വാങ്കഡേയിലെ പൊള്ളാര്‍ഡിന്റെ പരിചയം തങ്ങളുടെ ബൗളര്‍മാരെ സഹായിക്കും

- Advertisement -

വാങ്കഡേയില്‍ കളിച്ച് പരിചയമുള്ള പൊള്ളാര്‍ഡിന്റെ കീഴില്‍ വിന്‍ഡീസ് ഇറങ്ങുന്നു എന്നത് ടീമിന്റെ ബൗളര്‍മാരെ വളരെയധികം സഹായിക്കുമെന്ന് അവകാശപ്പെട്ട് വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ്. ഇത് കൂടാതെ ഇന്ത്യയില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പര കളിക്കാനായി ടീം നേരത്തെ എത്തിയതും വാങ്കഡേയിലെ അവസാന മത്സരത്തില്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് വിന്‍ഡീസ് കോച്ചിന്റെ അഭിപ്രായം. ആദ്യ മത്സരത്തില്‍ 200ലധികം റണ്‍സ് നേടിയ ശേഷമാണ് വിന്‍ഡീസ് കീഴടങ്ങിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ ഇന്ത്യയെ കെട്ടുകെട്ടിച്ച് പരമ്പരയില്‍ ഒപ്പമെത്തുവാന്‍ ടീമിന് സാധിച്ചു.

ഈ സാഹചര്യങ്ങളില്‍ കൂടുതല്‍ സമയം ടീം ചെലവഴിച്ചതും ഗുണം ചെയ്യുമെന്ന് ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി. ലക്നൗവില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റിലെ വിക്കറ്റും സമാനമായ സാഹചര്യത്തിലുള്ളതാണെന്ന് വിന്‍ഡീസ് കോച്ച് അഭിപ്രായപ്പെട്ടു.

ഇത് കൂടാതെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിട്ടുള്ള താരങ്ങള്‍ ടീമിലുള്ളതും വലിയ നേട്ടം തന്നെയാണെന്ന് എവിന്‍ ലൂയിസ്, ലെന്‍ഡല്‍ സിമ്മണ്‍സ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരെ ചൂണ്ടിക്കാണിച്ച് സിമ്മണ്‍സ് വ്യക്തമാക്കി. ഇതില്‍ പൊള്ളാര്‍ഡിന്റെ ഐപിഎല്‍ പരിചയം ടീമിന് വലിയ ഗുണം ചെയ്യുമെന്നും സിമ്മണ്‍സ് പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement