ബാറ്റിംഗ് ഫോം വീണ്ടെടുത്ത് വാര്‍ണര്‍, ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് വിജയം

Sports Correspondent

ശ്രീലങ്കയുടെ സ്കോറായ 154/6 ചേസ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം. ഡേവിഡ് വാര്‍ണറും ആരോൺ ഫിഞ്ചും അടിച്ച് തകര്‍ത്തപ്പോള്‍ ഒന്നാം വിക്കറ്റിൽ 6.5 ഓവറിൽ 70 റൺസാണ് കൂട്ടുകെട്ട് നേടിയത്. 23 പന്തിൽ 37 റൺസ് നേടിയ ഫിഞ്ചിനെ വനിന്‍ഡു ഹസരംഗ ബൗള്‍ഡാക്കിയപ്പോള്‍ തന്റെ അടുത്ത ഓവറിൽ മാക്സ്വവെല്ലിനെയും ഹസരംഗ തന്നെ പിടിച്ചു പുറത്താക്കി.

തന്റെ ബാറ്റിംഗ് ഫോം വീണ്ടെടുത്ത വാര്‍ണര്‍ 42 പന്തിൽ 65 റൺസ് നേടി പുറത്തായപ്പോള്‍ ഓസ്ട്രേലിയ വിജയത്തിന് ഏറെ അടുത്തെത്തിയിരുന്നു. സ്മിത്തും വാര്‍ണറും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 50 റൺസാണ് കൂട്ടിചേര്‍ത്തത്. വാര്‍ണര്‍ പുറത്തായ ശേഷം സ്മിത്ത് – സ്റ്റോയിനിസ് കൂട്ടുകെട്ട് അവശേഷിക്കുന്ന 25 റൺസ് നേടി ടീമിന്റെ വിജയം ഉറപ്പാക്കി.

സ്മിത്ത് 28 റൺസും സ്റ്റോയിനിസ് 16 റൺസും നേടിയാണ് ഓസ്ട്രേലിയന്‍ വിജയം അനായാസം ആക്കിയത്.