ടി20 ലോകകപ്പ് തീരുമാനം ഉടനില്ല, മീറ്റിംഗ് ജൂണ്‍ പത്തിലേക്ക് മാറ്റി ഐസിസി

ഓസ്ട്രേലിയയില്‍ ഈ വര്‍ഷം അവസാനം നടക്കേണ്ട ടി20 ലോകകപ്പ് യഥാസമയത്ത് നടക്കുമോയെന്നതില്‍ തീരുമാനം ഇന്ന് ചേരുന്ന ഐസിസി യോഗത്തിലുണ്ടാകുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഇതിന്മേലുള്ള ചര്‍ച്ച ജൂണ്‍ 10ലേക്ക് മാറ്റി ഐസിസി. ലോകകപ്പ് മാറ്റണമെന്നും ആ സമയത്ത് ഐപിഎല്‍ നടത്തണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായവും എതിരഭിപ്രായവും ഉയര്‍ന്ന പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചര്‍ച്ചയായിരുന്നു ഇന്നത്തേത്.

2020 ടി20 ലോകകപ്പ് 2022 ലേക്ക് മാറ്റുമെന്ന തരത്തില്‍ പരന്ന വാര്‍ത്ത വന്നതോടെ ബിസിസിഐയ്ക്ക് ഐപിഎല്‍ വേദി ഒരുക്കുന്നതിന് വേണ്ടി ഐസിസി ഈ തീരുമാനത്തിലേക്ക് എത്തിയെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ പിന്നീട് ഐസിസി ഇതെല്ലാം നിഷേധിച്ചു. തങ്ങള്‍ ലോകകപ്പ് മാറ്റുമെന്ന തീരുമാനത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നാണ് ഐസിസി അറിയിച്ചത്.

തീരുമാനം എന്ത് തന്നെയായാലും അത് വേഗത്തിലാവണമെന്നും ചില ഭാഗത്ത് നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതിന്മേലുള്ള തീരുമാനത്തിനായി ഇനിയും കാത്തിരിപ്പ് തുടരേണ്ട അവസ്ഥയാണുള്ളത്.

ടി20 ലോകകപ്പ് രണ്ടോ മൂന്നോ മാസം മുന്നിലേക്കാക്കണം – ഫാഫ് ഡു പ്ലെസി

ടി20 ലോകകപ്പ് ഇപ്പോള്‍ തീരുമാനിച്ച സമയത്ത് നടത്തുന്നതിന് പകരം രണ്ടോ മൂന്നോ മാസം മുന്നോട്ട് ആക്കണമെന്ന് അഭിപ്രായപ്പെട്ട് ഫാഫ് ഡു പ്ലെസി. ഈ ആഴ്ച ടൂര്‍ണ്ണമെന്റിനുമേല്‍ ഐസിസി തീരുമാനം എടുക്കുവാന്‍ നില്‍ക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.

സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുവാന്‍ ഏറെ സമയം എടുത്തേക്കാം അതിനര്‍ത്ഥം രണ്ട് വര്‍ഷം ക്രിക്കറ്റില്ലാതെ മുന്നോട്ട് പോകും എന്നല്ല അതിനാല്‍ തന്നെ ഈ ടൂര്‍ണ്ണമെന്റ് രണ്ടോ മൂന്നോ മാസം മുന്നോട്ട് ആക്കുന്നതില്‍ തെറ്റില്ല എന്നും ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.

ലോകകപ്പ് മുന്നോട്ട് തള്ളി ഐപിഎല്‍ ആ സമയത്ത് നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും ഫാഫ് വ്യക്തമാക്കി. ഐപിഎല്‍ കൂടുതല്‍ ഫ്ലെക്സിബിള്‍ ആയ ടൂര്‍ണ്ണമെന്റാണെന്നും താരം വ്യക്തമാക്കി.

ലോകകപ്പ് നടത്തിപ്പിന്മേല്‍ ഐസിസിയുടെ തീരുമാനം വേഗത്തിലാവുന്നത് നന്നാവും, തനിക്ക് തോന്നുന്നത് ടൂര്‍ണ്ണമെന്റ് ഒക്ടോബറില്‍ നടക്കില്ല എന്നാണ് – മാര്‍ക്ക് ടെയിലര്‍

അടുത്താഴ്ച ഐസിസി ടി20 ലോകകപ്പ് മാറ്റി വയ്ക്കണോ വേണ്ടയോ എന്നതിന്മേലൊരു തീരുമാനം എടുക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇതിന്മേലൊരു തീരുമാനം വേഗത്തിലാവണമെന്ന് ഓസ്ട്രേലിയയ്ക്ക് അകത്ത് നിന്ന് തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. മുന്‍ ഓസ്ട്രേലിയന്‍ താരം മാര്‍ക്ക് ടെയിലര്‍ ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്.

അതേ സമയം തീരുമാനം എന്ത് തന്നെയായാലും അത് വേഗത്തിലാവുന്നതായിരിക്കും നല്ലതെന്നാണ് മാര്‍ക്ക് ടെയിലര്‍ അഭിപ്രായപ്പെട്ടത്. തന്റെ ഒരു തോന്നല്‍ ഒക്ടോബറിലോ നവംബറിലോ ലോകകപ്പ് മര്യാദയ്ക്ക് ഓസ്ട്രേലിയയില്‍ നടത്താനാകില്ല എന്നാണ്, അതിനാല്‍ തന്നെ മാറ്റി വയ്ക്കുകയെന്നതാണ് നല്ല തീരുമാനം.

അല്ല ഐസിസിയുടെ നിലപാട് വേറെ ആണെങ്കില്‍ തന്നെ അത് എത്രയും പെട്ടെന്ന് തീരുമാനിക്കുന്നതാണ് നല്ലത്. അങ്ങനെയെങ്കില്‍ പ്ലാനിംഗുകളുമായി മുന്നോട്ട് പോകുവാനും വ്യക്തതയുണ്ടാകുമെന്നും ടെയിലര്‍ അഭിപ്രായപ്പെട്ടു.

ടി20 ലോകകപ്പ് നടക്കുക ഏറെക്കുറെ അസാധ്യം, മത്സര പരിചയമില്ലാതെ വലിയ ടൂര്‍ണ്ണമെന്റ് താരങ്ങള്‍ക്ക് കളിക്കുക പ്രയാസം

ഇപ്പോളത്തെ സാഹചര്യം മാറി ക്രിക്കറ്റ് പുനരാരംഭിക്കുവാന്‍ സമയം എടുക്കുകയാണെങ്കില്‍ ടി20 ലോകകപ്പ് നടന്നേക്കില്ലെന്ന് പറഞ്ഞ് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധമാല്‍. 16 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയിലാണ് നടക്കേണ്ടത്. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സെപ്റ്റംബര്‍ വരെ രാജ്യത്ത് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം മാറി ടൂര്‍ണ്ണമന്റ് നടക്കുക ഇപ്പോള്‍ അസാധ്യമാണെന്ന് ധമാല്‍ പറഞ്ഞു.

ഇത് കൂടാതെ ടൂര്‍ണ്ണമെന്റ് നടന്നാല്‍ തന്നെ ഇത്തരം വലിയൊരു ടൂര്‍ണ്ണമെന്റിലേക്ക് മത്സര പരിചയമില്ലാതെ താരങ്ങള്‍ നേരിട്ട് കളിക്കാനിടയായാല്‍ അതവര്‍ക്ക് ബുദ്ധിമുട്ടാകുമെന്നും ധമാല്‍ പറഞ്ഞു. ബോര്‍ഡുകളാവും ഇതില്‍ ഒരു തീരുമാനം എടുക്കേണ്ടതും താരങ്ങള്‍ ആവശ്യത്തിന് പരിശീലനമില്ലാതെ കളിക്കുമോ എന്നത് വേറെ കാര്യമാണെന്നും ധമാല്‍ വ്യക്തമാക്കി.

ടി20 ലോകകപ്പില്‍ വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും ഏറ്റവും വലിയ വെല്ലുവിളി

ടി20 ലോകകപ്പില്‍ തന്റെ ഏറ്റവും വലിയ വെല്ലുവിളി രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും ആയിരിക്കുമെന്ന് അഭിപ്രായപ്പെട്ട് ഹാരിസ് റൗഫ്. മികച്ച ഫോമിലുള്ള താരം ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലെല്ലാം വിക്കറ്റ് കൊയ്ത്ത് ആവര്‍ത്തിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ടി20യിലെ മുന്‍ നിര ബൗളറുടെ ദൗത്യം താരത്തിലേക്കാവും ഇനിയുള്ള കാലത്തിലെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോകകപ്പ് ആയതിനാല്‍ എല്ലാ രാജ്യങ്ങളിലെയും പ്രധാന താരങ്ങള്‍ ഉണ്ടാകുമെന്നും അവരെല്ലാം വെല്ലുവിളി ഉയര്‍ത്തുക തന്നെ ചെയ്യുമെന്ന് പറഞ്ഞ റൗഫ് എന്നാല്‍ ഇന്ത്യയുടെ വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും ആവും തനിക്ക് ഏറ്റവും പ്രധാന വെല്ലുവിളി ഉയര്‍ത്തുക എന്ന് അഭിപ്രായപ്പെട്ടു.

തന്റെ ബിഗ്ബാഷ് പരിചയ സമ്പത്ത് വെച്ച് തനിക്ക് ലോകകപ്പില്‍ മികവ് പുലര്‍ത്താനാകുമെന്നാണ് കരുതുന്നതെന്നും റൗഫ് പറഞ്ഞു. ഓസ്ട്രേലിയയിലാണ് ലോകകപ്പ് നടക്കുന്നതെന്നും തനിക്ക് വിരാട്, രോഹിത് തുടങ്ങിയ മികച്ച താരങ്ങള്‍ക്കെതിരെ മികവ് പുലര്‍ത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഹാരിസ് വ്യക്തമാക്കി.

ലോകകപ്പ് നടത്തുവാന്‍ ആവശ്യമായതെന്തെന്ന് അറിയാം – ക്രിക്കറ്റ് ഓസ്ട്രേലിയ

ഓസ്ട്രേലിയയില്‍ നിലവില്‍ യാത്ര വിലക്ക് ഉണ്ടെങ്കിലും വിചാരിച്ച പോലെ ടി20 ലോകകപ്പ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ഐസിസി, ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി, ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ എന്നിവരുമായി ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്സ് പറഞ്ഞത്.

തങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ ബോധമുണ്ടെന്നും അതിനാല്‍ തന്നെ നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 2020ല്‍ നടത്താനാകുമെന്നും കെവിന്‍ റോബര്‍ട്സ് അഭിപ്രായപ്പെട്ടു. സംയുക്തമായി ഈ ടൂര്‍ണ്ണമെന്റ് നടത്തേണ്ട സാധ്യതകളെല്ലാം സംഘാടകര്‍ പരിശോധിച്ച് വരികയാണെന്നും അനുയോജ്യമായ സമയത്ത് അനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഐസിസിയുടെ സിഇസി മീറ്റിംഗിന് ശേഷം ലോകകപ്പുമായി മുന്നോട്ട് പോകുവാനാണ് തീരുമാനമായത്. എന്നാല്‍ കൊറോണ വ്യാപനം തുടരുന്നതിനാല്‍ തന്നെ ഇത് സാധ്യമാണോ എന്നത് വ്യക്തമല്ല.

“ടി20 ലോകകപ്പ് നീട്ടിവെച്ച് ഐ.പി.എൽ ഒക്ടോബറിൽ നടത്തണം” : ബ്രെണ്ടൻ മക്കല്ലം

ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വെച്ച് നടത്തേണ്ട ടി20 ലോകകപ്പ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് ഒക്ടോബറിൽ നടത്തണമെന്ന് മുൻ ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ബ്രെണ്ടൻ മക്കല്ലം. ടി20 ലോകകപ്പ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചാൽ ടി20 ലോകകപ്പ് നടക്കേണ്ട ഒക്ടോബർ- നവംബറിൽ മാസത്തിൽ ഐ.പി.എൽ നടത്താൻ കഴിയുമെന്നും മക്കല്ലം പറഞ്ഞു.

ഈ വർഷം നടക്കേണ്ട ടി20 ലോകകപ്പ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചാൽ അടുത്ത വര്ഷം നടക്കേണ്ട വനിതാ ലോകകപ്പും നീട്ടിവെക്കേണ്ടി വരുമെന്നും മക്കല്ലം പറഞ്ഞു. 16 ടീമുകളുടെ താരങ്ങെളയും സപ്പോർട്ടിങ് സ്റ്റാഫിനെയും ടെലിവിഷൻ സംപ്രേഷകരെയും ഈ സമയത്ത് എത്തിക്കുക എളുപ്പമാവില്ലെന്നും ഓസ്ട്രേലിയ കാണികൾ ഇല്ലാതെ ലോകകപ്പ് നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ബ്രെണ്ടൻ മക്കല്ലം പറഞ്ഞു.

അതെ സമയം ആ സമയത്ത് ഇന്ത്യയിൽ വെച്ച് ഐ.പി.എൽ നടത്താൻ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും ഐ.പി.എൽ നടത്താൻ എളുപ്പമായിരിക്കുമെന്നും മക്കല്ലം പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകൻ കൂടിയാണ് ബ്രെണ്ടൻ മക്കല്ലം.

അടച്ചിട്ട് സ്റ്റേഡിയത്തില്‍ ലോകകപ്പ് നടത്താം,ഗേറ്റ് വരുമാനമില്ലെങ്കിലും ബ്രോഡ്കാസ്റ്റിംഗ് വരുമാനം ഉറപ്പാക്കാം

ഓസ്ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നടക്കുമോ ഇല്ലയോ എന്ന സംശയത്തിലാണെങ്കിലും ടൂര്‍ണ്ണമെന്റ് ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താനുള്ള സാധ്യതകള്‍ തേടുകയാണ് ഓസ്ട്രേലിയന്‍ ബോര്‍ഡ്. കാണികളില്ലാത്തത് വരുമാനത്തെ ബാധിക്കുമെങ്കിലും ബ്രോഡ്കാസ്റ്റിംഗ് വരുമാനം ഉറപ്പാക്കാന്‍ ശ്രമിക്കാം എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് കെവിന്‍ റോബര്‍ട്സ് അഭിപ്രായപ്പെട്ടത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പൊതുവേ ലഭിയ്ക്കുന്ന വരുമാനം ഇല്ലെങ്കിലും ഐസിസി നടത്തുന്ന ഇവന്റുകള്‍ക്കുള്ള പ്രാധാന്യം മനസ്സിലാക്കി അതിന് തക്കതായ ബ്രോഡ്കാസ്റ്റിംഗ് വരുമാനം നേടുവാനാകുമെന്ന പ്രതീക്ഷയാണ് ഓസ്ട്രേലിയന്‍ ബോര്‍ഡ് മുന്നോട്ട് വയ്ക്കുന്നത്. ഓസ്ട്രേലിയയും ഇന്ത്യയും തമ്മില്‍ നടത്തുവാനുള്ള ലോകകപ്പ് വെച്ച് മാറണമെന്ന് നേരത്തെ ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഓസ്ട്രേലിയയില്‍ സെപ്റ്റംബര്‍ 30 വരെ യാത്ര വിലക്കുള്ളതിനാല്‍ അവിടെയെത്തി ഐസിസിയ്ക്ക് തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോകുന്നതില്‍ തടസ്സം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടി20 ലോകകപ്പിന്റെ കാര്യത്തിൽ തിരക്കിട്ട് തീരുമാനം എടുക്കില്ലെന്ന് ഐ.സി.സി

കൊറോണ വൈറസ് ലോകത്താകമാനം പടരുന്ന സാഹചര്യത്തിൽ ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിന്റെ കാര്യത്തിൽ തിരക്കിട്ട് ഒരു തീരുമാനം എടുക്കുന്നില്ലെന്ന് ഐ.സി.സി. ഈ വരുന്ന ഒക്ടോബർ 18 മുതൽ നവംബർ 15വരെയാണ് ഓസ്ട്രേലിയയിൽ വെച്ച് ടി20 ലോകകപ്പ് നടക്കുക.

നിലവിൽ ഐ.സി.സി എല്ലാ കാര്യങ്ങളും പരിശോധിക്കുന്നുണ്ടെന്നും സാഹചര്യങ്ങൾക്ക് അനുസരിച്ച് ടി20 ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാവരുമായും ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്നും ഐ.സി.സി അറിയിച്ചു. ലോകോത്തകമാനം കായിക മത്സരങ്ങൾ കൊറോണ വൈറസ് ബാധ മൂലം മാറ്റിവച്ചിരുന്നു. ഇതിന്റെ പാശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പും മാറ്റിവെക്കാനുള്ള സാധ്യതകളും ഐ.സി.സി പരിശോധിക്കുന്നുണ്ട്.

ടൂർണമെന്റ് നടക്കാൻ ആറ് മാസം ഇനിയും ബാക്കിയിരിക്കെ ഓസ്‌ട്രേലിയൻ ഗവണ്മെന്റ് അടക്കമുള്ളവരുമായി ആലോചിച്ച് ടി20 ലോകകപ്പിന്റെ ഭാവി തീരുമാനിക്കുമെന്നും ഐ.സി.സി. വ്യക്തമാക്കി. നിലവിൽ നേരത്തെ തീരുമാനിച്ച തിയ്യതിക്ക് തന്നെ ടൂർണമെന്റ് നടത്താനുള്ള ഒരുക്കങ്ങളുമായിട്ടാണ് മുന്നോട്ട് പോവുന്നതെന്നും ഐ.സി.സി വ്യക്തമാക്കി.

ഓസ്ട്രേലിയയുടെ ടി20 സെറ്റപ്പ് മികച്ചത്, ലോകകപ്പിനെ ഉറ്റുനോക്കുന്നത് പ്രതീക്ഷയോടെ

ഓസ്ട്രേലിയയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളും ടീമിന്റെ ഘടനയും ഏറെക്കുറെ സ്ഥിരമായിക്കഴിഞ്ഞുവെന്നും ഈ ടീമില്‍ പ്രതീക്ഷ ഏറെയുള്ളതിനാല്‍ ലോകകപ്പില്‍ ഉയര്‍ന്ന സാധ്യതയാണുള്ളതെന്നും അഭിപ്രായപ്പെട്ട് ടീം വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലെക്സ് കാറെ.

2019ല്‍ കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴിലും വിജയിച്ച് ഓസ്ട്രേലിയന്‍ ടീം മികച്ച പ്രകടനവുമായാണ് മുന്നോട്ട് പോയത്. തോല്‍വിയറിയാതെ നീങ്ങിയ ടീമിന്റെ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ടീമിലെ ഒട്ടുമിക്ക താരങ്ങളും ഫോമിലെത്തിയതോടെ വരുന്ന ടി20 ലോകകപ്പില്‍ ടീമിന്റെ പ്രതീക്ഷ വളരെ ഉയര്‍ന്നതാണ്.

ഫിഞ്ചും വാര്‍ണറും ഓപ്പണ്‍ ചെയ്യുന്ന ടീമില്‍ പിന്നീട് വരുന്നത് സ്മിത്താണ്, അവരുടെ കഴിഞ്ഞ കാലങ്ങളിലെ പ്രകടനം സ്ഥിരതയാര്‍ന്നതാണെന്നുള്ളത് ടീമിനെ കരുത്തരാക്കുന്നു എന്ന് കാറെ പറഞ്ഞു. മധ്യനിരയുടെ പ്രകടനത്തിനൊപ്പം പേസ് ബൗളിംഗിലെ ത്രിമൂര്‍ത്തികളായ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവരോടൊപ്പം ആഡം സംപയും ആഷ്ടണ്‍ അഗറുമെത്തുമ്പോള്‍ ടീം ഏറെ സന്തുലിതമാണെന്ന് കാറെ വെളിപ്പെടുത്തി.

ഈ ഗ്രൂപ്പിലെ താരങ്ങളുടെ എല്ലാം റോളുകള്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ടെന്നും സ്ഥിരതയോടെ അവര്‍ അത് നിര്‍വഹിക്കുന്നുണ്ടെന്നും കാറെ സൂചിപ്പിച്ചു. ടീമംഗങ്ങള്‍ തമ്മില്‍ മികച്ച ഒത്തിണക്കമാണെന്നും ടീം മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്നും കാറെ സൂചിപ്പിച്ചു. ഇതെല്ലാം ലോകകപ്പില്‍ ടീമിനെക്കുറിച്ച് ഉയര്‍ന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്നും താരങ്ങള്‍ക്കെല്ലാം ശുഭാപ്തി വിശ്വാസമുണ്ടെന്നും കാറെ വ്യക്തമാക്കി.

സമ്മര്‍ദ്ദത്തില്‍ കളി ജയിപ്പിക്കുവാനുള്ള കഴിവുണ്ട് ധോണിയ്ക്ക്, ടി20 ലോകകപ്പ് ടീമില്‍ താരത്തിന് ഇടം കൊടുക്കണം – കൈഫ്

ഇന്ത്യക്കായി ലോകകപ്പ് 2019ന് ശേഷം എംഎസ് ധോണി കളിച്ചിട്ടില്ലെങ്കിലും ഇന്ത്യുടെ ടി20 ലോകകപ്പ് ടീമില്‍ താരത്തിന് ഇടം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് കൈഫ്. ധോണിയുടെ കാലം കഴിഞ്ഞുവെന്നും താരത്തിന് ഇനിയൊരു തിരിച്ചുവരവില്ലെന്നും മറ്റു നിരീക്ഷകര്‍ പറയുമ്പോളാണ് കൈഫിന്റെ ഈ അഭിപ്രായം.

ടീമിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ചുയര്‍ത്തുവാന്‍ ശേഷിയുള്ള താരമാണ് എംഎസ് ധോണി. ലോകം കണ്ട മികച്ച ഫിനിഷര്‍മാരിലൊരാളായ ധോണിയെ ടീമിലെത്തിച്ചാല്‍ അത് ഇന്ത്യയ്ക്ക് ലോകകപ്പില്‍ ഗുണം ചെയ്യുമെന്ന് കൈഫ് വ്യക്തമാക്കി. ഐപിഎലിലൂടെ ധോണിയുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവുണ്ടാകുമെന്ന് കരുതിയെങ്കിലും കൊറോണ മൂലം ടൂര്‍ണ്ണമെന്റ് നീളുകയാണ്.

ഐപിഎലിലെ പ്രകടനത്തിന്റെ ബലത്തില്‍ മാത്രമാവരുത് ധോണിയുടെ ടി20 ടീമിലേക്കുള്ള സെലക്ഷനെന്ന് കൈഫ് പറഞ്ഞു. ഒറ്റയ്ക്ക് ടീമിനെ കരകയറ്റുവാനുള്ള ശേഷിയുള്ള താരമാണ് ധോണിയെന്ന് കൈഫ് സൂചിപ്പിച്ചു. ധോണിയെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും കരിയറില്‍ മോശം സമയമുണ്ടെന്ന് കൈഫ് അഭിപ്രായപ്പെട്ടു.

ധോണിയില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്നും അതിനാല്‍ തന്നെ താരത്തെ ഒഴിവാക്കിയാല്‍ അത് അനീതിയാണെന്ന് താന്‍ പറയുമന്നും കൈഫ് സൂചിപ്പിച്ചു.

ടി20 ലോകകപ്പ് സെമിയിലെത്തുക ഇന്ത്യയും ഈ രാജ്യങ്ങളും, പ്രവചനവുമായി ഡീന്‍ ജോണ്‍സ്

2020 ടി20 ലോകകപ്പ് മാറ്റി വയ്ക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ഈ ടൂര്‍ണ്ണമെന്റിലെ സെമി സ്ഥാനങ്ങള്‍ സ്വന്തമാക്കുന്ന ടീമുകളെക്കുറിച്ചുള്ള പ്രവചനവുമായി ഡീന്‍ ജോണ്‍സ്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കൊപ്പം പാക്കിസ്ഥാനോ വിന്‍ഡീസോ ആവും സെമിയില്‍ എത്തുക എന്ന് ഡീന്‍ ജോണ്‍സ് പറഞ്ഞു.

ബൗളര്‍മാരായിരിക്കും ടൂര്‍ണ്ണമെന്റിലെ ടീമുകളുടെ സാധ്യതകളെ നിശ്ചയിക്കുക എന്നും ഡീന്‍ ജോണ്‍സ് വ്യക്താക്കി. പാക്കിസ്ഥാനാണോ വിന്‍ഡീസ് ആണോ നാലാമത്തെ ടീമെന്നത് ബൗളര്‍മാര്‍ നിശ്ചയിക്കുമെന്നും മുന്‍ ഓസ്ട്രേലിയന്‍ താരം വ്യക്തമാക്കി.

ട്വിറ്ററില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് ഡീന്‍ ജോണ്‍സ് തന്റെ പ്രവചനം പുറത്ത് വിട്ടത്.

Exit mobile version