അവിശ്വസനീയം ഈ തിരിച്ചുവരവ്, വിഷ്ണു വിനോദിനും സച്ചിന്‍ ബേബിയ്ക്കും ബിഗ് സല്യൂട്ട്

- Advertisement -

ആദ്യ ഇന്നിംഗ്സില്‍ 63 റണ്‍സിനു ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സില്‍ 8 റണ്‍സിനിടെ നഷ്ടമായത് 4 മുന്‍ നിര വിക്കറ്റുകള്‍. എന്നിട്ടും കേരളം കീഴടങ്ങാതെ പോരാടി, സച്ചിന്‍ ബേബിയിലൂടെയും വിഷ്ണു വിനോദിലൂടെയും. ലീഡ് 125 റണ്‍സ് മാത്രമാണ് കേരളത്തിന്റെ കൈവശമുള്ളത്. അവശേഷിക്കുന്നതാകട്ടെ 2 വിക്കറ്റും. ജയിക്കുവാന്‍ പോന്നൊരു സ്കോറെന്ന് പറയാനാകില്ലെങ്കിലും ഇത് ജയത്തിനു തുല്യമായ ഒരു തിരിച്ചുവരവ് തന്നെയാണ്.

100/6 എന്ന നിലയില്‍ നിന്ന് മൂന്നാം ദിവസം അവസാനിപ്പിക്കുമ്പോള്‍ 390/8 എന്ന നിലയില്‍ അവസാനിക്കുമ്പോള്‍ കൈവശമുള്ള ലീഡിനെക്കാളുപരി ടീം ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി എന്നുള്ളത് കേരളത്തിന്റെ ആത്മവിശ്വാസത്തെ എറെ ഉയര്‍ത്തുവാന്‍ സഹായിക്കും. ബംഗാളിനെ കീഴടക്കിയെത്തിയ ടീമിനു ആദ്യ ഇന്നിംഗ്സിലെ തകര്‍ച്ച നിരാശയേകുന്നതായിരുന്നു. മധ്യ പ്രദേശിനെ ചെറുത്ത് നിര്‍ത്താനാകാതെ 328 റണ്‍സ് വഴങ്ങിയപ്പോള്‍ ടീമിന്റെ മുന്നില്‍ ശ്രമകരമായൊരു ദൗത്യമായിരുന്നു ഉള്ളത്.

ഏഴാം വിക്കറ്റില്‍ ബേബിയും വിഷ്ണുവും ഒത്തുകൂടുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. അവിടെ നിന്ന് 199 റണ്‍സിന്റെ കൂട്ടുകെട്ട് നേടി ചായയ്ക്ക് ശേഷം 143 റണ്‍സ് നേടി സച്ചിന്‍ ബേബി പുറത്താകുമ്പോള്‍ വിഷ്ണു തന്റെ കന്നി ഫസ്റ്റ് ക്ലാസ് ശതകത്തിനു അരികിലായിരുന്നു. അക്ഷയ് കെസിയെ കുല്‍ദീപ് സെന്‍ വേഗത്തില്‍ പുറത്താക്കിയെങ്കിലും തുണയായി ബേസില്‍ തമ്പി എത്തിയപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ കരകയറുകയായിരുന്നു.

Advertisement