ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ ദുഷ്കരം തന്നെ, ദക്ഷിണാഫ്രിക്കയോട് 87 റണ്‍സ് പരാജയം

ലോകകപ്പിനു മുമ്പുള്ള സന്നാഹ മത്സരത്തില്‍ നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി ശ്രീലങ്ക. ഇന്ന് നടന്ന മത്സരത്തില്‍ 87 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്ക്ക് എതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 338/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ലങ്ക 251 റണ്‍സിനു 42.3 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ഹാഷിം അംല(65), ഫാഫ് ഡു പ്ലെസി(88) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(40), ആന്‍ഡിലെ ഫെഹ്ലുക്വായോ(35), ഡ്വെയിന്‍ പ്രിട്ടോറിയസ്(25*), ക്രിസ് മോറിസ്(26*) എന്നിവരും നിര്‍ണ്ണായക പ്രകടനങ്ങളാണ് പുറത്തെടുത്തത്. ശ്രീലങ്കയ്ക്ക് വേണ്ടി നുവാന്‍ പ്രദീപും സുരംഗ ലക്മലും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 42.3 ഓവറിലാണ് 251 റണ്‍സിനു പുറത്തായത്. ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ 87 റണ്‍സ് നേടിയപ്പോള്‍ ആഞ്ചലോ മാത്യൂസ് 64 റണ്‍സ് നേടി. കുശല്‍ മെന്‍ഡിസ് 37 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും മികവ് പുലര്‍ത്തുവാനായിരുന്നില്ല. ആന്‍ഡിലെ ഫെഹ്ലുക്വായോ 4 വിക്കറ്റ് നേടിയപ്പോള്‍ ലുംഗിസാനി രണ്ട് വിക്കറ്റ് നേടി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങി.