നായകന്‍ നയിച്ചു, ഷായി ഹോപിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ 5 വിക്കറ്റ് വിജയവുമായി വിന്‍ഡീസ്

ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ വിജയം വെസ്റ്റിന്‍ഡീസിന്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെഎൽ രാഹുലിന്റെയും രോഹിത് ശര്‍മ്മയുടെയും റുതുരാജിന്റെയും ബാറ്റിംഗ് മികവിൽ 351/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ ക്യാപ്റ്റന്‍ ഷായി ഹോപ് 5 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. 48.2 ഓവറിൽ സന്ദര്‍ശകര്‍ വിജയം കുറിച്ചപ്പോള്‍ 162 റൺസുമായി ഹോപ് പുറത്താകാതെ നിന്നു.

143 പന്തിൽ 162 റൺസ് നേടിയ ഹോപിനൊപ്പം 67 റൺസ് നേടി അമീര്‍ ജാംഗൂവും 44 റൺസ് നേടി കീമോ പോളും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. ഗുഡകേഷ് മോട്ടി 19 റൺസുമായി വിജയ സമയത്ത് ഹോപിന് കൂട്ടായി ക്രീസിലുണ്ടായിരുന്നു.

109 റൺസ് നേടിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ജാംഗൂ – ഹോപ് സഖ്യം അപകടകരമായ രീതിയിൽ ബാറ്റ് വീശുന്നത് റൺഔട്ടിലൂടെ ഇന്ത്യ തകര്‍ത്തുവെങ്കിലും മറ്റു താരങ്ങളുമായി നിര്‍ണ്ണായക കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി ഷായി ഹോപ് ടീമിന്റെ വിജയം ഉറപ്പാക്കി. ആറാം വിക്കറ്റിൽ 29 പന്തിൽ നിന്ന് 62 റൺസാണ് ഹോപ് – ഗുഡകേഷ് മോട്ടി കൂട്ടുകെട്ട് നേടിയത്.