തോല്‍വിയില്‍ ഞങ്ങള്‍ അസ്വസ്ഥരല്ല: കോഹ്‍ലി

ഓസ്ട്രേലിയയ്ക്കെതിരെ ലോകകപ്പിനു തൊട്ട് മുമ്പ് ഏകദിന പരമ്പര കൈവിട്ട ഇന്ത്യയെ അത് അത്രമാത്രം അലട്ടുന്നില്ലെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. പരമ്പരയില്‍ 2-0നു മുന്നില്‍ നിന്ന ശേഷമാണ് തുടരെ മൂന്ന് കളികള്‍ പരാജയപ്പെട്ട് ഇന്ത്യ അടിയറവ് പറഞ്ഞത്. എന്നാല്‍ ഡ്രെസ്സിംഗ് റൂമില്‍ ആരും തന്നെ ഈ തോല്‍വിയില്‍ പരിഭ്രാന്തരല്ലെന്നാണ് വിരാട് കോഹ്‍ലി പറഞ്ഞത്. ഞങ്ങള് കളിക്കാരോ സപ്പോര്‍ട്ട് സ്റ്റാഫോ ആരും തന്നെ ഈ തോല്‍വിയില്‍ അസ്വസ്ഥരല്ലെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.

അവസാന മൂന്ന് മത്സരങ്ങളില്‍ ഞങ്ങള്‍ ടീമില്‍ മാറ്റം വരുത്തിയത് ഞങ്ങള്‍ക്ക് ഈ മൂന്ന് മത്സരങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തണമെന്ന നിശ്ചയമുള്ളതിനാലായിരുന്നു. ലോകകപ്പിനു മുമ്പ് ഏകദിനത്തില്‍ താരങ്ങള്‍ക്ക് ലഭിയ്ക്കുന്ന അവസാന അവസരങ്ങളായിരുന്നു ഇവ. ഈ മൂന്ന് മത്സരങ്ങള്‍ ഞങ്ങള്‍ക്ക് സമ്മര്‍ദ്ദത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് തെളിയിക്കുവാനുള്ള അവസരങ്ങളായിരുന്നു. മത്സരങ്ങള്‍ ജയിച്ചില്ലെങ്കിലും സമ്മര്‍ദ്ദത്തില്‍ താരങ്ങള്‍ മികവ് പുലര്‍ത്തി എന്ന് തന്നെയാണ് വിരാട് കോഹ്‍ലിയുടെ നിലപാട്.

മികച്ച ക്രിക്കറ്റ് ഇന്ത്യ കളിച്ചുവെന്ന് തന്നെയാണ് തന്റെ വിശ്വാസം, അതിനാല്‍ തന്നെ ഈ തോല്‍വിയില്‍ നിരാശ തോന്നുന്നില്ല. ഞങ്ങളെക്കാള്‍ മികച്ച രീതിയില്‍ കളിച്ചത് ഓസ്ട്രേലിയയാണ് അതിനാല്‍ തന്നെ അവര്‍ ഈ വിജയം അര്‍ഹിക്കുന്നുണ്ടെന്നും കോഹ്‍ലി കൂട്ടിചേര്‍ത്തു. നിര്‍ണ്ണായക നിമിഷങ്ങളില്‍ മികവ് പുലര്‍ത്തുവാന്‍ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞുവെന്നും അത് തന്നെയാണ് പരമ്പരയിലെ മാറ്റമെന്നും കോഹ്‍ലി വ്യക്തമാക്കി.