ഇംഗ്ലണ്ടിനെ തകര്‍ത്ത് മലിംഗ, മോര്‍ഗന് ശതകം നഷ്ടം

ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. ജോ റൂട്ടും മോര്‍ഗനും അര്‍ദ്ധ ശതകങ്ങള്‍ നേടി ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും മലിംഗയുടെ മുന്നില്‍ തകര്‍ന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് 278 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റാണ് മലിംഗ മത്സരത്തില്‍ നിന്ന് നേടിയത്. അവസാന വിക്കറ്റില്‍ 24 റണ്‍സ് നേടി ആദില്‍ റഷീദ്(19*), ഒല്ലി സ്റ്റോണ്‍(9*) കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 278ലേക്ക് എത്തിച്ചത്.

ഓയിന്‍ മോര്‍ഗന്റെയും ജോ റൂട്ടിന്റെയും ബാറ്റിംഗ് മികവില്‍ി ഇംഗ്ലണ്ട് മികച്ച നിലയിലായിരുന്നു.  ഒരു ഘട്ടത്തില്‍ 140/2 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ 218/6 എന്ന നിലയിലായി. മോര്‍ഗന് തന്റെ ശതകം നഷ്ടമായപ്പോള്‍ ജോ റൂട്ട് 71 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഇംഗ്ലണ്ട് ഈ സ്കോര്‍ നേടുന്നത്. മോര്‍ഗന്‍ 91 പന്തില്‍ നിന്ന് 11 ബൗണ്ടറിയും 2 സിക്സും സഹിതമാണ് 92 റണ്‍സ് നേടിയത്.

ഇരുവരും ക്രീസില്‍ നിന്നപ്പോള്‍ കൂറ്റന്‍ സ്കോറിലേക്ക് ഇംഗ്ലണ്ട് നീങ്ങുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും ഇരുവരും പുറത്തായ ശേഷം ഇംഗ്ലണ്ടിന്റെ കുതിപ്പിനു തടയിടുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു. ജോസ് ബട്‍ലര്‍ 28 റണ്‍സ് നേടിയെങ്കിലും അവസാന ഓവര്‍ വരെ നിലയുറപ്പിക്കുവാന്‍ സാധിക്കാതെ പോയതും ഇംഗ്ലണ്ടിനു തിരിച്ചടിയായി. 5 വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും അവസാന 10 ഓവറില്‍ ഇംഗ്ലണ്ട് 69 റണ്‍സാണ് നേടിയതെന്നുള്ളത് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ഓര്‍ഡറിന്റെ ശക്തി വെളിപ്പെടുത്തുന്നതും കൂടിയാണ്.

മലിംഗയുടെ അഞ്ച് വിക്കറ്റുകള്‍ക്ക് പുറമെ നുവാന്‍ പ്രദീപ്, അകില ധനന്‍ജയ, തിസാര പെരേര, ധനന്‍ജയ ഡിസില്‍വ എന്നിവരും ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.