ജേസണ്‍ റോയിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിക്കുന്നുവോ?

ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് പുറത്ത് പോകുവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വിന്‍ഡീസിനെതിരായ മത്സരത്തിനിടെ മത്സരത്തിന്റെ എട്ടാം ഓവറില്‍ ഹാംസ്ട്രിംഗില്‍ വേദന അനുഭവപ്പെട്ട താരം കളം വിടുകയായിയിരുന്നു. അതിനു ശേഷം സ്കാനുകള്‍ താരത്തിന്റെ ഹാംസ്ട്രിംഗില്‍ ടിയര്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടത്തിയ എംആര്‍ഐ സ്കാനിലാണ് ഈ കാര്യം പുറത്ത് വന്നത്. ഇതോടെ അഫ്ഗാനിസ്ഥാനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിലും ശ്രീലങ്കയ്ക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിലും താരത്തിന്റെ സേവനം ഉണ്ടാകില്ലെന്ന് ഇംഗ്ലണ്ട് ഔദ്യോഗികമായി അറിയിച്ചു.

റോയിയിടുെ കാര്യത്തില്‍ പരിക്കിന്റെ ശ്രേണി അറിഞ്ഞാല്‍ മാത്രമേ താരം ഇനി ലോകകപ്പിനു ഉണ്ടാകുമോ ഇല്ലയോ എന്നതില്‍ വ്യക്തത വരികയുള്ളു. ഗ്രേഡ് 1 ടിയര്‍ ആണെങ്കില്‍ ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ടീമിനൊപ്പം താരത്തിനു ചേരാനാകും എന്നാല്‍ ഗ്രേഡ് 2, 3 എന്നിവയാണെങ്കില്‍ ആഴ്ചകളോളം താരം പുറത്തിരിക്കേണ്ടി വരും. ഇതോടെ ലോകകപ്പില്‍ നിന്ന് തന്നെ പുറത്ത് പോകുന്ന സാഹചര്യം ഉടലെടുത്തേക്കാം.

മോയിന്‍ അലിയെയോ ജെയിംസ് വിന്‍സിനെയോ ആവും ഇംഗ്ലണ്ട് ഇന്നത്തെ മത്സരത്തില്‍ റോയിയ്ക്ക് പകരം പരിഗണിക്കുക. മോയിന്‍ അലിയുടെ ഏകദിനത്തിലെ മൂന്ന് ശതകങ്ങളില്‍ രണ്ടെണ്ണം ഓപ്പണര്‍ ആയിട്ടാണെന്നുള്ളത് താരത്തെ ഓപ്പണിംഗിനു പരിഗണിക്കുവാന്‍ ഇടയാക്കിയേക്കും. അതേ സമയം ജോ ഡെന്‍ലിയും ദാവീദ് മലനും റോയ് പുറത്ത് പോകുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിക്കപ്പെടാവുന്ന താരങ്ങളാണ്.