ഫൈനൽ തേടി ഇന്ത്യ ഇന്ന് കിവികൾക്കെതിരെ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെ നേരിടും. 2011 ശേഷം വീണ്ടും ലോകകപ്പ് കിരീടം ഇന്ത്യയിൽ എത്തിക്കാൻ ഉറച്ചാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. അവസാനം ഈ ഗ്രൗണ്ടിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയുന്ന ടീം ജയിച്ചതുകൊണ്ടുതന്നെ ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഓൾഡ് ട്രാഫോർഡിൽ ഇന്നത്തെ മത്സരത്തിന് മഴ ഭീഷണിയും ഉണ്ട്.

അവസാന മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തിയ ഇന്ത്യക്ക് തന്നെയാണ് ന്യൂസിലാൻഡിനെതിരെ മുൻതൂക്കം. അതെ സമയം ന്യൂസിലാൻഡ് ആവട്ടെ ലോകകപ്പിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്തുന്നെങ്കിലും തുടർന്ന് സ്ഥിരത പുലർത്താൻ അവർക്കായിരുന്നില്ല. അവസാന മൂന്ന് മത്സരങ്ങൾ തുടർച്ചയായി തോറ്റ ന്യൂസിലാൻഡ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാനെ മറികടന്ന് സെമി ഉറപ്പിച്ചത്.

വലിയ മത്സരങ്ങളിൽ മികവ് പുറത്തെടുക്കാൻ ഇപ്പോഴും പാടുപെടുന്ന ന്യൂസിലാൻഡിനെയാണ് ക്രിക്കറ്റ് ലോകത്തിന് പരിചയം. ലോകകപ്പിന്റെ സെമി ഫൈനലിൽ 7 തവണ എത്തിയിട്ടും ഒരു തവണ മാത്രമാണ് അവർക്ക് ഫൈനലിൽ എത്താനായത്. ലീഗ് ഘട്ടത്തിൽ ഇരുടീമുകളും തമ്മിലുള്ള മത്സരം മഴമൂലം നടന്നിരുന്നില്ല.

ഈ ലോകകപ്പിൽ ഈ ഗ്രൗണ്ടിൽ കളിച്ച രണ്ടു മത്സരങ്ങളും ഇന്ത്യ അനായാസം ജയിച്ചിരുന്നു. പാകിസ്ഥാനെതിരെയും വെസ്റ്റിൻഡീസിനെതിരെയുമാണ് ഇന്ത്യ ഈ ഗ്രൗണ്ടിൽ ജയിച്ചത്. രണ്ടു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്താണ് ഇന്ത്യ ജയിച്ചതെന്ന പ്രേത്യേകതയുമുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ നിരയിൽ ഇടം നേടാതിരുന്ന ചഹാൽ ടീമിൽ ഇന്ന് തിരിച്ചെത്തും.  മികച്ച ഫോമിലുള്ള രോഹിത് ശർമ്മയിൽ പ്രതീക്ഷ അർപ്പിച്ചാവും ഇന്ത്യൻ ടീം ഇറങ്ങുക. ഓപ്പണിങ് നിരയിൽ രോഹിതും കെ.എൽ രാഹുലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും നാലാം നമ്പറിൽ ഇന്ത്യയുടെ പ്രതിസന്ധി ഇതുവരെ പരിഹരിച്ചിട്ടില്ല.