്‍ത്തെറിയുകയായിരുന്നു.

30 റൺസ് നേടിയ ഫകര്‍ സമന്‍ ആണ് പാക്കിസ്ഥാന്റെ മറ്റൊരു പ്രധാന സ്കോറര്‍. കരിം ജനത് എറിഞ്ഞ 19ാം ഓവറിൽ 24 റൺസാണ് പിറന്നത്. അതിന് മുമ്പുള്ള മൂന്നോവറിൽ താരം 24 റൺസാണ് വഴങ്ങിയത്. മുജീബ് ഉര്‍ റഹ്മാന്‍ 4 ഓവറിൽ 14 റൺസ് മാത്രം വിട്ട് നല്‍കി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

നേരത്തെ 76/6 എന്ന നിലയിൽ തകര്‍ന്നടിഞ്ഞ അഫ്ഗാനിസ്ഥാനെ മുഹമ്മദ് നബി – ഗുല്‍ബാദിന്‍ നൈബ് കൂട്ടുകെട്ട് ആണ് മത്സത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 147/6 എന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത് 81 റൺസിന്റെ ഇവരുടെ ഏഴാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടാണ്.

നബിയും ഗുല്‍ബാദിനും 35 റൺസ് വിജതം നേടിയപ്പോള്‍ നജീബുള്ള സദ്രാന്‍ 22 റൺസ് നേടി. പാക്കിസ്ഥാന് വേണ്ടി ഇമാദ് വസീം 2 വിക്കറ്റ് നേടിയപ്പോള്‍ മറ്റു ബൗളര്‍മാരെല്ലാം ഓരോ വിക്കറ്റ് നേടി.

Previous articleക്രിസ്റ്റൃൻ എറിക്സനു ഇറ്റലിയിൽ ഈ സീസണിൽ കളിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഇന്റർ മിലാൻ
Next articleബംഗ്ലാദേശിനെതിരെ മൂന്ന് റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്