ശ്രീലങ്കയ്ക്ക് ജയിക്കുവാന്‍ 197 റണ്‍സ്, രണ്ടാം ദിവസം ഇതുവരെ വീണത് 17 വിക്കറ്റ്

പോര്‍ട്ട് എലിസബത്തില്‍ ബൗളര്‍മാരുടെ മേധാവിത്വം. ശ്രീലങ്കയുടെയും ദക്ഷിണാഫ്രിക്കയുടെയും ഇന്നിംഗ്സുകള്‍ രണ്ടാം ദിവസം അവസാനിച്ചപ്പോള്‍ ലങ്കയ്ക്ക് ജയിക്കുവാന്‍ 197 റണ്‍സാണ് വേണ്ടത്. തലേ ദിവസത്തെ സ്കോറായ 60/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 154 റണ്‍സിനു അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 68 റണ്‍സിന്റെ ലീഡ് നേടി. എന്നാല്‍ ദക്ഷിണാഫ്രിക്കയെ 128 റണ്‍സിനു പുറത്താക്കി ശ്രീലങ്ക ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ മത്സരം ആവേശകരമായ നിലയിലേക്ക് നീങ്ങുകയായിരുന്നു.

42 റണ്‍സ് നേടി നിരോഷന്‍ ഡിക്ക്വെല്ല ശ്രീലങ്കയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ കുശല്‍ പെരേര 20 റണ്‍സും ലഹിരു തിരിമന്നേ 29 റണ്‍സും നേടി. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ നാലും ഡുവാന്നെ ഒളിവിയര്‍ മൂന്ന് വിക്കറ്റും നേടി. പരിക്കേറ്റ ലസിത് എംബുല്‍ദേനിയ ബാറ്റ് ചെയ്യാനെത്തിയില്ല.

വലിയ ലീഡ് നേടാമെന്ന ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയ്ക്ക് വിലങ്ങ് തടിയായി സുരംഗ ലക്മലും ധനന്‍ജയ ഡിസില്‍വയും പന്തെറിഞ്ഞപ്പോള്‍ 44.3 ഓവറില്‍ ടീം 128 റണ്‍സിനു ഓള്‍ഔട്ട് ആയി. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി 50 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഹാഷിം അംല 32 റണ്‍സ് നേടി. സുരംഗ ലക്മല്‍ നാലും ഡി സില്‍വ 3 വിക്കറ്റും നേടുകയായിരുന്നു. കസുന്‍ രജിതയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

Previous articleകണ്ടതേ പറഞ്ഞുള്ളൂ എന്ന് ആവർത്തിച്ച് മഞ്ഞപ്പട, കേസ് ഒത്തു തീർന്നേക്കില്ല
Next articleആ രണ്ട് പോയിന്റുകള്‍ വിട്ട് നല്‍കി പാക്കിസ്ഥാനെ സഹായിക്കുന്നതിനോട് യോജിപ്പില്ല