ധോണി ഇന്ത്യയ്ക്കായി തന്റെ അവസാന മത്സരം കളിച്ച് കഴിഞ്ഞ്, ഇനി മടങ്ങി വരവുണ്ടാകില്ല ആകാശ് ചോപ്ര

ഇന്ത്യന്‍ ടീമിലേക്ക് എംഎസ് ധോണി ഇനി തിരിച്ച് വരവ് നടത്തിയേക്കില്ലെന്ന് പറഞ്ഞ് ആകാശ് ചോപ്ര. ഐസിസി ലോകകപ്പ് സെമിയില്‍ ന്യൂസിലാണ്ടിനോട് പരാജയം ഏറ്റ് വാങ്ങിയ ശേഷം എംഎസ് ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ധോണി ഐപിഎലില്‍ വീണ്ടും ക്രിക്കറ്റില്‍ സജീവമായി തിരികെ എത്തുമെന്നും പിന്നീട് ഇവിടുത്തെ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ഇന്ത്യന്‍ ആരാധകര്‍ കരുതിയെങ്കിലും കൊറോണ മൂലം ഐപിഎല്‍ നീട്ടി വയ്ക്കുകയായിരുന്നു.

അടുത്തിടെ ബിസിസിഐ നല്‍കിയ പുതിയ വാര്‍ഷിക കരാറില്‍ ധോണിയുണ്ടായിരുന്നില്ല. ഇതും ധോണിയുടെ റിട്ടയര്‍മെന്റിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ധോണിയുടെ മടങ്ങി വരവ് ഐപിഎല്‍ പ്രകടനത്തെ ആശ്രയിച്ചായിരിക്കുമെന്ന് രവി ശാസ്ത്രി പറഞ്ഞിരുന്നു.

ഒരു യൂട്യൂബ് വീഡിയോയില്‍ റമീസ് രാജയോട് സംസാരിക്കവെയാണ് ധോണിയുടെ ഇന്ത്യന്‍ കുപ്പായത്തിലെ സേവനം അവസാനിച്ചുവെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. ധോണി ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ തനിക്ക് തോന്നുന്നത് ഇന്ത്യയ്ക്കായി ധോണിയുടെ അവസാന മത്സരം 2019 ലോകകപ്പ് ആയിരിന്നുവെന്നാണെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി.

ഗാംഗുലി, കോഹ്‍ലി, രവിശാസ്ത്രി എന്നിവര്‍ ടി20 ലോകകപ്പില്‍ ധോണി കളിക്കണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ മാത്രമേ എംഎസ് ധോണി ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുകയുള്ളുവെന്ന് ചോപ്ര പറഞ്ഞു. ധോണി തന്നെ തനിക്ക് ഒരു വിരമിക്കല്‍ മത്സരം വേണ്ടെന്ന് സ്വയം തീരുമാനിച്ചുവെന്നാണ് തനിക്ക് തോന്നുന്നതെന്ന് ആകാശ ചോപ്ര അഭിപ്രായപ്പെട്ടു. ധോണി ഒരു വിരമിക്കല്‍ മത്സരം ഒക്കെ കളിച്ച് വലിയ ശബ്ദകോലാഹലങ്ങളുണ്ടാക്കി വിടവാങ്ങുവാന്‍ ഇഷ്ടപ്പെടുന്നൊരു വ്യക്തിയല്ലെന്നും ഈ തീരുമാനത്തിനെ സാധൂകരിച്ച് ചോപ്ര വ്യക്തമാക്കി.