ഇന്ത്യ – ചൈന ചരിത്ര പോരാട്ടം ഇന്ന്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ചൈനയും ഇന്ത്യയും തമ്മിൽ ചൈനയിൽ വെച്ച് നടക്കുന്ന ആദ്യ പോരാട്ടം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 5 മണിക്കാണ് ഇന്ത്യ – ചൈന പോരാട്ടം. 21 വർഷങ്ങൾക്ക് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ചൈനയിലെ സുസു ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

13 മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുന്ന ഇന്ത്യക്ക് ശക്തരായ ചൈന കടുത്ത വെല്ലുവിളി സൃഷ്ട്ടിക്കും. ചൈനയിൽ സ്വന്തം കാണികൾക്ക് മുൻപിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഉറച്ച് തന്നെയാവും ചൈന ഇറങ്ങുക. ലോകകപ്പ് ജേതാവായ പരിശീലകൻ മാഴ്‌സെലോ ലിപ്പിക്ക് കീഴിലാണ് ചൈന ഇന്നിറങ്ങുന്നത്. റാങ്കിങ്ങിൽ 76ആം സ്ഥാനത്ത് നിൽക്കുന്ന ചൈന 97ആം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയേക്കാൾ മികച്ചവരാണ്. എന്നാൽ മത്സരം തുടങ്ങമ്പോൾ ഇരു ടീമുകളും തുല്യരാണെന്ന് കഴിഞ്ഞ ദിവസ ഇന്ത്യൻ പ്രതിരോധ താരം അനസ് എടത്തൊടിക പറഞ്ഞിരുന്നു.

ഇന്ത്യയാവട്ടെ പ്രമുഖ താരങ്ങളെ എല്ലാം ഉൾപ്പെടുത്തിയാണ് ചൈനയിലേക്ക് യാത്ര തിരിച്ചത്. പാസ്സ്പോർട്ടിലെ പ്രശ്നങ്ങൾ കാരണം ബൽവന്ത് സിങ്ങിന് ചൈനയിലേക്ക് തിരിക്കാനായിട്ടില്ലെങ്കിലും ബാക്കിയുള്ള താരങ്ങൾക്ക് ബൽവന്തിന്റെ ഒഴിവ് നികത്താനാവുമെന്നാണ് ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനിന്റെ പ്രതീക്ഷ.  ഇന്ത്യ ഇന്ന് ചൈനക്കെതിരെ ഇറങ്ങുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ കൂടിയായ സന്ദേശ് ജിങ്കൻറെ കീഴിൽ ആവും. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്ന സുനിൽ ഛേത്രിയെ മാറ്റി ഇന്ത്യൻ പരിശീലകൻ സന്ദേശ് ജിങ്കനെ ഇന്ത്യൻ ക്യാപ്റ്റനാക്കിയത്.

ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിക് കുരുണിയനും ഇടം നേടിയിട്ടുണ്ട്. ഇവർക്ക് പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സന്ദേശ് ജിങ്കനും ഹാലിചരൺ നർസരിയും സ്റ്റീഫൻ കോൺസ്റ്റന്റൈനിന്റെ ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്.

ഇന്നത്തെ മത്സരം സ്റ്റാർ സ്പോർട്സ് 1,2,3 ചാനലുകൾക്ക് പുറമെ മലയാളത്തിൽ ഏഷ്യാനെറ്റ് മൂവിസിലും സംപ്രേഷണം ചെയ്യുന്നുണ്ട്.