ഷാക്കിബ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കില്ല, ധാക്ക പ്രീമിയര്‍ ലീഗിന് മുന്‍ഗണന

ഷാക്കിബ് അല്‍ ഹസന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കില്ല. ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ വേണ്ടി താരം പിഎസ്എല്‍ കളിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ധാക്ക പ്രീമിയര്‍ ലീഗ് മേയ് 31ന് ആണ് ആരംഭിക്കുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായാണ് ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ്, മഹമ്മുദുള്ള എന്നിങ്ങനെ മൂന്ന് ബംഗ്ലാദേശ് താരങ്ങളെ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്.

ഷാക്കിബ് ലാഹോര്‍ ഖലന്തേഴ്സിന് വേണ്ടിയായിരുന്നു കളിക്കാനിരുന്നത്. മഹമ്മുദുള്ള മുല്‍ത്താന്‍ സുല്‍ത്താന്‍സിനും ലിറ്റണ്‍ ദാസ് കറാച്ചി കിംഗ്സിനും വേണ്ടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ധാക്ക പ്രീമിയര്‍ ലീഗ് കളിക്കുവാന്‍ ഷാക്കിബ് സന്നദ്ധത കാണിച്ചുവെന്ന് മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബ് ആണ് ടൂര്‍ണ്ണമെന്റ് കമ്മിറ്റിയ്ക്ക് കത്ത് നല്‍കിയത്.

ഷാക്കിബ് ഒപ്പിട്ട കത്തും ഇതിനൊടൊപ്പം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.