ആദ്യം സലയുടെ വണ്ടർ ഗോൾ, പിന്നെ പരിക്ക്, ലിവർപൂളിനും ഈജിപ്തിനും തിരിച്ചടി

ആഫ്രിക്കൻ നേഷൻസ് കപ്പിനുള്ള യോഗ്യത മത്സരത്തിൽ ഈജിപ്തിന് വേണ്ടി കളിക്കുമ്പോൾ ലിവർപൂൾ താരം സലക്ക് പരിക്ക്. ഈജിപ്ത് 4-1ന് ജയിച്ച മത്സരത്തിൽ കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കേയാണ് പരിക്കേറ്റ സല പുറത്തുപോയത്. താരത്തിന്റെ മസിലിനാണ് പരിക്കേറ്റത്. പരിക്കിന്റെ വ്യപ്തി ഇതുവരെ ഈജിപ്ത് പുറത്തുവിട്ടിട്ടില്ല.  മത്സരത്തിൽ സല കോർണർ കിക്കിൽ നിന്ന് നേരിട്ട് ഈജിപ്തിന് വേണ്ടി ഗോൾ നേടിയിരുന്നു.

സ്വാസിലാൻഡിനെതിരെ ഈജിപ്ത് മത്‌സരം 4-1ന് ജയിച്ചിരുന്നു. ലിവർപൂളിന് വേണ്ടി ഈ സീസണിൽ ഫോമിൽ എത്താൻ വിഷമിക്കുന്ന സല ഗോൾ കണ്ടെത്തിയത് ലിവർപൂൾ ആരാധകർക്ക് ആശ്വാസം ആയെങ്കിലും സലയുടെ പരിക്ക് ലിവർപൂളിന് തിരിച്ചടിയാണ്. ഈജിപ്തിന്റെ അടുത്ത മത്സരം ഈ മാസം 16ന് ടുണീഷ്യയുമായിട്ടാണ്. മത്സരം ശേഷം സലയുടെ പരിക്ക് അത്ര ഗുരുതരമാവില്ലെന്ന് ഈജിപ്ത് സഹ പരിശീലകൻ ഹാനി റംസി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.