Cricket

താനാദ്യം അത് ഒരു വിവാഹാഭ്യര്‍ത്ഥനയാണെന്ന് കരുതി

ചട്ടോഗ്രാമില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റിന്റെ രണ്ടാം ദിവസം ഗ്രൗണ്ടിലേക്ക് കടന്ന ഒരു ആരാധകന്‍ ഷാക്കിബ് അല്‍ ഹസന് നേരെ ഓടിയടുത്ത് കൈയ്യിലിരുന്ന പൂ നീട്ടിയപ്പോള്‍ ആ കാഴ്ച കണ്ടവര്‍ക്കെല്ലാം അതൊരു വിവാഹഭ്യര്‍ത്ഥനയുടെ മാതൃകയാണെന്ന് തോന്നിയിരിക്കാം. പൂ സ്വീകരിക്കാനുള്ള ആരാധകന്റെ ആവശ്യമായിരുന്നുവെങ്കിലും തമാശ രൂപേണ ഷാക്കിബ് പറഞ്ഞത് താന്‍ കരുതിയത് അതൊരു വിവാഹാഭ്യര്‍ത്ഥനയാണെന്നാണെന്നായിരുന്നു.

മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സിന്റെ 107ാം ഓവറിലാണ് സംഭവം അരങ്ങേറുന്നത്. ഷാക്കിബ് ഓവറിലെ നാലാമത്തെ പന്തെറിയുവാന്‍ തുടങ്ങുന്ന സമയത്താണ് ഈ വ്യക്തി പടിഞ്ഞാറന്‍ ഗാലറിയിലെ വേലി ചാടി ഗ്രൗണ്ടിലെത്തിയത്. മുട്ട് കുത്തി ഷാക്കിബിനായി താന്‍ കൊണ്ട് വന്ന പൂ നീട്ടുകയായിരുന്നു ഈ വ്യക്തി. തന്നോട് പൂക്കള്‍ സ്വീകരിക്കാന്‍ മാത്രമാണ് പറഞ്ഞതെങ്കിലും ആദ്യം താന്‍ വിവാഹാഭ്യര്‍ത്ഥനയാണോ നടത്തുന്നതെന്ന് ഭയക്കുന്നതായി രണ്ടാം ദിവസത്തെ മത്സരത്തിന് ശേഷമുള്ള പത്ര സമ്മേളനത്തില്‍ ഷാക്കിബ് പറഞ്ഞു.

താന്‍ ഇത്തരത്തില്‍ പൂ സ്വീകരിച്ചുവെങ്കിലും ഇതു പോലെയുള്ള സംഭവങ്ങള്‍ നടക്കരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഷാക്കിബ് വ്യക്തമാക്കി.