ലില്ലേയെയെ മറികടന്നു, ചെൽസി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ

സ്വന്തം മൈതാനത്ത് ജയത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ സ്ഥാനം ഉറപ്പാക്കി. ലിലെയെ 2-1 ന് മറികടന്നാണ് ലംപാർഡിന്റെ ടീം ജയിച്ചത്. 11 പോയിന്റുമായി ഗ്രൂപ്പ് രണ്ടാം സ്ഥാനത്താണ് ചെൽസി അവസാന 16 ൽ സ്ഥാനം ഉറപ്പിച്ചത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് വലൻസിയയാണ് ഫിനിഷ് ചെയ്തത്.

കളിയുടെ ആദ്യ പകുതിയിൽ സമ്പൂർണ്ണ ആധിപത്യമാണ് ചെൽസി പുലർത്തിയത്. തുടർച്ചയായി ലിലെ ഗോൾ മുഖം ആക്രമിച്ച ചെൽസി റൂഡിഗറിന്റെ വരവോടെ പ്രതിരോധത്തിലും മുന്നിട്ട് നിന്നു. 19 ആം മിനുട്ടിൽ വില്ലിയന്റെ അസിസ്റ്റിൽ ടാമി അബ്രഹാം ആണ് ചെൽസിക്ക് ലീഡ് സമ്മാനിച്ചത്. പിന്നീട് എമേഴ്സന്റെ കോർണർ ഗോളാക്കി ആസ്പിലിക്വെറ്റ ചെൽസിയുടെ ലീഡ് രണ്ടാക്കി ഉയർത്തി.

രണ്ടാം പകുതിയിൽ പുലിസിക്, അബ്രഹാം എന്നിവരെ ചെൽസി നേരത്തെ പിൻവലിച്ചു. പക്ഷെ എന്നിട്ടും ലില്ലേയുടെ ആക്രമണത്തിന് കാര്യമായ മാറ്റം ഉണ്ടായില്ല. പക്ഷെ കളിയുടെ 78 ആം മിനുട്ടിൽ ലോയ്ക് റെമിയിലൂടെ ലിലെ ഒരു ഗോൾ തിരിച്ചടിച്ചതോടെ അവസാന 10 മിനുട്ടുകൾക് ചെൽസിക്ക് ആശങ്കയുടേത് ആയി. പക്ഷെ കൂടുതൽ പരിക്ക് പറ്റാതെ കളി അവസാനിപ്പിച്ച ചെൽസി റൌണ്ട് 16 ഉറപ്പാക്കിയാണ്‌ ഇത്തവണ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ആഘോഷമാക്കിയത്. ലംപാർഡിന് കീഴിൽ ചെൽസി നേടുന്ന ആദ്യ ചാമ്പ്യൻസ് ലീഗ് ഹോം ജയം എന്നതും ഇന്നത്തെ മത്സരത്തിന് പ്രത്യേകതയായി.