ഇന്ത്യൻ ടെസ്റ്റ് ടീം താരങ്ങളായ ഇഷാന്ത് ശർമയോടും അശ്വിനോടും നാളെ നടക്കാനിരിക്കുന്ന രഞ്ജി മത്സരങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ പറഞ്ഞ് ബി.സി.സി.ഐ. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായിട്ടാണ് ബി.സി.സി.ഐയുടെ തീരുമാനം. അതെ സമയം ഇന്ത്യൻ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷാമിക്ക് ചില നിയന്ത്രണങ്ങളോടെ രഞ്ജിയിൽ മത്സരിക്കാൻ ബി.സി.സി.ഐ അനുവാദം നൽകിയിരുന്നു.
നാളെ തുടങ്ങുന്ന രഞ്ജി മത്സരങ്ങൾ നവംബർ 24നാണ് അവസാനിക്കുക. നവംബർ 28ന് ഇന്ത്യക്ക് നാല് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന മത്സരവുമുണ്ട്. ഇത് മുൻപിൽ കണ്ടു കൊണ്ടാണ് താരങ്ങളെ രഞ്ജിയിൽ പങ്കെടുക്കുന്നതിൽ നിന്ന് മാറ്റി നിർത്തുന്നത്. ഇഷാന്തിന്റെ സേവനം നഷ്ടമാവുന്നത് രഞ്ജിയിൽ ഡൽഹിക്ക് തിരിച്ചടിയാണ്. അതെ സമയം അശ്വിൻ തമിഴ്നാടിന്റെ രണ്ടാമത്തെ രഞ്ജി ട്രോഫി മത്സരത്തിൽ കളിച്ചിരുന്നില്ല.
ഡിസംബർ 6ന് അഡ്ലെയ്ഡിൽ വെച്ചാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് പോരാട്ടം.