5 വിക്കറ്റ് വിജയം ന്യൂസിലാണ്ടിന്, പരമ്പരയും സ്വന്തം

വെസ്റ്റിന്‍ഡീസിനെതിരെ അവസാന ഏകദിനത്തിൽ അഞ്ച് വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്. വിജയത്തോടെ ന്യൂസിലാണ്ടിന് ഏകദിന പരമ്പര സ്വന്തമാക്കുവാനായി. കൈൽ മയേഴ്സ് നേടിയ 105 റൺസിന്റെ ബലത്തിൽ വെസ്റ്റിന്‍ഡീസ് 301/8 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്. വിജയത്തോടെ 2-1ന് ന്യൂസിലാണ്ട് ഏകദിന പരമ്പര സ്വന്തമാക്കി.

നിക്കോളസ് പൂരന്‍ 91 റൺസും ഷായി ഹോപ് 51 റൺസും നേടിയപ്പോള്‍ മത്സരത്തിൽ വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ മികച്ച് നിന്നു. 181/2 എന്ന നിലയിൽ നിന്ന് വിന്‍ഡീസിനെ തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നിക്കോളസ് പൂരന്റെ ക്രീസിൽ നിന്ന് ടീമിനെ 280 റൺസിലേക്ക് എത്തിച്ചു. 6 പന്തിൽ 20 റൺസ് നേടിയ അൽസാരി ജോസഫ് ആണ് ടീമിന്റെ സ്കോര്‍ 300 കടത്തിയത്. ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് 3 വിക്കറ്റ് നേടി.

ന്യൂസിലാണ്ട് നിരയിൽ നാല് താരങ്ങളാണ് അര്‍ദ്ധ ശതകം നേടിയത്. 47.1 ഓവറിലാണ് ടീമിന്റെ വിജയം. ടോം ലാഥം 69 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഡാരിൽ മിച്ചൽ 49 പന്തിൽ നിന്ന് 63 റൺസ് നേടി. മാര്‍ട്ടിന്‍ ഗപ്ടിൽ 54 റൺസും ഡെവൺ കോൺവേ 56 റൺസും നേടി മികച്ച് നിന്നു.

11 പന്തിൽ 34 റൺസ് നേടിയ ജെയിംസ് നീഷത്തിന്റെ കനത്ത പ്രഹരങ്ങള്‍ വെസ്റ്റിന്‍ഡീസ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. പുറത്താകാതെ നിന്ന നീഷം 4 സിക്സുകളാണ് നേടിയത്.