റിട്ടയര്‍മെന്റ് പിന്‍വലിച്ച് തിരിച്ചുവരുവാന്‍ തയ്യാര്‍ – മോയിന്‍ അലി

ബ്രണ്ടന്‍ മക്കല്ലത്തിന്റെ പരിശീലനത്തിൽ ഇംഗ്ലണ്ടിനായി ടെസ്റ്റ് കളിക്കുവാനായി റിട്ടയര്‍മെന്റ് പിന്‍വലിച്ച് മടങ്ങി വരുവാന്‍ മോയിന്‍ അലി തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് മോയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

പാക്കിസ്ഥാനെതിരെയുള്ള നവംബര്‍ – ഡിസംബര്‍ കാലയളവിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് തിരികെ മടങ്ങിയെത്തുവാനുള്ള ആഗ്രഹം ആണ് താരം തുറന്ന് പറഞ്ഞത്. ഇംഗ്ലണ്ടിനായി 64 ടെസ്റ്റുകളിൽ നിന്ന് 195 വിക്കറ്റുകളും 2914 റൺസും ആണ് മോയിന്‍ അലി നേടിയിട്ടുള്ളത്.

പാക്കിസ്ഥാനിൽ തന്റെ കുടുംബ വേരുകള്‍ ഉള്ളതിനാൽ തന്നെ പാക്കിസ്ഥാനിൽ കളിക്കുവാന്‍ ആഗ്രഹം ഉണ്ടെന്നാണ് മോയിന്‍ അലി വ്യക്തമാക്കിയത്. ബ്രണ്ടന്‍ മക്കല്ലത്തിന് തന്റെ സേവനം ആവശ്യമെങ്കിൽ താന്‍ മടങ്ങി വരുവാന്‍ തയ്യാറാണെന്നാണ് മോയിന്‍ അലി കൂട്ടിചേര്‍ത്തത്.