രോഹിത് ശര്‍മ്മയെ വരിഞ്ഞുകെട്ടുവാനുള്ള തന്ത്രങ്ങള്‍ തങ്ങള്‍ മെനഞ്ഞ് കഴിഞ്ഞു – നഥാന്‍ ലയണ്‍

ഐപിഎലില്‍ ഏറ്റ പരിക്ക് കാരണം ഓസ്ട്രേലിയയില്‍ വൈകി മാത്രമാണ് രോഹിത് ശര്‍മ്മ ടീമിനൊപ്പം ചേരുവാനെത്തിയത്. പരിമിത ഓവര്‍ പരമ്പര നഷ്ടമായ താരം ഇന്ത്യന്‍ ടീമിനൊപ്പം ഏതാനും ദിവസം മുമ്പാണ് തന്റെ ക്വാറന്റീന്‍ കഴിഞ്ഞ് ചേര്‍ന്നത്. സിഡ്നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ താരത്തിന് മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ താരം നഥാന്‍ ലയണ്‍ രംഗത്തെത്തിക്കഴിഞ്ഞു.

രോഹിത്തിനെ പിടിച്ചുകെട്ടുവാനുള്ള തന്ത്രങ്ങള്‍ തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് ലയണ്‍ പറഞ്ഞത്. രോഹിത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണെന്നിരിക്കെ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളി താരം ഉയര്‍ത്തുമെന്ന് ഉറപ്പാണ്. അതേ സമയം ഈ വെല്ലുവിളി സ്വീകരിച്ച് തങ്ങള്‍ രോഹിത്തിനെ നേരിടുമെന്ന് വിര്‍ച്വല്‍ പത്ര സമ്മേളനത്തില്‍ ലയണ്‍ സൂചിപ്പിച്ചു.

താരത്തിന് പകരം ആരെ ഇന്ത്യ പുറത്തിരുത്തുമെന്ന് നോക്കേണ്ടതുണ്ടെന്നും ലയണ്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ പക്കല്‍ രോഹിത്തിനെ പൂട്ടുവാനുള്ള പദ്ധതികള്‍ തയ്യാറാണെന്നും താരത്തെ വേഗത്തില്‍ പുറത്താക്കുക എന്നതാവും ടീമിന്റെ ലക്ഷ്യമെന്നും ലയണ്‍ വ്യക്തമാക്കി.