ടൂറിന്റെ ആദ്യ ദിവസം മുതല്‍ ടീമിന്റെ നിലവാരം താഴോട്ടായിരുന്നു

ഇന്ത്യന്‍ ടെസ്റ്റ് ടൂറിന്റെ ആദ്യ ദിനം മുതല്‍ ഇങ്ങോട്ട് ടീമിന്റെ നിലവാരം താഴേയ്ക്കായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. പരമ്പരയിലെ ആദ്യ ടെസ്റ്റായ വൈസാഗിലെ ആദ്യ ദിവസം ശുഭ സൂചനകളുണ്ടായിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ട് പോകുന്നതാണ് കണ്ടത്. പരമ്പരയില്‍ ഉടനീളം പിഴവുകള്‍ വരുത്തി ഇന്ത്യന്‍ ടീമിന് കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു ദക്ഷിണാഫ്രിക്കയെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.

ബാറ്റിംഗോ ബൗളിംഗോ ഫീല്‍ഡിംഗോ ഏത് തന്നെയായാലും ഇന്ത്യ തങ്ങളെ നിഷ്പ്രഭമാക്കിയെന്ന് ഫാഫ് പറഞ്ഞു. ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടുവാന്‍ സജ്ജരായാണ് തങ്ങളെത്തിയതെന്നും എന്നാല്‍ മികച്ച പിച്ചുകളില്‍ ഇന്ത്യന്‍ സീമര്‍മാര്‍ പരമ്പയില്‍ ഉടനീളം മേല്‍ക്കൈ നേടിയെന്നും ഫാഫ് പറഞ്ഞു. അതേ സമയം ദക്ഷിണാഫ്രിക്കന്‍ സീമര്‍മാര്‍ 30-40 മിനുട്ട് മികച്ച് നിന്നുവെ്കിലും ദിവസം ഉടനീളം അതേ മികവ് പുലര്‍ത്തുവാനുമായില്ലെന്ന് ഫാഫ് സമ്മതിച്ചു.