ഫോം തുടര്‍ന്ന് സ്മിത്ത്, ഓസ്ട്രേലിയയ്ക്ക് 280 റൺസ്

ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ 280/8 എന്ന സ്കോര്‍ നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഓസ്ട്രേലിയയെ സ്റ്റീവന്‍ സ്മിത്ത്(94), മാര്‍നസ് ലാബൂഷാനെ(58), മിച്ചൽ മാര്‍ഷ്(50) എന്നിവരുടെ ബാറ്റിംഗ് മികവാണ് 280 എന്ന സ്കോറിലേക്ക് എത്തിച്ചത്.

മൂന്നാം വിക്കറ്റിൽ സ്മിത്തും ലാബൂഷാനെയും 101 റൺസ് നേടിയെങ്കിലും ലാബൂഷാനെയെയും അലക്സ് കാറെയെയും ഒരേ ഓവറിൽ പുറത്താക്കി ആദിൽ റഷീദ് ഓസ്ട്രേലിയയെ 144/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കി.

മിച്ചൽ മാര്‍ഷിനെ കൂട്ടുപിടിച്ച് സ്മിത്ത് 90 റൺസ് കൂടി അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും 94 റൺസ് നേടിയ താരത്തിന് ശതകം നഷ്ടമാകുകയായിരുന്നു. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്നും ക്രിസ് വോക്സ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.