ടി20 ലോകകപ്പ് തീരുമാനം ഉടനില്ല, മീറ്റിംഗ് ജൂണ്‍ പത്തിലേക്ക് മാറ്റി ഐസിസി

ഓസ്ട്രേലിയയില്‍ ഈ വര്‍ഷം അവസാനം നടക്കേണ്ട ടി20 ലോകകപ്പ് യഥാസമയത്ത് നടക്കുമോയെന്നതില്‍ തീരുമാനം ഇന്ന് ചേരുന്ന ഐസിസി യോഗത്തിലുണ്ടാകുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഇതിന്മേലുള്ള ചര്‍ച്ച ജൂണ്‍ 10ലേക്ക് മാറ്റി ഐസിസി. ലോകകപ്പ് മാറ്റണമെന്നും ആ സമയത്ത് ഐപിഎല്‍ നടത്തണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായവും എതിരഭിപ്രായവും ഉയര്‍ന്ന പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചര്‍ച്ചയായിരുന്നു ഇന്നത്തേത്.

2020 ടി20 ലോകകപ്പ് 2022 ലേക്ക് മാറ്റുമെന്ന തരത്തില്‍ പരന്ന വാര്‍ത്ത വന്നതോടെ ബിസിസിഐയ്ക്ക് ഐപിഎല്‍ വേദി ഒരുക്കുന്നതിന് വേണ്ടി ഐസിസി ഈ തീരുമാനത്തിലേക്ക് എത്തിയെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ പിന്നീട് ഐസിസി ഇതെല്ലാം നിഷേധിച്ചു. തങ്ങള്‍ ലോകകപ്പ് മാറ്റുമെന്ന തീരുമാനത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നാണ് ഐസിസി അറിയിച്ചത്.

തീരുമാനം എന്ത് തന്നെയായാലും അത് വേഗത്തിലാവണമെന്നും ചില ഭാഗത്ത് നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതിന്മേലുള്ള തീരുമാനത്തിനായി ഇനിയും കാത്തിരിപ്പ് തുടരേണ്ട അവസ്ഥയാണുള്ളത്.

Exit mobile version