ഇംഗ്ലണ്ടിനെതിരെ തന്റെ പ്രധാന ആയുധം ഗൂഗ്ലിയെന്ന് യസീര്‍ ഷാ

കഴിഞ്ഞ കുറച്ച് കാലമായി ഫോം അത്ര കണ്ടെത്താനാകാതെ പോകുകയാണ് പാക്കിസ്ഥാന്റെ മുന്‍നിര സ്പിന്നര്‍ യസീര്‍ ഷാ. ഇംഗ്ലണ്ടിനെതിരെ മികവ് പുലര്‍ത്താനാകുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. മുന്‍ പാക്കിസ്ഥാന്‍ താരം മുഷ്താഖ് അഹമ്മദിന്റെ കീഴില്‍ താന്‍ കഠിന പ്രയത്നം നടത്തുകയാണെന്നും അതിന്റെ ഗുണം തനിക്കുണ്ടാകുമെന്നും യസീര്‍ ഷാ വെളിപ്പെടുത്തി.

തന്റെ ആക്ഷനിലും ഗൂഗ്ലിയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പരിശീലന മത്സരത്തില്‍ എല്ലാ ഗൂഗ്ലിയും മികച്ച രീതിയില്‍ ലാന്‍ഡ് ചെയ്തുവെന്നും മികവാര്‍ന്ന സ്പിന്‍ അതില്‍ നേടുവാനും തനിക്കായെന്ന് യസീര്‍ ഷാ വ്യക്തമാക്കി. വരുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ തന്റെ വജ്രായുധം ഗൂഗ്ലി ആയിരിക്കുമെന്നും യസീര്‍ ഷാ സൂചിപ്പിച്ചു.

പരിക്ക് മൂലവും താന്‍ കഴിഞ്ഞ ഒരു വര്‍ഷം വളരെ അധികം ഫോം കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയിരുന്നുവെങ്കിലും അതില്‍ നിന്നെല്ലാം അതിജീവിച്ച് താന്‍ മുന്നോട്ട് വരിക തന്നെ ചെയ്യുമെന്നും യസീര്‍ അഭിപ്രായപ്പെട്ടു. തന്റെ അവസാന ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയതോടെ തനിക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചുവെന്നും യസീര്‍ വ്യക്തമാക്കി.