കേരളമെ ഇത് ചരിത്രം, 61 വര്‍ഷത്തില്‍ ആദ്യമായി രഞ്ജി ട്രോഫി സെമി ഫൈനലില്‍

Courtesy: Kerala Cricket Association/FB Page

ബേസില്‍ തമ്പിയും സന്‍ദീപ് വാര്യറും ഗുജറാത്തിനെ വരിഞ്ഞു മുറുക്കിയപ്പോള്‍ രഞ്ജി ട്രോഫിയിലെ സെമി ഫൈനല്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി കേരളം. 81 റണ്‍സിനു ഗുജറാത്തിനെ ഓള്‍ഔട്ട് ആക്കി 113 റണ്‍സിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ബേസില്‍ തമ്പി അഞ്ചും സന്ദീപ് വാര്യര്‍ നാലും വിക്കറ്റാണ് കേരളത്തിനായി നേടിയത്. 33 റണ്‍സുമായി രാഹുല്‍ ഷാ പുറത്താകാതെ നിന്നപ്പോള്‍ 31.3 ഓവറില്‍ ഗുജറാത്ത് ഇന്നിംഗ്സ് അവസാനിച്ചു.

195 റണ്‍സ് വിജയ ലക്ഷ്യത്തിനിറങ്ങിയ ഗുജറാത്തിനു തുടക്കം തന്നെ പാളുകയായിരുന്നു.  18 റണ്‍സിനിടെ 4 വിക്കറ്റ് നഷ്ടമായ ഗുജറാത്തിനു വേണ്ടി ധ്രുവ് റാവലും രാഹുല്‍ ഷായും ചേര്‍ന്ന് അല്പ നേരം കേരളത്തെ വട്ടംചുറ്റിച്ചിരുന്നു. 12 ഓവറുകളോളം വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ച് നിന്ന സഖ്യം ഗുജറാത്തിന്റെ സ്കോര്‍ 50 കടത്തി.

39 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടി മുന്നോട്ട് നീങ്ങുകയായിരുന്ന ഗുജറാത്തിനു സ്കോര്‍ 57ല്‍ നില്‍ക്കെ 17 റണ്‍സ് നേടിയ ധ്രുവ് റാവലിനെ നഷ്ടമായി. ബേസില്‍ തമ്പിയ്ക്കായിരുന്നു വിക്കറ്റ്. 11 റണ്‍സ് നേടുന്നതിനിടയില്‍ മൂന്ന് വിക്കറ്റ് കൂടി തമ്പിയും വാര്യറും വീഴ്ത്തിയപ്പോള്‍ ഗുജറാത്ത് വലിയ തോല്‍വിയിലേക്ക് അടുക്കുകയായിരുന്നു.