കണ്ടതേ പറഞ്ഞുള്ളൂ എന്ന് ആവർത്തിച്ച് മഞ്ഞപ്പട, കേസ് ഒത്തു തീർന്നേക്കില്ല

വിനീതിനെതിരെ വ്യാജ പ്രചരണം നടത്തിയ കേസ് ഒത്തുതീർന്നേക്കില്ല. വിനീതിനെതിരെ പ്രചരിപ്പിച്ച ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് സമ്മതിച്ച് ഇത് ആവർത്തിക്കില്ല എന്ന് എഴുതി നൽകിയാൽ കേസ് ഒഴിവാക്കാം എന്ന് നേരത്തെ സി കെ വിനീത് നിലപാട് എടുത്തിരുന്നു. എന്നാൽ മഞ്ഞപ്പട ഇന്ന് പോലീസിന് നൽകിയ സ്റ്റേറ്റ്മെന്റിലും വിനീതിനെതിരെ നടത്തിയ അരോപണങ്ങൾ നിഷേധിക്കാൻ തയ്യാറായില്ല.

മഞ്ഞപ്പടയുടെ എക്സിക്യൂട്ടീവ് മെമ്പറായ വ്യക്തി ദൃക്സാക്ഷിയായ കാര്യം പങ്കുവെക്കുക മാത്രമാണ് ഓഡിയോയിൽ ചെയ്തത് എന്നാണ് മഞ്ഞപ്പട ഇന്ന് പോലീസിന് നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നത്. മാച്ച് കമ്മീഷണറും മത്സരവുമായി ബന്ധപ്പെട്ട മറ്റുള്ളവരും ബോൾ ബോയിയോട് വിനീത് മോശമായി പെരുമാറിയില്ല എന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. മാച്ച് കമ്മീഷണറായ ദിനേശ് നായർ ഏഷ്യാനെറ്റ് ന്യൂസിനോട് ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല എന്ന് പറഞ്ഞിരുന്നു. എന്നിട്ടും മഞ്ഞപ്പട ‘സാക്ഷിയായ കാര്യം’ എന്ന് ആവർത്തിക്കുകയാണ്.

ഈ ഓഡിയോ പ്രചരിച്ചത് എങ്ങനെയാണെന്ന് അറിയില്ല എന്നും ആ ഓഡിയോ പ്രചരിച്ചതിന് കാരണമായതിൽ ഖേദിക്കുന്നു എന്നും മാത്രമാണ് മഞ്ഞപ്പട സ്റ്റേറ്റ്മെന്റിൽ പറയുന്നത്. ഓഡിയോ അയച്ച മഞ്ഞപ്പടയുടെ മെമ്പർ പറയുന്ന കാര്യം തെളിയിക്കാൻ വീഡിയോകൾ ഓഡിയോ വ്യക്തിക്ക് കിട്ടിയില്ല എന്നും മഞ്ഞപ്പടയുടെ സ്റ്റേറ്റ്മെന്റ് പറയുന്നു.

മഞ്ഞപ്പടയുടെ ഒരു വ്യക്തി മാത്രം ചെയ്ത കാര്യമാണ് ഇതെന്നും വിനീതിന്റെ പരാതി മഞ്ഞപ്പടയ്ക്ക് എതിരെ അല്ല എന്നും മഞ്ഞപ്പട പറയുന്നു. എന്നാൽ വ്യക്തിക്ക് എതിരായ പ്രശ്നത്തിൽ മഞ്ഞപ്പട എന്തിനാണ് പോലീസിന് ഖേദം പ്രകടിപ്പിച്ച് സ്റ്റേറ്റ്മെന്റ് നൽകിയത് എന്ന് വ്യക്തമല്ല. വിനീത് നൽകിയ പരാതി ഓഡിയോ അയച്ച വ്യക്തിക്കും മഞ്ഞപ്പട എക്സിക്യൂട്ടീവ് വാട്സ്ഗ്രൂപ്പിനും എതിരെയാണ്.

ബോൾ ബോയി വിനീത് അസംഭ്യം പറഞ്ഞെന്ന ഉള്ളടക്കം ഉള്ള ഓഡിയോയിലെ കാര്യങ്ങൾ വ്യാജമാണെന്ന് മഞ്ഞപ്പട സമ്മതിക്കാത്തത് കൊണ്ട് ഈ കേസ് ഇനിയും നീളാനുള്ള സാധ്യതയാണ് ഉള്ളത്. മഞ്ഞപ്പടയുടെ ഈ സ്റ്റേറ്റ്മെന്റിൽ വിനീത് നിരാശയിലാണ് എന്നാണ് അടുത്ത് വൃത്തങ്ങൾ നൽകുന്ന സൂചന. കേസ് നിയമനടപടിയിലേക്ക് പോവുകയാണെങ്കിൽ വ്യാജ ഓഡിയോ സന്ദേശം അയച്ച വ്യക്തിക്ക് എതിരെയും പ്രചരിപ്പിച്ചവർക്കെതിരെയും നടപടി ഉണ്ടായേക്കാം. മഞ്ഞപ്പടയുടെ എക്സിക്യൂട്ടീവ് ഗ്രൂപ്പിൽ നിന്നാണ് ഓഡിയോ ചോർന്നത് എന്നത് കൊണ്ട് മഞ്ഞപ്പടയ്ക്കും അന്വേഷണം നേരിടേണ്ടി വരും.

Previous articleഷില്ലോങ്ങിലും ജയമില്ലാതെ ഗോകുലം കേരള എഫ് സി
Next articleശ്രീലങ്കയ്ക്ക് ജയിക്കുവാന്‍ 197 റണ്‍സ്, രണ്ടാം ദിവസം ഇതുവരെ വീണത് 17 വിക്കറ്റ്